Articles

കൊടുങ്ങല്ലൂരിലെ വര്‍ത്തമാനങ്ങള്‍

കൊടുങ്ങല്ലൂരിലെ വര്‍ത്തമാനങ്ങള്‍
X
slug-avkshngl-nishdnglബാബുരാജ് ബി എസ്

ഒരു ബൈക്ക് ഫിറോസിന്റെ പ്രസ്സിനു മുന്നില്‍ നിര്‍ത്തി. പാന്റും ഷര്‍ട്ടും കൈയില്‍ കാവിച്ചരടുമായി ഒരു പയ്യന്‍. അവന്‍ ആശങ്കയോടെ അകത്തേക്കു നോക്കി.
''ഇക്കാ, ബൈക്കിലൊട്ടിക്കണാള്‍ടെ സ്റ്റിക്കറെവിടെ കിട്ടും?'' ഫിറോസിന് അദ്ഭുതം. ''ഏത് സ്റ്റിക്കര്‍?''
പയ്യന് സംശയമില്ല, ഇത്തരം ഗുലുമാലുകളൊക്കെ ഫിറോസ്‌ക്കക്കേ അറിയൂ. അവന് നിശ്ചയമാണ്. അറിഞ്ഞിട്ടും പറയാത്തതില്‍ അവന്‍ അക്ഷമ കാണിച്ചു.
''അതേ...ന്നേ ബൈക്കിലൊട്ടിക്കണ നക്ഷത്രമുള്ള തൊപ്പിവച്ച...''
ഫിറോസിന് തലയില്‍ ബള്‍ബ് കത്തി... ''ചെഗുവേര.''
ഫിറോസ് അകത്തേക്ക് നീട്ടിവിളിച്ചു: ''എടാ അതെവിടെക്കിട്ടും?''
അകത്ത് പ്രിന്റര്‍, ഡിവൈഎഫ്‌ഐ യൂനിറ്റ് സെക്രട്ടറിയാണ്. അവന്‍ ഗൗരവത്തിലാണ്. കാവിക്കാരന് ചെഗുവേരയുടെ സ്റ്റിക്കര്‍ കിട്ടുന്ന സ്ഥലം പറഞ്ഞുകൊടുക്കില്ല. ഒടുവില്‍ അവന്‍ അയഞ്ഞു. ചെഗുവേരയുടെ സ്റ്റിക്കറുള്ള ബൈക്കുമായി പയ്യന്‍ ഗൗരവത്തില്‍ വണ്ടിയോടിച്ചുപോയി.
ഇതു നാലു വര്‍ഷം മുമ്പുള്ള കഥ. പുതിയ കഥയില്‍ ചെഗുവേര തല്ലുകിട്ടാനുള്ള എളുപ്പമാര്‍ഗമാണ്. അങ്ങനെ തല്ലിയതിനെതിരേയുള്ള പ്രതിഷേധങ്ങള്‍ അവസാനിച്ചത് ഈ ചൊവ്വാഴ്ചയാണ്. കൊടുങ്ങല്ലൂരിലെ സാനുമാഷിന്റെ ഡ്രോയിങ് സ്‌കൂളിലെ കുട്ടികള്‍ക്കാണ് ദുര്‍ഗതിയുണ്ടായത്. കൊടുങ്ങല്ലൂരിനടുത്തുള്ള എടവിലങ്ങ് സര്‍ക്കാര്‍ ഹയര്‍ സെക്കന്‍ഡറി സ്‌കൂളില്‍ ഉപജില്ലാ വിദ്യാരംഗം കലാസാഹിത്യവേദിയുടെ നേതൃത്വത്തില്‍ നടന്ന പരിപാടിയില്‍ ചെഗുവേരയുടെ ചിത്രം പ്രദര്‍ശിപ്പിച്ചത് സാനുമാഷുടെ ശിഷ്യ അഞ്ജനയാണ്. വരയ്ക്കാന്‍ എളുപ്പമുള്ള ചിത്രം വരയ്ക്കണമെന്നേ അഞ്ജനയ്ക്കുണ്ടായിരുന്നുള്ളൂ. ആ ചിത്രമാണ് അഞ്ജന പ്രദര്‍ശനത്തിനയച്ചത്. ചെഗുവേരയുടെ ചിത്രം പ്രദര്‍ശനത്തില്‍ വച്ചത് സംഘപരിവാര പ്രവര്‍ത്തകര്‍ക്ക് സഹിച്ചില്ല. ചിത്രം ഉടന്‍ മാറ്റണമെന്ന് അവര്‍ ഭീഷണി മുഴക്കി.
കാര്യം അവിടെ തീരുമെന്നാണു കരുതിയത്. പകരം തുടങ്ങുകയായിരുന്നു. വൈകീട്ട് അഞ്ജനയുടെ സുഹൃത്തും പ്രദര്‍ശനത്തിലെ സഹായിയുമായിരുന്ന 17 വയസ്സുകാരന്‍ സുമിത്തിനെ സംഘപരിവാര പ്രവര്‍ത്തകര്‍ ആക്രമിച്ചു. സുമിത്ത് പരിക്കുകളോടെ ആശുപത്രിയിലായി. രണ്ടു ദിവസം അവിടെ കിടന്നു.
മുമ്പും ചെഗുവേരയുടെ ചിത്രം പതിച്ച ബൈക്കില്‍ കൊടുങ്ങല്ലൂര്‍ ക്ഷേത്രസന്ദര്‍ശനത്തിനെത്തിയ നിരവധി യുവാക്കള്‍ സംഘപരിവാര സംഘടനകളുടെ കൈക്കരുത്തറിഞ്ഞിട്ടുണ്ട്. അവരില്‍ ചിലര്‍ അതീവ ഭാഗ്യമുള്ളവരായിരുന്നു. അവര്‍ക്ക് ശരീരത്തില്‍ പോറലേറ്റില്ല, അവരുടെ വണ്ടികളുടെ കാറ്റഴിച്ചുവിടുക മാത്രമേ ചെയ്തിരുന്നുള്ളൂ. ചെഗുവേരയുടെ ചിത്രമുള്ള ബാഗുമായി കോളജില്‍ പോയ വിദ്യാര്‍ഥിക്കും പലതവണ തല്ലുകിട്ടിയിട്ടുണ്ട്.
