കൊടിയിറക്കം നാളെ...

മോസ്‌കോ: ലോക ഫുട്‌ബോ ള്‍ മാമാങ്കത്തിനു നാളെ കൊടിയിറക്കം. പ്രവചനങ്ങള്‍ക്ക് അതീതമായ ലോകകപ്പിന്റെ ശുഭാവസാനം. ഫുട്‌ബോള്‍ രാജാക്കന്‍മാരുടെ പട്ടാഭിഷേകത്തിനു മണിക്കൂറുകള്‍ മാത്രം ശേഷിക്കെ തലയെടുപ്പോടെ കിരീടപ്പോരാട്ടത്തിനു തയ്യാറെടുക്കുകയാണു ഫ്രാന്‍സും ക്രൊയേഷ്യയും.
ഗ്രൂപ്പ് ഘട്ടങ്ങളിലെ ആദ്യ മല്‍സരങ്ങളില്‍ ഫ്രാന്‍സ് പേരിനൊത്ത പ്രകടനമല്ല കാഴ്ച വച്ചത്. അതിവിരസമായ ഫുട്‌ബോളിലൂടെ തപ്പിത്തടഞ്ഞു മല്‍സരം ജയിക്കുന്ന രീതി. ദുര്‍ബലരായ ആസ്‌ത്രേലിയക്കെതിരേ 2-1, പെറുവിനെതിരേ 1-0 എന്നീ വിജയങ്ങള്‍ സ്വന്തമാക്കിയ ഫ്രാന്‍സ് ഡെന്‍മാര്‍ക്കിനെതിരേ സമനിലയില്‍ കുരുങ്ങി. ഈ മല്‍സരങ്ങളിലെ ഫ്രാന്‍സിന്റെ പ്രകടനം കടലാസുകളില്‍ മാത്രമൊതുങ്ങുന്ന ശക്തിനിരയായി ടീം മാറുമോയെന്നു തോന്നിച്ചു. മല്‍സരത്തിലാകെ വീറും വാശിയും നഷ്ടപ്പെട്ട അവസ്ഥ. എന്നാല്‍ വിരസമായ ഫുട്‌ബോള്‍ ശൈലിയില്‍ നിന്ന് ആക്രമണ ഫുട്‌ബോളിന്റെ വശ്യതയിലേക്കു ഫ്രാന്‍സ് ചുവടു മാറ്റിയതു പ്രീ ക്വാര്‍ട്ടറില്‍ അര്‍ജന്റീനയ്‌ക്കെതിരായ മല്‍സരത്തിലാണ്. റഷ്യന്‍ ലോകകപ്പിലെ ഏറ്റവും മികച്ച ആക്രമണ-പ്രത്യാക്രമണ ഫുട്‌ബോ ള്‍ കണ്ട മല്‍സരത്തില്‍ അര്‍ജന്റീനയെ ഫ്രഞ്ച് പട 4-3നു പരാജയപ്പെടുത്തി. അര്‍ജന്റീനയുടെ പരിചയസമ്പന്നവും പ്രതിഭാ ധാരാളിത്തവുമുള്ള പ്രതിരോധനിരയെ ഫ്രാന്‍സ്  മൈതാനത്ത് 'ഓടി' തോല്‍പ്പിച്ചു. അതിവേഗ ഫ്രഞ്ച് ആക്രമണത്തിനു മുന്നില്‍ അര്‍ജന്റീന പ്രതിരോധം ആടിയുലഞ്ഞു. കെലിയന്‍ എംബാപ്പെയെന്ന പുത്തന്‍ താരോദയം കളംനിറഞ്ഞ് ഓടിക്കളിച്ചു രണ്ടു ഗോളുകള്‍ കണ്ടെത്തി കളിയിലെ താരമാവുകയും ചെയ്തു. പ്രതിരോധനിരയുടെ പാളിച്ചകള്‍ പ്രകടമായ മല്‍സരത്തില്‍ കൗണ്ടര്‍ അറ്റാക്കിങ് വിജയകരമായി നടപ്പാക്കി അര്‍ജ ന്റീനയെ തകര്‍ത്തു ഫ്രാന്‍സ് ക്വാര്‍ട്ടറിലെത്തി. ക്വാര്‍ട്ടര്‍ ഘട്ടത്തില്‍ ഉറുഗ്വേയെ 2-0ന് വീഴ്ത്തി ഫ്രാന്‍സ് സെമിയില്‍ പ്രവേശിച്ചപ്പോള്‍ ആക്രമണ ഫുട്‌ബോളിന്റെ വിരുന്നാണ് ആരാധകര്‍ക്കു ലഭിച്ചത്. സെമിയില്‍ ഗോളടിയന്ത്രങ്ങളായ ബെല്‍ജിയവും ഫ്രാന്‍സും നേര്‍ക്കുനേര്‍ വന്നപ്പോള്‍ അതിവേഗ കൗണ്ടര്‍ അറ്റാക്കിങിന്റെ മല്‍സരത്തിനു കായികലോകം സാക്ഷ്യംവഹിച്ചു. ആക്രമണ നിരയേക്കാള്‍ ഫ്രാ ന്‍സ് പ്രതിരോധം മികവുകാട്ടിയപ്പോ ള്‍ മല്‍സരത്തില്‍ ബെല്‍ജിയത്തിനു ഫ്രാന്‍സിനു മുന്നില്‍ തലകുനിക്കേണ്ടി വന്നു. ഹസാര്‍ഡും ലുക്കാക്കുവുമടങ്ങുന്ന റഷ്യന്‍ ലോകകപ്പിലെ ഏറ്റവും മികച്ച ആക്രമണനിരയെ ഫ്രഞ്ച് പ്രതിരോധം വരിഞ്ഞുമുറുക്കി. ആക്രമണത്തില്‍ നിന്നു പ്രതിരോധ ഫുട്‌ബോളിലേക്കുള്ള ഫ്രാന്‍സിന്റെ മാറ്റം മികച്ചുനിന്നു.
സ്വപ്‌നസമാനമായ യാത്രയെന്നു മാത്രമാണു ക്രൊയേഷ്യയുടെ ലോകകപ്പിലെ പ്രകടനത്തെ വിശേഷിപ്പിക്കാവുക. ഒന്നുമല്ലാതിരുന്ന ഒരു ടീം ഇന്നു ലോകഫുട്‌ബോളിന്റെ അമരത്തെത്തി നില്‍ക്കുന്ന കാഴചയെ മറ്റെങ്ങനെ വിശേഷിപ്പിക്കാനാവും?
ഓരോ മല്‍സരത്തെയും ഓരോ പാഠമായി സമീപിക്കുകയാണു ക്രൊയേഷ്യ. എതിരാളിയുടെ തന്ത്രങ്ങള്‍ മനസ്സിലാക്കി സ്വയം കളിമെനയുന്ന രീതി. എതിരാളികളെ സൂക്ഷ്മമായി പ ഠിക്കുമ്പോഴും തങ്ങളുടെ ദൗര്‍ബല്യവും ശക്തിയും ക്രൊയേഷ്യന്‍ ടീമിന് വ്യക്തമായി അറിയാമായിരുന്നു. മൂര്‍ച്ചയുള്ള മുന്നേറ്റതാരങ്ങളുടെ അഭാവം ഏറ്റവും മികച്ച  മധ്യനിര പ്രകടനത്തിലൂടെ അവര്‍ മറികടന്നു. പല അവസരങ്ങളിലും മധ്യനിര താരങ്ങള്‍ മുന്നോട്ടുവന്ന്് ലക്ഷ്യം കാണുന്ന അവസ്ഥ.
