thiruvananthapuram local

കൊടുംചൂടില്‍ പശുക്കള്‍ ചത്തൊടുങ്ങുന്നു; ക്ഷീരകര്‍ഷകര്‍ പ്രതിസന്ധിയില്‍

കോവളം: കൊടുംചൂടില്‍ പശുക്കള്‍ ചത്തൊടുങ്ങുന്നു. ക്ഷീരകര്‍ഷകര്‍ കടുത്ത പ്രതിസന്ധിയില്‍. വെങ്ങാനൂര്‍, വെണ്ണിയൂര്‍, സിസിലിപുരം പ്രദേശങ്ങളില്‍ കഴിഞ്ഞ ദിവസം ചത്തത് നാലു പശുക്കള്‍. നിരവധി പശുക്കള്‍ മരണത്തിന്റെ വക്കില്‍. പാല്‍ലഭ്യത തീരെ കുറഞ്ഞു.
30 ലിറ്ററിലധികം പാല്‍ ലഭിച്ചിരുന്ന പശുക്കളില്‍ നിന്നു ലഭിക്കുന്നത് 2, 3 ലിറ്റര്‍ പാല്‍ മാത്രമാണ്. കാലികളെ ചികില്‍സിക്കാനോ തീറ്റ കൊടുക്കാനോ പോലും സാധിക്കാതെ തങ്ങള്‍ പ്രതിസന്ധിയിലാണെന്ന് കര്‍ഷകര്‍ പറയുന്നു.
സിസിലിപുരം രവീന്ദ്രന്‍ എന്ന കര്‍ഷകന്റെ രണ്ടു പശുക്കള്‍, നെല്ലിവിള ബിനുവിന്റെ ഒരു പശു, അമരവിള ജയചന്ദ്രന്റെ ഒരു പശു എന്നിവയാണ് കഴിഞ്ഞ ദിവസം ചത്തത്. ചൂടു കാരണം കാലാവസ്ഥയിലുണ്ടായ വ്യതിയാനം താങ്ങാനാവാതെയാണ് പശുക്കള്‍ ചാവുന്നതെന്നാണ് കര്‍ഷകര്‍ പറയുന്നത്. ആഹാരം കഴിക്കാതെ വായില്‍ നിന്നു നീരൊലിപ്പിച്ചുനില്‍ക്കുന്ന പശുക്കള്‍ രണ്ടുമൂന്നു ദിവസത്തിനുള്ളില്‍ തളര്‍ന്നുവീഴുന്നു. പിന്നെ ചികില്‍സയുടെ ദിനങ്ങളാണ്. ചികില്‍സയില്‍ രക്ഷപ്പെട്ടാലും പാല്‍ലഭ്യത ഇല്ലാതാവുന്നു. ഇത്തരത്തില്‍ ഓരോ ക്ഷീരകര്‍ഷകനും ലക്ഷങ്ങളുടെ നഷ്ടമാണ് ഉണ്ടായിട്ടുള്ളത്.
നെല്ലിവിള ബിനുവിന്റെ ആറു പശുക്കള്‍ ഇത്തരത്തില്‍ പാല്‍ലഭ്യതയില്ലാതെ നില്‍ക്കുകയാണ്. പ്രദേശത്തെ നൂറുകണക്കിനു പശുക്കളാണ് പാല്‍ലഭ്യത ഇല്ലാതെ നില്‍ക്കുന്നത്. ഇറച്ചിക്കച്ചവടക്കാര്‍ പോലും പശുക്കളെ വാങ്ങുന്നില്ലെന്ന് കര്‍ഷകര്‍ പറയുന്നു. രക്ഷപ്പെടുന്ന പശുക്കള്‍ക്ക് അതിന്റെ വിലയേക്കാള്‍ തുക ചികില്‍സയ്ക്കായി വേണ്ടിവരുന്നതായും കര്‍ഷകര്‍ പറയുന്നു. ചാവുന്ന പശുക്കള്‍ക്കു മാത്രമേ ഇന്‍ഷുറന്‍സ് പരിരക്ഷ ലഭിക്കുന്നുള്ളൂ. മൃഗഡോക്ടര്‍മാരെ കൊണ്ടുവന്ന് ചത്ത പശുക്കളെ പോസ്റ്റ്‌മോര്‍ട്ടം നടത്തിക്കുന്നതും കര്‍ഷകര്‍ക്ക് ഏറെ ബുദ്ധിമുട്ട് ഉണ്ടാക്കുന്നു.
ക്ഷീരകര്‍ഷകര്‍ പ്രതിസന്ധിയിലായതോടെ നാട്ടില്‍ പാല്‍ലഭ്യതയും തീരെ കുറഞ്ഞിരിക്കുകയാണ്. പാലിനായി വീണ്ടും അന്യസംസ്ഥാനങ്ങളിലെ കവര്‍പാലാണ് നാട്ടുകാര്‍ ആശ്രയിക്കുന്നത്. പത്തും ഇരുപതും പശുക്കളെ വ്യാവസായിക അടിസ്ഥാനത്തില്‍ വളര്‍ത്തിവന്ന കര്‍ഷകര്‍ ലക്ഷക്കണക്കിന് രൂപയുടെ നഷ്ടത്തില്‍ നിരാശരായിരിക്കുകയാണ്. ക്ഷീരവികസന വകുപ്പോ മറ്റ് സര്‍ക്കാര്‍ ഏജന്‍സികളോ തങ്ങളെ തിരിഞ്ഞുനോക്കുന്നില്ലെന്ന് കര്‍ഷകര്‍ പരാതിപ്പെടുന്നു.
മൃഗാശുപത്രികളില്‍ നിന്നു മരുന്നുകള്‍ ഒന്നും കര്‍ഷകര്‍ക്ക് ലഭിക്കുന്നില്ല. മരുന്നുകള്‍ ലഭ്യമാണെന്നാണ് സര്‍ക്കാര്‍ അവകാശപ്പെടുന്നത്. എന്നാല്‍, കാലികളെ രക്ഷിക്കാന്‍ കര്‍ഷകര്‍ ആശ്രയിക്കുന്നത് സ്വകാര്യ മെഡിക്കല്‍ സ്‌റ്റോറുകളെയാണ്. ഈ സ്ഥിതി തുടര്‍ന്നാല്‍ തങ്ങള്‍ക്ക് ആത്മഹത്യയല്ലാതെ മറ്റ് മാര്‍ഗങ്ങളൊന്നും മുന്നിലില്ലെന്ന് കര്‍ഷകര്‍ പറയുന്നു.
Next Story

RELATED STORIES

Share it