ചെഗുവേരയ്ക്കു പുറമേ മറ്റൊരു ഇരകൂടി കൊടുങ്ങല്ലൂരിലുണ്ട്- ചുവന്ന മുണ്ട്. ചാലക്കുടിയിലെ ചില യുവാക്കള്‍ക്കാണ് ചുവന്ന മുണ്ട് ആപത്ത് ക്ഷണിച്ചുവരുത്തിയത്. ചുവന്ന മുണ്ടും കറുത്ത ഷര്‍ട്ടുമായി ക്ഷേത്രത്തിലെത്തിയതായിരുന്നു രണ്ടു പേര്‍. ചുവന്ന മുണ്ടുടുക്കുന്നതില്‍ പ്രത്യേക ഉദ്ദേശ്യമൊന്നുമുണ്ടായിരുന്നില്ല. രസം തോന്നി, ഉടുത്തു. അത്ര തന്നെ. പക്ഷേ, ആ ക്ഷേത്രസന്ദര്‍ശനം അവര്‍ക്ക് മറക്കാനാവാത്ത അനുഭവം നല്‍കി. ചാലക്കുടിയില്‍നിന്ന് ആളെത്തിയാണ് ആക്രമിക്കപ്പെട്ട രണ്ടുപേരെ ആശുപത്രിയിലെത്തിച്ചത്. പിറ്റേദിവസം 25 ചാലക്കുടിക്കാരായ ചുവന്ന മുണ്ടുകാര്‍ കൊടുങ്ങല്ലൂരില്‍ തലങ്ങും വിലങ്ങും നടന്നു. ബുദ്ധിയല്ല, ശക്തിയാണ് പ്രധാനമെന്നു വിശ്വസിക്കുന്നതുകൊണ്ടാവാം, സംഘപരിവാരശക്തികള്‍ അതു കാര്യമാക്കിയില്ല. 25 പേരും തിരിച്ചുതല്ലാനാവാതെ നിരാശരായി മടങ്ങി!
കൊടുങ്ങല്ലൂരില്‍ ക്രിസ്മസ് നക്ഷത്രം വില്‍ക്കാത്ത കടകള്‍ ധാരാളമുണ്ട്. ആരും തടയുമെന്നു വിചാരിച്ചിട്ടല്ല. ആരും തടഞ്ഞിട്ടുമില്ല. പക്ഷേ, ആരും വില്‍ക്കാന്‍ തയ്യാറാവുന്നില്ല. അടുത്ത ഹര്‍ത്താല്‍ ദിനത്തില്‍ തങ്ങളുടെ വ്യാപാരസ്ഥാപനം ആക്രമിക്കപ്പെടാതിരിക്കണമെങ്കില്‍ തങ്ങള്‍ നക്ഷത്രം വില്‍ക്കരുതെന്ന് കൊടുങ്ങല്ലൂരിലെ ബുദ്ധിമാന്മാരായ വ്യാപാരികള്‍ക്കറിയാം. കടകള്‍ ആക്രമിക്കപ്പെട്ടപ്പോള്‍ പ്രതിഷേധിച്ച വ്യാപാരിനേതാവിന്റെ ദുരനുഭവം ആരു മറന്നാലും അവര്‍ മറക്കില്ല.
പ്രാദേശിക പത്രപ്രവര്‍ത്തകരാണ് മറ്റൊരു കൂട്ടര്‍. ആര്‍ക്കും ജില്ലാ ബ്യൂറോകളിലിരുന്ന് നെടുങ്കന്‍ വാര്‍ത്തകള്‍ തട്ടാം. പക്ഷേ, നാട്ടുകാരനായ പ്രാദേശിക പത്രക്കാരനാണെങ്കില്‍ പണി പാളും. വാര്‍ത്തയെഴുതിയവന്റെ വീട്ടില്‍ വന്നായിരിക്കും സംഘപരിവാരം മറുപടി പറയുന്നത്. സത്യസന്ധമായി വാര്‍ത്തയെഴുതിയ കേരളകൗമുദി ലേഖകന്റെ വീടുകയറി ആക്രമിച്ച സംഭവംപോലുമുണ്ടായി.
കൊടുങ്ങല്ലൂരും പല പ്രദേശങ്ങളും ദ്വീപുകള്‍പോലെയാണ്. ഒരു പ്രദേശത്തുകാര്‍ മറ്റു പ്രദേശത്തേക്കു പോവുകയില്ല. എത്രയോ കൊല്ലമായി കൊടുങ്ങല്ലൂര്‍ ടൗണില്‍ കാലുകുത്താത്ത സിപിഎമ്മുകാരുണ്ട്. ഓരോരുത്തരും തങ്ങളുടെ ഇടങ്ങളില്‍ ജീവിതം കഴിച്ചുകൂട്ടുന്നു. സ്വന്തം സ്‌കൂള്‍, സ്വന്തം പോസ്‌റ്റോഫിസ്, സ്വന്തം ബാങ്ക്. കൊടുങ്ങല്ലൂര്‍ നമ്മുടെ ദുരന്തപൂര്‍ണമായ നാളെയിലേക്കുള്ള ഒരു ചൂണ്ടുപലകയാണോ? ി
Next Story

RELATED STORIES

Share it