malappuram local

കൊടക്കല്‍ ടൈല്‍ ഫാക്ടറി ഭൂമി പിടിച്ചെടുക്കാന്‍ ഉത്തരവായി

തിരൂര്‍: കൊടക്കല്‍ ടൈല്‍ ഫാക്ടറി ഭൂമി പിടിച്ചെടുക്കാന്‍ സര്‍ക്കാര്‍ ഉത്തരവായി. നിലവില്‍ കമ്പനിയുടെ കൈവശത്തിലുണ്ടായിരുന്ന 46 ഏക്കര്‍ ഭൂമി തിരിച്ചു പിടിക്കാനാണ് സര്‍ക്കാര്‍ ഉത്തരവിറക്കിയിരിക്കുന്നത്. വര്‍ഷങ്ങള്‍ക്കു മുമ്പ് കമ്പനി പ്രവര്‍ത്തനം നിര്‍ത്തുകയും ഭൂമി പലരും കൈവശപ്പെടുത്തുകയും ചെയ്തിരുന്നു. സംഭവം ഏറെ വിവാദത്തിന് ഇടയാക്കിയതിനെതുടര്‍ന്നാണ് ഇപ്പോള്‍ ഭൂമി ഏറ്റെടുത്ത് സര്‍ക്കാര്‍ ഉത്തരവായിരിക്കുന്നത്.  ബ്രിട്ടന്‍ കോമണ്‍വെല്‍ത്തിന്റെ അധീനതയിലായിരുന്ന കൊടക്കല്‍ ടൈല്‍ ഫാക്ടറിക്ക് ഭൂമിയുടെ ജന്മിയായിരുന്ന ആഴ്‌വാഞ്ചേരി തമ്പ്രാക്കളാണ് കമ്പനിക്ക് 99 ഏക്കര്‍ ഭൂമി ലീസിന് നല്‍കിയത്. തുടര്‍ന്ന് ഭൂപരിഷ്‌ക്കരണ നിയമം വന്നപ്പോള്‍ ഭൂമി സര്‍ക്കാര്‍ അധീനതയിലായി. അതോടെ ഇതിലെ 35 ഏക്കര്‍ സര്‍ക്കാര്‍ മിച്ചഭൂമിയാക്കി  വീതിച്ചു കൊടുത്തു. ഭൂമി കൈവശം വെച്ച് കാത്തു സംരക്ഷിച്ചു പോന്നിരുന്ന കമ്പനി ഉടമയായ ചെട്ട്യാര്‍ക്ക് 15 ഏക്കറും നല്‍കി. ബാക്കിയുള്ള സ്ഥലം കമ്പനിക്ക് ഉപയോഗിക്കാന്‍ മാത്രം സര്‍ക്കാര്‍ നല്‍കുകയും കമ്പനി പ്രവര്‍ത്തനം നിര്‍ത്തുന്ന മുറക്ക് സര്‍ക്കാരിലേക്ക് പോകാനും വ്യവസ്ഥചെയ്തു. എന്നാല്‍ കമ്പനി പ്രവര്‍ത്തനം നിര്‍ത്തി പൊളിച്ചു പോയതോടെ സ്ഥലം പലരും കൈവശപ്പെടുത്തി. സര്‍ക്കാര്‍ ഈ വസ്തുക്കളുടെ നികുതി സ്വീകരിച്ചില്ല. 140 കുടുംബങ്ങളുടെ കൈവശത്തിലുള്ള വസ്തുവിന്റെ നികതി ഏറ്റെടുക്കാത്തത് സമരങ്ങള്‍ക്കു വരെ കാരണമായി. സംഭവം പ്രശ്‌നത്തിനിടയായതോടെ ഭൂമി കൈവശപ്പെടുത്തിയവര്‍ കോടതിയെ സമീപിച്ചു. അതിനിടയിലാണ് ടൈല്‍ ഫാക്ടറി ഭൂമി ഏറ്റെടുത്ത് സര്‍ക്കാര്‍ ഉത്തരവിറക്കിയിരിക്കുന്നത്. ഭൂമി ഏറ്റെടുത്തത് സംബന്ധിച്ച് പല വീട്ടുകാര്‍ക്കും റവന്യു വകുപ്പിന്റെ നോട്ടീസ് കിട്ടിത്തുടങ്ങി.
Next Story

RELATED STORIES

Share it