ഗ്രൂപ്പ് ഘട്ടത്തിലെ ആദ്യ മല്‍സരത്തില്‍ തന്നെ നിരീക്ഷകര്‍ നെറ്റിചുളിച്ച ടീമാണ് ക്രൊയേഷ്യ. നൈജീരിയയുടെ ആഫ്രിക്കന്‍ കരുത്തിനു മുന്നില്‍ എത്രമാത്രം പിടിച്ചുനില്‍ക്കാന്‍ ക്രൊയേഷ്യക്ക് ആകുമെന്നു പലരും സംശയിച്ചിരുന്നു. എന്നാല്‍ മല്‍സരത്തില്‍ ആഫ്രിക്കന്‍ പടയെ സ്ലാകോ ഡാലിച്ചിന്റെ ക്രൊയേഷ്യന്‍ പട വരിഞ്ഞുമുറുക്കി. എതിരില്ലാത്ത രണ്ടു ഗോളിന് മല്‍സരം ജയിച്ച് ക്രൊയേഷ്യ ലോകകപ്പിലെ തങ്ങളുടെ വരവറിയിച്ചു. രണ്ടാം മല്‍സരത്തില്‍ അട്ടിമറിയല്ല, മറിച്ച് അര്‍ജന്റീനയ്‌ക്കെതിരേ ആധികാരികമായി ക്രൊയേഷ്യ കളിച്ചു. എതിരില്ലാത്ത മൂന്നു ഗോളിന് ലാറ്റിനമേരിക്കന്‍ പ്രതീക്ഷയെ തകര്‍ത്തുകളഞ്ഞു ക്രൊയേഷ്യ. ക്രൊയേഷ്യന്‍ മധ്യനിരയുടെ മൈതാനത്തെ സംഹാരരൂപം കണ്ട് നീലപ്പടയ്ക്കു നോക്കിനില്‍ക്കാന്‍ മാത്രമേ സാധിച്ചുള്ളൂ. ഈ മല്‍സരം മുന്നോട്ടുള്ള ടീമിന്റെ പ്രയാണത്തില്‍ ഉത്തേജകമായെന്നതു തീര്‍ച്ച. ഗാലറി മുഴുവന്‍ അര്‍ജന്റീനയ്ക്കായി ആര്‍ത്തുവിളിച്ചപ്പോള്‍ അവരെയെല്ലാം നിശ്ശബ്ദരാക്കി റാക്കിറ്റിച്ചും മോഡ്രിച്ചും അര്‍ജന്റീനയില്‍ നിന്നും വിജയം പിടിച്ചെടുത്തു.
ഐസ്ലന്‍ഡിനെ തകര്‍ത്തു പ്രീ ക്വാര്‍ട്ടറില്‍ കയറിയ ടീം വിയര്‍ത്താണെങ്കിലും ഡെന്‍മാര്‍ക്കിനെതിരേ ജയിച്ചു. ക്രൊയേഷ്യന്‍ പ്രതിരോധത്തെ പൂട്ടിയ ഡെന്‍മാര്‍ക്കിനെ അതേ നാണയത്തില്‍ തളച്ചിട്ട് പെനല്‍റ്റി ഷൂട്ടൗട്ടിലൂടെ ടീം വിജയമെടുത്തു. നോക്കൗട്ട് ഘട്ടത്തിലെല്ലാം ക്രൊയേഷ്യ അധിക സമയത്ത് കളിച്ചാണ് ഫൈനലിലെത്തുന്നത്.
ക്വാര്‍ട്ടറില്‍ റഷ്യക്കെതിരേയും സെമിയില്‍ ഇംഗ്ലണ്ടിനെയും തകര്‍ത്തത് അധിക സമയത്ത്. ഈ മല്‍സരത്തിലെ വിജയമെല്ലാം ആവേശം നല്‍കിയത് കളിക്കാരേക്കാള്‍ കളിപ്രേമികള്‍ക്കാണ്. തലക്കനങ്ങളില്ലാതെ എത്തിയ ഒരു രാജ്യം അതിസുന്ദരമായ ഫുട്‌ബോള്‍ കാഴ്ച വച്ച് കിരീടത്തിനരികില്‍ എത്തിനില്‍ക്കുന്ന മുഹൂര്‍ത്തം.
Next Story

RELATED STORIES

Share it