കൊച്ചി സ്മാര്‍ട്ടായി; കേരളവും

കൊച്ചി: ഐടി സ്വപ്‌നങ്ങള്‍ക്കു പുതുജാലകം തുറന്ന് കേരളത്തിന്റെ സ്വപ്‌നപദ്ധതിയായ കൊച്ചി സ്മാര്‍ട്ട്‌സിറ്റി യാഥാര്‍ഥ്യമായി. കാക്കനാട്ടെ പദ്ധതിപ്രദേശത്ത് പ്രൗഢഗംഭീരമായിരുന്നു ഉദ്ഘാടനച്ചടങ്ങ്. ഡിജിറ്റല്‍ സ്‌ക്രീനിലൂടെ ഒഴുകിനീങ്ങിയ വിസ്മയ പശ്ചാത്തലത്തില്‍ കേരളത്തിന്റെയും യുഎഇയുടെയും നൂറ്റാണ്ട് പിന്നിട്ട ചരിത്രബന്ധം അനാവരണം ചെയ്താണ് ഇരു നാടുകളുടെയും ഭരണനേതൃത്വങ്ങള്‍ സ്വപ്‌നപദ്ധതിയുടെ കവാടങ്ങള്‍ തുറന്നുകൊടുത്തത്.
മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി, യുഎഇ മന്ത്രിയും ദുബയ് ഹോള്‍ഡിങ് ചെയര്‍മാനുമായ മുഹമ്മദ് അല്‍ ഗര്‍ഗാവി, ദുബയ് ഹോള്‍ഡിങ് വൈസ് ചെയര്‍മാനും മാനേജിങ് ഡയറക്ടറുമായ അഹ്മദ് ബിന്‍ ബയാത്, കേന്ദ്രമന്ത്രി രാജീവ് പ്രതാപ് റൂഡി, മന്ത്രി പി കെ കുഞ്ഞാലിക്കുട്ടി എന്നിവര്‍ ചേര്‍ന്ന് ആദ്യഘട്ടത്തിന്റെ ഉദ്ഘാടനം നിര്‍വഹിച്ചു. രണ്ടാംഘട്ട നിര്‍മാണപ്രവൃത്തിക്കും ഇതിനൊപ്പം തിരശ്ശീല ഉയര്‍ന്നു.
രാഷ്ട്രപതിഭവനില്‍നിന്നുള്ള തല്‍സമയ സംപ്രേഷണത്തില്‍ രാഷ്ട്രപതി പ്രണബ് മുഖര്‍ജിയുടെ സന്ദേശം പ്രസ് സെക്രട്ടറി വേണു രാജാമണി വായിച്ചു. ഇന്ത്യ-യുഎഇ ബന്ധത്തില്‍ പുത്തന്‍ നാഴികക്കല്ലാവും കൊച്ചി സ്മാര്‍ട്ട്‌സിറ്റിയെന്നു രാഷ്ട്രപതി പറഞ്ഞു. മന്ത്രിമാരായ കെ ബാബു, വി കെ ഇബ്രാഹീംകുഞ്ഞ്, പ്രഫ. കെ വി തോമസ് എംപി, എംഎല്‍എമാരായ ബെന്നി ബഹനാന്‍, ഡൊമിനിക് പ്രസന്റേഷന്‍, വി പി സജീന്ദ്രന്‍, ചീഫ് സെക്രട്ടറി ജിജി തോംസണ്‍, ഐടി വകുപ്പ് പ്രിന്‍സിപ്പല്‍ സെക്രട്ടറി പി എച്ച് കുര്യന്‍, പൊതുമരാമത്ത് വകുപ്പ് സെക്രട്ടറി എ പി എം മുഹമ്മദ് ഹനീഷ്, ജില്ലാ കലക്ടര്‍ എം ജി രാജമാണിക്യം, ഫോര്‍ട്ട് കൊച്ചി സബ് കലക്ടര്‍ എസ് സുഹാസ്, എം കെ ഗ്രൂപ്പ് മാനേജിങ് ഡയറക്ടര്‍ എം എ യൂസുഫലി, അബ്ദുല്‍ ലത്തീഫ് അല്‍ മുല്ല, അബ്ദുല്ല അല്‍ ഷറാഫി, കൊച്ചി സ്മാര്‍ട്ട്‌സിറ്റി വൈസ് ചെയര്‍മാന്‍ ജാബിര്‍ ബിന്‍ ഹഫീസ്, സിഇഒ ബാജു ജോര്‍ജ്, കൊച്ചി പ്രത്യേക സാമ്പത്തിക മേഖല ഡെവലപ്‌മെന്റ് കമ്മീഷണര്‍ ഡോ. എ എന്‍ സഫീന, ജെംസ് ഗ്രൂപ്പ് ചെയര്‍മാന്‍ സണ്ണി വര്‍ക്കി, ഐബിഎസ് ഗ്രൂപ്പ് ചെയര്‍മാന്‍ വി കെ മാത്യൂസ്, റീജ്യന്‍സി ഗ്രൂപ്പ് ചെയര്‍മാന്‍ ഷംസുദ്ദീന്‍ ബിന്‍ മുഹ്‌യുദ്ദീന്‍ പങ്കെടുത്തു.
Next Story

RELATED STORIES

Share it