kozhikode local

കൊടിയത്തൂരിലെ കനത്ത പരാജയം; നേതൃമാറ്റം വേണമെന്ന് ലീഗില്‍ ആവശ്യം

മുക്കം: തദ്ദേശ സ്വയംഭരണ തിരഞ്ഞെടുപ്പില്‍ കൊടിയത്തൂര്‍ ഗ്രാമപ്പഞ്ചായത്തിലേറ്റ കനത്ത പരാജയത്തിന്റെ അടിസ്ഥാനത്തില്‍ കൊടിയത്തൂര്‍ പഞ്ചായത്ത് മുസ്‌ലിം ലീഗ് കമ്മിറ്റിയില്‍ നേതൃമാറ്റ ആവശ്യം ശക്തമായി. തോല്‍വിയുടെ ഉത്തരവാദിത്തമേറ്റെടുത്ത് പഞ്ചായത്ത് പ്രസിഡന്റ് ജനറല്‍ സെക്രട്ടറി ഉള്‍പ്പെടെയുള്ളവര്‍ രാജിവെക്കണമെന്നാവാശ്യവുമായി ഒരു വിഭാഗം രംഗത്ത് വന്നിട്ടുണ്ട്.
പഞ്ചായത്ത് നേതൃത്വത്തിന്റെ നിരുത്തരവാദിത്തപരമായ പല തീരുമാനങ്ങളും തോല്‍വിക്ക് ആക്കം കൂട്ടിയതായി പ്രബല വിഭാഗം ആരോപിക്കുന്നു. പഞ്ചായത്ത് പ്രസിഡന്റ് മല്‍സര രംഗത്തിറങ്ങിയതും ജനറല്‍ സെക്രട്ടറി കാര്യമായി പ്രവര്‍ത്തിക്കാതിരുന്നതും എന്തുകൊണ്ടെന്നാണ് ഇവര്‍ ചോദിക്കുന്നത്. മുസ്‌ലിം ലീഗിന്റെ ശക്തികേന്ദ്രമായ ഒന്ന്, രണ്ട്, മൂന്ന്, പതിമൂന്ന്, പതിനാറ് വാര്‍ഡുകളിലെ തോല്‍വിക്ക് നേതൃത്വം മറുപടി പറയണമെന്നും ഇവര്‍ ആവശ്യപ്പെടുന്നു.
2, 13, 14, വാര്‍ഡുകളില്‍ ജനസമ്മതരായ സ്ഥാനാര്‍ഥികളെ നിര്‍ത്തിയിരുന്നെങ്കില്‍ ഇത് പിടിച്ചെടുക്കാമായിരുന്നു എന്നും നേതൃത്വത്തെ എതിര്‍ക്കുന്നവര്‍ പറയുന്നു. പഞ്ചായത്ത് ജനറല്‍ സെക്രട്ടറിയുടെ കാല്‍ച്ചുവട്ടില്‍ നിന്ന് മൂന്നാം വാര്‍ഡില്‍ യുഡിഎഫ് സ്ഥാനാര്‍ഥി തോറ്റതും എട്ടാം വാര്‍ഡില്‍ ഇടത് സ്ഥാനാര്‍ഥിക്ക് ഭൂരിപക്ഷം ഇരട്ടിയായതും നേതൃത്വത്തിന്റെ പരാജയമായി ഇവര്‍ ചൂണ്ടിക്കാണിക്കുന്നു. ഔദ്യോഗിക വിഭാഗം നിര്‍ത്തിയ മുഴുവര്‍ സ്ഥാനാര്‍ഥികളും പരാജയപ്പെട്ടപ്പോള്‍ മറുവിഭാഗത്തില്‍ നിന്ന് മല്‍സരിച്ച കെ വി അബ്ദുര്‍റഹ്മാന്‍ വിജയിച്ചത് നേതൃത്വം തിരിച്ചറിയണമെന്നും മറുവിഭാഗം പറയുന്നു.
ഇതിന് പുറമെ ജില്ലാ പഞ്ചായത്ത് ഡിവിഷനില്‍ മല്‍സരിച്ച സി കെ കാസിമിന് മികച്ച ഭൂരിപക്ഷം പഞ്ചായത്തില്‍ ലഭിച്ചപ്പോ ള്‍ പഞ്ചായത്ത് കമ്മിറ്റി പ്രസിഡ ന്റിന് ബ്ലോക്ക് ഡിവിഷനില്‍ ഭൂരിപക്ഷം ഗണ്യമായി കുറഞ്ഞത് ഇവരുടെ പിടിപ്പുകേട് കൊണ്ടാണന്നും മറുവിഭാഗം പറയുന്നു. മുന്‍ ഗ്രാമപ്പഞ്ചായത്ത് പ്രസിഡന്റ് കെ പി യു അലിയെ നേതൃസ്ഥാനത്തേക്ക് കൊണ്ട് വരണമെന്നും ഒരു വിഭാഗം ആവശ്യപ്പെടുന്നുണ്ട്.
കോണ്‍ഗ്രസ് മണ്ഡലം പ്രസിഡന്റ് തോല്‍വിയുടെ ഉത്തരവാദിത്തമേറ്റെടുത്ത് രാജി വച്ച സാഹചര്യത്തില്‍ ലീഗ് നേതൃത്വവും ഈ പാത പിന്‍തുടരണമെന്നും ആവശ്യമുയര്‍ന്നിട്ടുണ്ട്. ഇന്ന് നടക്കുന്ന പഞ്ചായത്ത് കമ്മിറ്റിയില്‍ ഈ വിഷയങ്ങള്‍ ശക്തമായി ഉന്നയിക്കാന്‍ തന്നെയാണ് പ്രബല വിഭാഗത്തിന്റെ തീരുമാനം. യോഗത്തില്‍ നേതൃത്വം രാജിവച്ചില്ലങ്കില്‍ മേല്‍ കമ്മിറ്റിയെ സമീപിക്കാനും ഇവര്‍ തീരുമാനിച്ചിട്ടുണ്ട്. രാജി തീരുമാനത്തെ നേതൃത്വം പ്രതിരോധിച്ചാല്‍ ഇന്ന് നടക്കുന്ന യോഗം പ്രക്ഷുബ്ധമാവും.
Next Story

RELATED STORIES

Share it