thrissur local

കൊടിയ പീഡനത്തിനിരയായ ഗണപതിയെന്ന ആനയെ വനംവകുപ്പും വെറ്ററിനറി ഡോക്ടറും പരിശോധിച്ചു



മാള: ആനപ്രേമികളുടെ ഇഷ്ടതോഴന്‍ വളഞ്ഞമ്പലം ഗണപതി എന്ന ആനയെ പരിശോധന നടത്താനായി വനം വകുപ്പു ദ്യോഗസ്ഥരും വെറ്ററിനറി ഡോക്ടറുമെത്തി. തിങ്കളാഴ്ച രാവിലെ എരവത്തൂര്‍ മേലാംതുരുത്തില്‍ സംഘം എത്തിയപ്പോള്‍ തലയാക്കുളം ക്ഷേത്രത്തിന് സമീപത്തായി ഒഴിഞ്ഞ പറമ്പിലാണ് ആന നിന്നിരുന്നത്. വിദഗ്ധ സംഘം എത്തി കൂടുതല്‍ വിശദമായ പരിശോധന നടത്തുമെന്ന് വനംവകുപ്പ്, വെറ്ററിനറി സംഘം അറിയിച്ചു. വളരെ വൃത്തിഹീനമായ സാഹചര്യത്തിലാണ് ആന നിന്നിരുന്നതെന്ന് പരിശോധനയില്‍ സംഘത്തിന് ബോധ്യമായി. ആനയുടെ കാലുകളിലും ശരീരമപ്പാടെയുമായി ഇരുപതോളം വ്രണങ്ങളുള്ളതായി മനസ്സിലാക്കിയ സംഘം മറ്റുകാര്യമായ ആരോഗ്യപ്രശ്‌നങ്ങള്‍ കാണാനായില്ലെന്നും പറഞ്ഞു. മര്‍ദ്ദനത്തില്‍ കാലുകളിലെ നഖങ്ങളില്‍ പലതും കൊഴിഞ്ഞ് പോയ നിലയിലാണ്. മുന്നിലേക്ക് നടക്കാന്‍ കഴിയാത്ത ആന പിന്നിലേക്ക് നടക്കാന്‍ ശ്രമിക്കുന്നുണ്ട്. മുന്‍കാലുകളില്‍ നല്ല രീതിയിലുള്ള നീരുണ്ട്. ആനയെ കൊണ്ടുപോയി ചികില്‍സ നല്‍കണമെന്ന് ഉടമയെ കണ്ടെത്തി ആവശ്യപ്പെടുമെന്നും ഉടമ ഏറ്റെടുക്കാന്‍ തയ്യാറായില്ലെങ്കില്‍ സര്‍ക്കാര്‍ ഏറ്റെടുക്കുമെന്നും സംഘം അറിയിച്ചു. സോഷ്യല്‍ ഫോറസ്ട്രി വിഭാഗം ചാലക്കുടി റേഞ്ച് ഓഫിസര്‍ ഇ എസ് സദാനന്ദന്‍, ഡെപ്യൂട്ടി റെയ്ഞ്ച് ഓഫിസര്‍ കെ ഡി ജോയ്, അസിസ്റ്റന്റ് വെറ്ററിനറി സര്‍ജന്‍ ഡോ. യു സി മിഥിന്‍ എന്നിവരാണ് പരിശോധനക്കായി എത്തിയത്. വിശദമായ പരിശോധന നടത്തിയ സംഘം റിപോര്‍ട്ട് കൈമാറും. 2014 ല്‍ ഇവിടെ എത്തിച്ച ആനയെ പുറംലോകം കാണിക്കാതെയാണ് തളച്ചിരുന്നത്. തൃപ്പൂണിത്തുറയില്‍ വച്ച് ഒരാളെ കൊന്നതിനെതുടര്‍ന്നാണ് ആനയെ ഇവിടെ എത്തിച്ചത്. കൊലപാതകത്തിന് ശേഷം ഉല്‍സവങ്ങള്‍ക്കും മറ്റും ആനയെ കൊണ്ടുപോവരുതെന്ന വനംവകുപ്പിന്റെ കര്‍ശ്ശന നിര്‍ദേശത്തെ തുടര്‍ന്നാണ് ആനയെ ഇവിടെ എത്തിച്ചത്. പിന്നീട് മാറി മാറി വന്ന പാപ്പാന്‍മാരെല്ലാം കൊടിയ മര്‍ദനമാണ് ആനക്കേല്‍പ്പിച്ചത്. ഏറെനാളായി ആനക്ക് ഇഷ്ടപ്പെട്ട പനംപട്ടയും മറ്റും നല്‍കിയിരുന്നില്ല എന്ന പരാതിയും നാട്ടുകാരിലുണ്ട്. 22 വയസ്സുള്ള ആനയെ കൊല്ലാകൊല ചെയ്യുകയായിരുന്നുവെന്ന ആക്ഷേപവും ഉയരുന്നുണ്ട്. എറണാകുളം വളഞ്ഞമ്പലത്തുള്ള ഒരു വ്യക്തിയുടേതാണ് ആനയെന്നാണ് നാട്ടുകാരില്‍ നിന്നുമുള്ള വിവരം. കൊടിയ മര്‍ദനംമൂലം അവശനായ ആനയെ രക്ഷിക്കണമെന്നാവശ്യപ്പെട്ട് ഹെറിട്ടേജ് അനിമല്‍ ടാക്‌സ് ഫോഴ്‌സ് സെക്രട്ടറിക്കും മുഖ്യമന്ത്രിക്കും ജില്ലാ കലക്ടര്‍ക്കും സംസ്ഥാന വനംവകുപ്പിനും പരാതി സമര്‍പ്പിച്ചിട്ടുണ്ട്. ആളൊഴിഞ്ഞ പറമ്പില്‍ കാറ്റും മഴയും മഞ്ഞും വെയിലുമേറ്റ് കഴിയുന്ന ആന കാഴ്ചക്കാരില്‍ നൊമ്പരമുയര്‍ത്തുകയാണ്.
Next Story

RELATED STORIES

Share it