കൊച്ചി സ്മാര്‍ട്ട്‌സിറ്റി ഒന്നാംഘട്ടം ഇന്നു സമര്‍പ്പിക്കും

കൊച്ചി: ലോക ഐടി ഭൂപടത്തില്‍ ഇടംനേടുന്ന കേരളത്തിന്റെ സ്വപ്‌നപദ്ധതികളില്‍ ഒന്നായ കൊച്ചി സ്മാര്‍ട്ട്‌സിറ്റിയുടെ ഒന്നാംഘട്ടം ഇന്നു നാടിനു സമര്‍പ്പിക്കും. കാക്കനാട്ടെ പദ്ധതിപ്രദേശത്ത് രാവിലെ 11നാണ് ഉദ്ഘാടനസമ്മേളനം.
മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി, യുഎഇ കാബിനറ്റ്കാര്യ മന്ത്രിയും ദുബയ് ഹോള്‍ഡിങ് ചെയര്‍മാനുമായ മുഹമ്മദ് അല്‍ ഗര്‍ഗാവി, വൈസ് ചെയര്‍മാനും എംഡിയുമായ അഹ്മദ് ബിന്‍ ബ്യാത്, കൊച്ചി സ്മാര്‍ട്ട്‌സിറ്റി ചെയര്‍മാനായ മന്ത്രി പി കെ കുഞ്ഞാലിക്കുട്ടി, വൈസ് ചെയര്‍മാന്‍ ജാബിര്‍ ബിന്‍ ഹാഫിസ്, പ്രതിപക്ഷ നേതാവ് വി എസ് അച്യുതാനന്ദന്‍, ചീഫ് സെക്രട്ടറി ജിജി തോംസണ്‍, സ്മാര്‍ട്ട്‌സിറ്റി ഡയറക്ടര്‍ ബോര്‍ഡിലെ പ്രത്യേക ക്ഷണിതാവ് എം എ യൂസുഫലി, ജെംസ് ഗ്രൂപ്പ് ചെയര്‍മാന്‍ സണ്ണി വര്‍ക്കി, ഐബിഎസ് ചെയര്‍മാന്‍ വി കെ മാത്യൂസ്, കൊച്ചി സ്‌പെഷ്യല്‍ ഇക്കണോമിക് സോണ്‍ ഡെവലപ്‌മെന്റ് കമ്മീഷണര്‍ എ എന്‍ സഫീന ചടങ്ങില്‍ പങ്കെടുക്കും.
6.5 ലക്ഷം ചതുരശ്രയടി ഐടി ടവര്‍ ഉള്‍പ്പെടുന്നതാണ് പദ്ധതിയുടെ ആദ്യഘട്ടം. രണ്ടാംഘട്ടത്തിന്റെ നിര്‍മാണോദ്ഘാടനവും ഇതിനൊപ്പം നടക്കും. ആദ്യ ഐടി ടവറിലെ 75 ശതമാനം സ്ഥലവും 27 ഐടി കമ്പനികള്‍ പാട്ടത്തിനെടുത്തിട്ടുണ്ടെന്ന് സ്മാര്‍ട്ട്‌സിറ്റി വൈസ് ചെയര്‍മാന്‍ ജാബിര്‍ ബിന്‍ ഹാഫിസ് അറിയിച്ചു.
കമ്പനികളുടെ പേരുവിവരങ്ങള്‍ ഉദ്ഘാടനച്ചടങ്ങില്‍ പ്രഖ്യാപിക്കും. അടുത്ത നാലുമാസത്തിനകം കമ്പനികള്‍ പൂര്‍ണതോതില്‍ പ്രവര്‍ത്തനസജ്ജമാവുമെന്നും അദ്ദേഹം വ്യക്തമാക്കി. ഇതോടെ ഒന്നാംഘട്ടത്തില്‍ 5000ലേറെ പേര്‍ക്ക് ജോലി ലഭിക്കും. രണ്ടാംഘട്ടത്തില്‍ സാന്‍ഡ്‌സ് ഇന്‍ഫ്രാ ബില്‍ഡിന്റെ രാജ്യത്തെ ഏറ്റവും ഉയരംകൂടിയ ഐടി ടവറുള്‍പ്പെടെ ഏഴു ടവറുകളാണ് ഉണ്ടാവുക. 60,000ഓളം തൊഴിലവസരങ്ങള്‍ സൃഷ്ടിക്കുന്ന ഈ ഘട്ടത്തില്‍ ഐടി ഇതര പദ്ധതികളുമുണ്ടാവും. ഇതിന്റെ നിര്‍മാണം 30-36 മാസത്തിനകം പൂര്‍ത്തിയാക്കും.
കൊച്ചി സ്മാര്‍ട്ട്‌സിറ്റിയിലെ കമ്പനികള്‍ക്ക് ദുബയിലെയോ മാള്‍ട്ടയിലെയോ സ്മാര്‍ട്ട്‌സിറ്റിയില്‍ നേരിട്ടോ വെര്‍ച്വലോ ആയ സാന്നിധ്യമാവാമെന്ന് ഡയറക്ടര്‍ ബോര്‍ഡ് അംഗം ഡോ. ബാജു ജോര്‍ജ് പറഞ്ഞു.
Next Story

RELATED STORIES

Share it