കൊടും ശൈത്യത്തില്‍ വിറങ്ങലിച്ച് നേപ്പാള്‍ ഭൂചലനത്തിലെ ഇരകള്‍

കാഠ്മണ്ഡു: രാജ്യത്തെ പിടിച്ചുകുലുക്കിയ ഭൂചലനത്തില്‍ സര്‍വതും നഷ്ടപ്പെട്ട് പെരുവഴിയിലായ നേപ്പാള്‍ ജനതയ്ക്ക് ഇരുട്ടടിയായി കൊടും ശൈത്യവും.
ഒമ്പതു മാസം മുമ്പ് രാജ്യത്തെ കശക്കിയെറിഞ്ഞ റിക്ടര്‍ സ്‌കെയിലില്‍ 7.8 തീവ്രത രേഖപ്പെടുത്തിയ ഭൂചലനത്തില്‍ 8000ത്തോളം പേരാണു മരിച്ചത്. പതിനായിരങ്ങള്‍ ഭവനരഹിതരാവുകയും ചെയ്തു.
അഭയാര്‍ഥി ക്യാംപുകളിലും തുറസ്സായ ഇടങ്ങളിലും ജീവിതം തള്ളിനീക്കുന്ന പതിനായിരങ്ങള്‍ കൊടും ശൈത്യത്തില്‍ വന്‍ ദുരിതമാണ് അനുഭവിക്കുന്നത്. എല്ലാം നഷ്ടമായ ജനങ്ങളെ കൊടും ശൈത്യത്തില്‍ എങ്ങനെ സംരക്ഷിച്ചുനിര്‍ത്തണമെന്ന് അറിയാതെ നേപ്പാള്‍ സര്‍ക്കാര്‍ പകച്ചുനില്‍ക്കുകയാണെന്ന് മാധ്യമങ്ങള്‍ റിപോര്‍ട്ട് ചെയ്യുന്നു. ഭൂകമ്പ ദുരിതബാധിതരായ എല്ലാ കുടുംബങ്ങള്‍ക്കും ശൈത്യത്തെ നേരിടാന്‍ 100 ഡോളര്‍ സര്‍ക്കാര്‍ അനുവദിച്ചിട്ടുണ്ട്.
എന്നാല്‍, ദുരന്തമുണ്ടായ ഉള്‍നാടന്‍ ഗ്രാമപ്രദേശങ്ങളില്‍ ജനങ്ങള്‍ ഭക്ഷണത്തിനു വക കാണാതെ ദുരിതമനുഭവിക്കുകയാണ്. കമ്പിളി വാങ്ങാനായി സര്‍ക്കാര്‍ നല്‍കുന്ന 100 ഡോളര്‍ ഭക്ഷണത്തിനായി ചെലവഴിക്കുകയാണ് പലരും.
അതുതന്നെ കുറഞ്ഞ ദിവസത്തേക്കു മാത്രമേ തികയുകയുള്ളൂവെന്നും നാട്ടുകാര്‍ പറയുന്നു. ഭൂകമ്പം ഏറ്റവും കൂടുതല്‍ ബാധിച്ചത് സിദ്ധുപാല്‍ചൗക്ക് ജില്ലയെയാണ്. ഇവിടെ കൊടുംശൈത്യത്തില്‍ ആറുപേര്‍ മരിച്ചതായാണ് റിപോര്‍ട്ട്.
തകര്‍ന്നുവീണ വീടുകളും കെട്ടിടങ്ങളുമെല്ലാം നിര്‍മിക്കുന്നത് ഒച്ചിഴയുന്ന വേഗത്തിലാണെന്നും ഇതു ജനങ്ങളുടെ ദുരിതത്തിന് വേഗം കൂട്ടുകയാണെന്നുമാണ് ജില്ലാ കലക്ടര്‍ ഗോകര്‍ണ മാണി ദുവാദ് പറഞ്ഞത്. കഴിഞ്ഞ വര്‍ഷം ഏപ്രിലിലാണു ഭൂകമ്പമുണ്ടായത്. എന്നാല്‍, തകര്‍ന്ന വീടുകളും കെട്ടിടങ്ങളും നിര്‍മിക്കുന്നതിനുള്ള പുനര്‍നിര്‍മാണ അതോറിറ്റിയെ നിയമിച്ചത് ഈയിടെയാണെന്നും ജില്ലാ കലക്ടര്‍ പറഞ്ഞു.
Next Story

RELATED STORIES

Share it