കൊച്ചി സ്മാര്‍ട്ട്‌സിറ്റി: അവകാശ വാദം പൊളിയുന്നു

കൊച്ചി: കൊച്ചി സ്മാര്‍ട്ട്‌സിറ്റി പദ്ധതിയില്‍ ആദ്യഘട്ടത്തില്‍ 27 കമ്പനികള്‍ എത്തുമെന്ന അധികൃതരുടെ വാദം പൊളിഞ്ഞു. എത്തിയത് 22 കമ്പനികള്‍. ഇതില്‍ രാജ്യാന്തര നിലവാരമുള്ള ഐടി കമ്പനികള്‍ വിരലിലെണ്ണാവുന്നവ മാത്രം. ആറെണ്ണം ഐടി ഇതര കമ്പനികള്‍. ഇതേത്തുടര്‍ന്ന് 12 വര്‍ഷത്തെ കാത്തിരിപ്പിനൊടുവില്‍ യാഥാര്‍ഥ്യമായ കൊച്ചി സ്മാര്‍ട്ട് സിറ്റി കേരളത്തിന് എത്രമാത്രം പ്രയോജനപ്പെടുമെന്ന കാര്യം കാത്തിരുന്നു കാണേണ്ട സാഹചര്യമാണുള്ളത്.
6.5 ലക്ഷം ചതുരശ്ര അടി ഐടി ടവര്‍ ഉള്‍പ്പെടുന്നതാണ് സ്മാര്‍ട്ട്‌സിറ്റിയുടെ ആദ്യഘട്ടം. ആദ്യ ഐടി ടവറിലെ 75 ശതമാനം സ്ഥലവും നിലവില്‍ 27 ഐടി കമ്പനികള്‍ പാട്ടത്തിനെടുത്തിട്ടുണ്ടെന്നും അവയില്‍ പലരും ഇന്റീരിയര്‍ ജോലികള്‍ ആരംഭിച്ചു കഴിഞ്ഞെന്നുമാണ് കഴിഞ്ഞ ദിവസം അധികൃതര്‍ അവകാശപ്പെട്ടത്. ഇതില്‍ നിരവധി പ്രമുഖ കമ്പനികളും ഉണ്ടെന്നും ഉദ്ഘാടനവേദിയില്‍ വച്ച് കമ്പനികളുടെ പേരുകള്‍ പ്രഖ്യാപിക്കുമെന്നുമായിരുന്നു അധികൃതര്‍ പറഞ്ഞത്.
എന്നാല്‍, കമ്പനികളുടെ പേരുകള്‍ ഉദ്ഘാടന വേദിയില്‍ പ്രഖ്യാപിച്ചില്ലെന്നു മാത്രമല്ല, മാധ്യമ പ്രവര്‍ത്തകരുടെ നിര്‍ബന്ധത്തെ തുടര്‍ന്നാണ് പിന്നീട് കമ്പനികളുടെ പേരുവിവരം പുറത്തുവിടാന്‍ തന്നെ അധികൃതര്‍ തയ്യാറായത്. പുറത്തുവിട്ട പട്ടികയില്‍ 22 കമ്പനികള്‍ മാത്രമാണുള്ളത്. ഇതില്‍ ആറെണ്ണം ഐടി ഇതര കമ്പനികളാണ്. ആദ്യഘട്ടത്തില്‍ എത്തിയിരിക്കുന്ന ഐടി കമ്പനികളില്‍ വിരലിലെണ്ണാവുന്നവ മാത്രമാണ് രാജ്യാന്തര കമ്പനികള്‍. ബാക്കിയുള്ളത് കേരളത്തില്‍ നിന്നുള്ള കമ്പനികള്‍ തന്നെയാണ്.
ലിറ്റില്‍ ജെംസ്, ഫ്രഷ് ഫാസ്റ്റ് ഫുഡ് പ്രൈവറ്റ് ലിമിറ്റഡ്, ഐഡിയ സെല്ലുലാര്‍, ആസ്റ്റര്‍ മെഡിസിറ്റി, സ്റ്റേറ്റ് ബാങ്ക് ഓഫ് ട്രാവന്‍കൂര്‍, ഐഎച്ച്‌ഐടിഎസ് ടെക്‌നോളജീസ് പ്രൈവറ്റ് ലിമിറ്റഡ്, ഡൈനാമിക് നെക്‌സറ്റ് ടെക്‌നോളജീസ് പ്രൈവറ്റ് ലിമിറ്റഡ്, വിട്രിയോ സൊലൂഷന്‍സ് പ്രൈവറ്റ് ലിമിറ്റഡ്, സൈനെറ്റ് സോഫ്റ്റ്‌വെയര്‍ സൊലൂഷന്‍സ്, എക്‌സാ സോഫ്റ്റ്‌വെയര്‍ സര്‍വീസസ്, ലോജിടിക്‌സ് ടെക്‌നോ ലാബ് എല്‍എല്‍പി, സായി ബിപിഒ സര്‍വീസസ്, മുസ്തഫ ആന്റ് അല്‍മന, സെവന്‍ നോഡ്‌സ് ടെക്‌നോളജി സൊലൂഷന്‍സ്, ടികെഎം ഇന്‍ഫോടെക്, ഡയമെന്‍ഷന്‍സ് സൊലൂഷന്‍സ്, മരിയാപ്‌സ് മറൈന്‍ സൊലൂഷന്‍സ്, ഡിആര്‍ഡി കമ്മ്യൂണിക്കേഷന്‍സ് ആന്റ് സോഫ്റ്റ്‌വെയര്‍, ഐബിഎസ് സോഫ്റ്റ് വെയര്‍ സര്‍വീസസ്, തുടങ്ങിയവയാണ്എന്നിവയാണ് ആദ്യഘട്ടത്തില്‍ എത്തിയിരിക്കുന്ന കമ്പനികള്‍.
ആദ്യഘട്ടം ഉദ്ഘാടനം കഴിഞ്ഞെങ്കിലും സ്മാര്‍ട് സിറ്റിയുടെ പ്രവര്‍ത്തനം പൂര്‍ണതോതില്‍ സജ്ജമാവുന്നതിന് നാലുമാസമെങ്കിലുമെടുക്കും. ആദ്യഘട്ടത്തില്‍ 5000 പേര്‍ക്കു മാത്രമെ തൊഴില്‍ ലഭിക്കുകയുള്ളൂ.
Next Story

RELATED STORIES

Share it