Flash News

കൊടിഞ്ഞി ഫൈസല്‍ വധം : കുറ്റപത്രം ഇനിയും സമര്‍പ്പിച്ചില്ല



തിരൂരങ്ങാടി: കൊടിഞ്ഞി ഫാറൂഖ് നഗറില്‍ ഫൈസല്‍ ദാരുണമായി വെട്ടേറ്റു മരിച്ച കേസി ല്‍ ഒരു വര്‍ഷമായിട്ടും അന്വേഷണ സംഘം കുറ്റപത്രം സമര്‍പ്പിച്ചില്ല. 2016 നവംബര്‍ 19നു പലര്‍ച്ചെയാണു പുല്ലാണി അനില്‍കുമാര്‍ എന്ന ഫൈസല്‍ ഇസ്‌ലാംമതം സ്വീകരിച്ചതിന്റെ പേരില്‍ ആര്‍എസ്എസ് പ്രവര്‍ത്തകരുടെ കൊലക്കത്തിക്കിരയായത്. സൗദിയിലെ റിയാദില്‍ ജോലി ചെയ്തിരുന്ന ഫൈസല്‍ കൊല്ലപ്പെടുന്നതിനു മാസങ്ങള്‍ക്കു മുമ്പാണ് മതം മാറിയത്. നാട്ടിലെത്തിയ ശേഷം തന്റെ ഭാര്യ ജസ്‌നയും മൂന്നു മക്കളും ഇസ്‌ലാം മതം സ്വീകരിച്ചു. ഇതോടെ മറ്റു ബന്ധുക്കള്‍ കൂടി ഫൈസലിന്റെ മാര്‍ഗം സ്വീകരിക്കുമോ എന്ന ആശങ്കയില്‍ ഫൈസലിന്റെ സഹോദരീ ഭര്‍ത്താവും ആര്‍എസ്എസ് പ്രവര്‍ത്തകനുമായ വിനോദ് ആണ് ആര്‍എസ്എസ് നേതാക്കളെ കാര്യങ്ങള്‍ ധരിപ്പിച്ചത്. ആര്‍എസ്എസ് പ്രവര്‍ത്തകര്‍ നന്നമ്പ്ര വെള്ളിയാമ്പുറം മേലേപ്പുറത്തെ വിദ്യാനികേതന്‍ സ്‌കൂളില്‍ യോഗം ചേര്‍ന്നു ഫൈസലിനെ വധിക്കാന്‍ ഗൂഢാലോചന നടത്തി. ഫൈസല്‍ അവധി കഴിഞ്ഞു സൗ—ദിയിലേക്കു മടങ്ങാനിരിക്കെ തലേദിവസമാണു വെട്ടേറ്റു മരിച്ചത്. ഗള്‍ഫിലേക്കു മടങ്ങുന്ന തന്നെ യാത്രയാക്കുന്നതിന് എത്തുന്ന തിരുവനന്തപുരം സ്വദേശികളായ ഭാര്യാ പിതാവിനെയും ബന്ധുക്കളെയും താനൂര്‍ റെയില്‍വേ സ്റ്റേഷനില്‍ നിന്നു കൂട്ടിക്കൊണ്ടു വരുന്നതിനായി തന്റെ ഓട്ടോയില്‍ പുലര്‍ച്ചെ പുറപ്പെട്ടതായിരുന്നു ഫൈസല്‍. നേരത്തെ വിവരമറിഞ്ഞ കൊലയാളി സംഘം, ബൈക്കില്‍ പിന്തുടര്‍ന്നു ഫൈസലിനെ വെട്ടിക്കൊലപ്പെടുത്തുകയായിരുന്നു. മലപ്പുറം ഡിവൈഎസ്പി പി എം പ്രദീപിന്റെ നേതൃത്വത്തിലായിരുന്നു ആദ്യം കേസന്വേഷണം. സംഭവം നടന്നു രണ്ടു മാസമായിട്ടും കേസന്വേഷണത്തില്‍ കാര്യമായ പുരോഗതിയില്ലാതെ അന്വേഷണം നിലച്ചു. ഇതോടെ അന്വേഷണ സംഘത്തെ മാറ്റണമെന്ന് ആവശ്യപ്പെട്ട് സര്‍വകക്ഷി നേതൃത്വത്തില്‍ കൊടിഞ്ഞിയില്‍ ഹര്‍ത്താലും സംസ്ഥാന, ദേശീയപാതകള്‍ ഉപരോധവുമുണ്ടായി. തുടര്‍ന്ന് അന്വേഷണം ജില്ലാ ക്രൈംബ്രാഞ്ച് ഡിവൈഎസ്പി ബാബുവിന്റെ നേതൃത്വത്തിലുള്ള സംഘത്തെ ഏല്‍പിച്ച് തൃശൂര്‍ റേഞ്ച് ഐജി ഉത്തരവിറക്കി. ക്രൈംബ്രാഞ്ച് അന്വേഷണത്തില്‍ ആര്‍എസ്എസ് നേതാക്കളടക്കം അഞ്ചുപേരെ കൂടി പിടികൂടി. കേസില്‍ അറസ്റ്റിലായ 16 പേര്‍ക്കും ജില്ലാ കോടതിയില്‍ നിന്നു ജാമ്യം ലഭിച്ചു. എന്നാല്‍ ജാമ്യം അനുവദിച്ചതിനെതിരേ ഹൈക്കോടതിയെ സമീപിക്കാന്‍ സര്‍ക്കാര്‍ തയ്യാറാവാത്തതും ഫൈസലിന്റെ കുടുംബത്തിനു ധനസഹായം നല്‍കിയതിലും ഭാര്യക്ക് ജോലി നല്‍കുന്നതിലുമുണ്ടായ സര്‍ക്കാര്‍ നിലപാട് ഏറെ പ്രതിഷേധത്തിനിടയാക്കി. കേസില്‍ സ്‌പെഷ്യല്‍ പബ്ലിക്് പ്രോസിക്യൂട്ടറെ നിയമിക്കണമെന്ന് ആവശ്യപ്പെട്ടു പി കെ അബ്ദുറബ്ബ് എംഎല്‍എ മുഖേന ഫൈസലിന്റെ മാതാവ് നല്‍കിയ അപേക്ഷയില്‍ ഏറെ വൈകിയാണു സര്‍ക്കാര്‍ തീരുമാനമെടുത്തത്. പോലിസ് അന്വേഷണത്തില്‍ കേസുമായി ബന്ധം കണ്ടെത്തിയ മൂന്ന് ആര്‍എസ്എസ് കേന്ദ്രങ്ങള്‍ക്കെതിരേയും പ്രതികളെ സഹായിച്ചവര്‍ക്കെതിരേയും നടപടിയെടുക്കാതെ ക്രൈംബ്രാഞ്ച് സംഘം അന്വേഷണം അവസാനിപ്പിച്ചതിലും ഏറെ പ്രതിഷേധമുണ്ട്. ഒരു വര്‍ഷമായിട്ടും കുറ്റപത്രം സമര്‍പ്പിച്ചിട്ടില്ല.
Next Story

RELATED STORIES

Share it