കൊടുംചൂടിലേക്ക്; ഏപ്രില്‍-ജൂണ്‍ മാസങ്ങളില്‍ കേരളത്തില്‍ കനത്ത ചൂടെന്ന് കാലാവസ്ഥാ നിരീക്ഷണകേന്ദ്രം

ന്യൂഡല്‍ഹി/തിരുവനന്തപുരം: കേരളത്തില്‍ കൊടുംചൂട് വരാനിരിക്കുന്നതായി കേന്ദ്ര കാലാവസ്ഥാ നിരീക്ഷണകേന്ദ്രത്തിന്റെ മുന്നറിയിപ്പ്. ഹരിയാന, ഹിമാചല്‍പ്രദേശ്, രാജസ്ഥാന്‍, ഉത്തരാഖണ്ഡ് സംസ്ഥാനങ്ങളിലും ഇത്തവണ കടുത്ത ചൂട് അനുഭവപ്പെടും.
ഡല്‍ഹി ഉള്‍പ്പെടെ ഉത്തരേന്ത്യയിലെ വിവിധ പ്രദേശങ്ങളില്‍ അടുത്ത 15 ദിവസത്തിനുള്ളില്‍ ഉഷ്ണക്കാറ്റ് വീശുമെന്നും കാലാവസ്ഥാ നിരീക്ഷണകേന്ദ്രം വ്യക്തമാക്കുന്നു. ദക്ഷിണേന്ത്യയില്‍ ഒരു ഡിഗ്രിയിലധികം ശരാശരി താപനിലയില്‍ വര്‍ധനയ്ക്ക് സാധ്യതയുള്ളത് കേരളത്തില്‍ മാത്രമാണ്. ഉഷ്ണകാലത്ത് രാജ്യത്തെ ശരാശരി താപനിലയില്‍ ഒരുഡിഗ്രി സെല്‍ഷ്യസിലധികം വര്‍ധന രേഖപ്പെടുത്തും.
1901നു ശേഷം ഏറ്റവും കൂടിയ താപനില രേഖപ്പെടുത്തിയ വര്‍ഷമാണ് 2015. എന്നാല്‍, അതിനേക്കാള്‍ ഭീകരമായേക്കും 2016 ഏപ്രില്‍-ജൂണ്‍ മാസങ്ങളിലെ ചൂടെന്നാണ് പ്രവചനം. കഴിഞ്ഞ വര്‍ഷത്തെ ഉയര്‍ന്ന താപനിലയ്ക്ക് കാരണമായ എല്‍ നിനോ പ്രതിഭാസം പസഫിക് സമുദ്രത്തില്‍ ഇപ്പോഴുമുണ്ട്. ചുടുകാറ്റും കൊടുംചൂടും സൂര്യാഘാതവും ഉള്‍പ്പെടെയുള്ള വിപത്തുകളെ നേരിടാന്‍ സ്വീകരിക്കേണ്ട മുന്‍കരുതല്‍ നടപടികള്‍ സംബന്ധിച്ച് ഉടന്‍ നിര്‍ദേശങ്ങള്‍ പുറത്തുവിടുമെന്ന് കാലാവസ്ഥാ നിരീക്ഷണകേന്ദ്രം അറിയിച്ചു.
വ്യാപക പരിസ്ഥിതി മലിനീകരണവും ഹരിതഗൃഹ വാതകങ്ങളുടെ ബഹിര്‍ഗമനവുമാണ് താപനില ഉയരാന്‍ കാരണമെന്നാണ് അധികൃതരുടെ വാദം. വടക്കേ ഇന്ത്യയില്‍നിന്നുള്ള വരണ്ടകാറ്റ് അടിച്ചുവീശുന്നതും ചില ദിവസങ്ങളില്‍ അസഹനീയമായി താപനില വര്‍ധിക്കാന്‍ കാരണമാവുന്നുണ്ട്.
കേരളത്തില്‍ കഴിഞ്ഞ വര്‍ഷത്തേക്കാള്‍ അഞ്ച് ഡിഗ്രി കൂടുതല്‍ ചൂടാണ് പലയിടങ്ങളിലും രേഖപ്പെടുത്തിയതെന്ന് തിരുവനന്തപുരം കാലാവസ്ഥാ നിരീക്ഷണകേന്ദ്രം ഡയറക്ടര്‍ കെ സന്തോഷ് അറിയിച്ചു. പതിവുപോലെ ഇക്കുറിയും പാലക്കാട്ടാണ് ഏറ്റവും കൂടുതല്‍ താപനില. ഇന്നലെ 40.3 ഡിഗ്രി ചൂടാണു പാലക്കാട്ട് രേഖപ്പെടുത്തിയത്.
തൊട്ടുപിന്നില്‍ കണ്ണൂര്‍ ജില്ലയാണ് 37.8 ഡിഗ്രി. കോഴിക്കോട് 37.4, കൊച്ചി 34.8, തിരുവനന്തപുരം 34.6 എന്നിങ്ങനെയാണ് ഇന്നലത്തെ കൂടിയ താപനില. മലപ്പുറത്തും ശരാശരിയെക്കാള്‍ മൂന്നു ഡിഗ്രി കൂടുതല്‍ ചൂടാണ് അനുഭവപ്പെട്ടത്.
ഈ സീസണിലെ ശരാശരി പകല്‍ച്ചൂട് 34.6 ഡിഗ്രിയാണ്. പകല്‍ച്ചൂടിനെ വെല്ലുന്നതാണ് രാത്രിയിലെ അത്യുഷ്ണം. വര്‍ഷംതോറും 0.01 ഡിഗ്രി അന്തരീക്ഷ ഊഷ്മാവ് വര്‍ധിക്കുന്ന പ്രവണതയാണു കണ്ടുവരുന്നത്. മാര്‍ച്ച് ഒന്നു മുതല്‍ 15 വരെ സംസ്ഥാനത്ത് 1.5 മുതല്‍ രണ്ട് ഡിഗ്രി വരെ ചൂട് കൂടിയിട്ടുണ്ട്. കഴിഞ്ഞ വര്‍ഷം ഏപ്രില്‍ മധ്യത്തില്‍ രേഖപ്പെടുത്തിയതിനേക്കാള്‍ കനത്ത ചൂടാണ് ഇത്തവണ മാര്‍ച്ച് പകുതിയോടെ അനുഭവപ്പെട്ടത്.
മാര്‍ച്ച് ഒന്നിനും 15നും ഇടയ്ക്ക് ആറു മില്ലിമീറ്റര്‍ വേനല്‍മഴ പ്രതീക്ഷിച്ചെങ്കിലും കിട്ടിയത് 0.8 മില്ലിമീറ്റര്‍ മാത്രം. ഇതിനിടയില്‍ പ്രാദേശികമായി ഒറ്റപ്പെട്ട മഴ ലഭിച്ചെങ്കിലും ഇതു ചൂടിന് ശമനമേകിയിട്ടില്ല.
Next Story

RELATED STORIES

Share it