കൊടുംകാട്ടില്‍ കാണാതായ ബാലനെ ആറു ദിവസത്തിനുശേഷം കണ്ടെത്തി

ടോക്കിയോ: ജപ്പാനിലെ കൊടുംകാട്ടിലകപ്പെട്ട് ശനിയാഴ്ച മുതല്‍ കാണാതായ ഏഴുവയസ്സുകാരനെ ആറു ദിവസത്തിനുശേഷം ജീവനോടെ കണ്ടെത്തി. കരടികളുടെ അധിവാസകേന്ദ്രംകൂടിയായ വനത്തില്‍ നിന്നുമാണു യമാതോ തനൂക യെ കണ്ടെത്തിയത്. കുട്ടി പൂര്‍ണ ആരോഗ്യവാനാണെന്നും ചെറിയ പരിക്കുകള്‍ മാത്രമേയുള്ളൂവെന്നും ഡോക്ടര്‍മാര്‍ അറിയിച്ചു. ഹൊക്കെയ്‌ഡോയിലെ ഷിക്കാബെയില്‍ സ്ഥിതിചെയ്യുന്ന സൈനിക പരിശീലന ക്യാംപിനടുത്താണ് തനൂകയെ കണ്ടെത്തിയത്. എനിക്ക് വിശക്കുന്നു ഭക്ഷണം വേണം എന്നാണ് കണ്ടെത്തിയ ഉടനെ കുട്ടി ആവശ്യപ്പെട്ടത്. ശിക്ഷ നല്‍കുന്നതിനായി മാതാപിതാക്കളാണു കുട്ടിയെ കാട്ടിലേക്കു പറഞ്ഞുവിട്ടത്. മാതാപിതാക്കള്‍ കുട്ടിയോടും രക്ഷാപ്രവര്‍ത്തകരോടും മാപ്പുപറഞ്ഞു. രാത്രികാലങ്ങളില്‍ താപനില ഒമ്പത് ഡിഗ്രി സെല്‍ഷ്യസ് വരെ കുറയുന്ന മേഖലയില്‍ വെറും ജീന്‍സും ടീഷര്‍ട്ടും മാത്രമായിരുന്നു കുട്ടിയുടെ വേഷം. കൊടും തണുപ്പിനെ കുട്ടി എങ്ങനെ അതിജീവിച്ചുവെന്ന് ആശ്ചര്യപ്പെടുകയാണു രക്ഷാപ്രവര്‍ത്തകരും മാതാപിതാക്കളും. പോരാത്തതിനു മേഖലയില്‍ കനത്ത മഴയും റിപോര്‍ട്ട് ചെയ്തിരുന്നു. കൊടും കാട്ടില്‍ മഴയും രക്ഷാപ്രവര്‍ത്തനത്തിനു തടസ്സംസൃഷ്ടിച്ചു. 180ഓളം പേരാണു രക്ഷാപ്രവര്‍ത്തനത്തില്‍ പങ്കെടുത്തത്. എന്തൊക്കെ സസ്യങ്ങളാണു ഭക്ഷിക്കാന്‍ പാടില്ലാത്തതെന്ന നാട്ടറിവ് വിഷസസ്യങ്ങള്‍ വളരുന്ന കാട്ടില്‍ കുട്ടിക്ക് അപകടം ഒഴിവാക്കിയെന്നു മാതാപിതാക്കള്‍ പറഞ്ഞു.
Next Story

RELATED STORIES

Share it