Flash News

കൊച്ചി മെട്രോ പ്രധാനമന്ത്രി രാജ്യത്തിന് സമര്‍പ്പിച്ചു



കൊച്ചി: കേരളത്തിന്റെ സ്വപ്‌നപദ്ധതിയായ കൊച്ചി മെട്രോ രാജ്യത്തിനു സമര്‍പ്പിച്ചു. കലൂര്‍ രാജ്യാന്തര സ്റ്റേഡിയത്തിനു മുന്‍വശം പ്രത്യേകം തയ്യാറാക്കിയ വേദിയില്‍ നടന്ന പ്രൗഢഗംഭീരമായ ചടങ്ങില്‍ പ്രധാനമന്ത്രി നരേന്ദ്രമോദിയാണു വര്‍ഷങ്ങളായി കേരളം കാത്തിരിക്കുന്ന കൊച്ചി മെട്രോയുടെ ഉദ്ഘാടനം നിര്‍വഹിച്ചത്. നഗരാസൂത്രണത്തിലും വികസനത്തിലും അടിസ്ഥാനപരമായ മാറ്റങ്ങള്‍ ലക്ഷ്യം വച്ചുള്ള നടപടികളാണ് കേന്ദ്രസര്‍ക്കാര്‍ സ്വീകരിച്ചുവരുന്നതെന്നു പ്രധാനമന്ത്രി ഉദ്ഘാടനപ്രസംഗത്തില്‍ പറഞ്ഞു. ഗതാഗത വികസനവും ഭൂമിയുടെ കാര്യക്ഷമമായ ഉപയോഗവും ഏകോപിപ്പിച്ച് ജനങ്ങള്‍ക്ക് ആവശ്യമായ സൗകര്യങ്ങള്‍ ഒരുക്കുന്ന വികസനമാണു സര്‍ക്കാര്‍ ലക്ഷ്യമിടുന്നത്. രാജ്യത്തിന്റെ സമഗ്ര വികസനത്തിന് ഊന്നല്‍നല്‍കിക്കൊണ്ടുള്ള നയപരിപാടികളും പദ്ധതികളുമാണു കഴിഞ്ഞ മൂന്നുവര്‍ഷമായി കേന്ദ്രസര്‍ക്കാര്‍ നടപ്പാക്കിവരുന്നത്. റെയില്‍വേ, റോഡുകള്‍, ഊര്‍ജം എന്നീ മേഖലയ്ക്കാണു പ്രാധാന്യം നല്‍കിയത്. ചരക്കുകടത്ത്, ഡിജിറ്റല്‍, ഗ്യാസ് വിതരണം തുടങ്ങിയവയുടെ വികസനം ലക്ഷ്യമിടുന്ന രണ്ടാംഘട്ട നഗര വികസന പരിപാടികളിലേക്കു കടക്കാനാണു കേന്ദ്രസര്‍ക്കാറിന്റെ അടുത്ത ലക്ഷ്യം. നഗരങ്ങളിലെ ഗതാഗതസംവിധാനം മെച്ചപ്പെടുത്തുന്നതിന് ഇതിനകംതന്നെ നിരവധി പരിപാടികള്‍ സര്‍ക്കാര്‍ നടപ്പാക്കിക്കഴിഞ്ഞു. ഈ രംഗത്തു വിദേശ മൂലധന നിക്ഷേപം പ്രോല്‍സാഹിപ്പിക്കുന്നതിനും നടപടി സ്വീകരിച്ചിട്ടുണ്ട്. രാജ്യത്തെ 15 നഗരങ്ങള്‍ മെട്രോ റെയില്‍ നടപ്പാക്കാന്‍ ഇതിനകം തയ്യാറായിട്ടുണ്ട്. മെട്രോ റെയില്‍ പദ്ധതി നടപ്പാക്കുന്നതോടെ നഗരത്തിലെ ജനങ്ങളുടെ സാമൂഹിക, സാമ്പത്തിക നിലവാരം മെച്ചപ്പെടുത്താന്‍ കഴിയും. ഇതെല്ലാം മുന്നില്‍ക്കണ്ടുകൊണ്ടുള്ള ദീര്‍ഘവീക്ഷണത്തോടെയുള്ള പദ്ധതികളാണു നടപ്പാക്കിവരുന്നത്. മെട്രോ റെയിലുമായി ബന്ധപ്പെട്ട അടിസ്ഥാന സൗകര്യങ്ങളുടെ വികസനത്തിനാവശ്യമായ സാമഗ്രികളുടെ ഉല്‍പാദനം രാജ്യത്തുതന്നെ വികസിപ്പിക്കണമെന്നും പ്രധാനമന്ത്രി പറഞ്ഞു. ഏറ്റവും വേഗത്തില്‍ നിര്‍മാണം പൂര്‍ത്തിയാക്കിയ രാജ്യത്തെ മെട്രോ റെയില്‍ പദ്ധതി എന്ന പദവി നേടിയിട്ടുള്ള കൊച്ചി മെട്രോ ഏറ്റവും നവീനമായ സിഗ്‌നല്‍ സംവിധാനംകൊണ്ടും മേക്ക് ഇന്‍ ഇന്ത്യ പദ്ധതിക്കു കീഴില്‍ 70 ശതമാനത്തിലധികം ഇന്ത്യന്‍ ഉല്‍പ്പന്നങ്ങള്‍കൊണ്ട് നിര്‍മിച്ചത് എന്ന നിലയിലും ശ്രദ്ധേയമായ ഒന്നാണ്. ആയിരത്തിലധികം വനിതകളും 23 ഭിന്നലിംഗ വിഭാഗത്തില്‍ പെട്ടവരും തൊഴില്‍ ചെയ്യുന്ന സ്ഥാപനമെന്ന നിലയില്‍ ദേശീയശ്രദ്ധ നേടുന്നതിനും പദ്ധതിക്കു കഴിഞ്ഞിട്ടുണ്ടെന്നു പ്രധാനമന്ത്രി പറഞ്ഞു. പദ്ധതിയുടെ ദൈനംദിന പ്രവര്‍ത്തനത്തിന് സൗരോര്‍ജം പോലുള്ള പാരമ്പര്യേതര ഊര്‍ജമേഖലകളുടെ സാധ്യതകള്‍ പരമാവധി പ്രയോജനപ്പെടുത്തിയിട്ടുണ്ടെന്നതും തികച്ചും പരിസ്ഥിതിസൗഹാര്‍ദപരമായി നിര്‍മിച്ചിട്ടുള്ള മെട്രോ റെയിലില്‍ ഉടനീളം നഗര ഖരമാലിന്യങ്ങളെ പ്രയോജനപ്പെടുത്തി പൂന്തോട്ടങ്ങള്‍ നിര്‍മിച്ചിട്ടുണ്ടെന്നതും അഭിനന്ദനാര്‍ഹമാണെന്നും പ്രധാനമന്ത്രി പറഞ്ഞു. കൊച്ചി വണ്‍ ടിക്കറ്റ് ഡെബിറ്റ് കാര്‍ഡിന്റെ ഉദ്ഘാടനം കേന്ദ്രമന്ത്രി വെങ്കയ്യ നായിഡു നിര്‍വഹിച്ചു. കൊച്ചി മെട്രോ സംബന്ധിച്ച വിവരങ്ങള്‍ അടങ്ങിയ മൊബൈല്‍ ആപ്ലിക്കേഷന്‍ കൊച്ചി വണ്‍ ആപ്പ് മുഖ്യമന്ത്രി പിണറായി വിജയന്‍ ഉദ്ഘാടനം ചെയ്തു. ഗവര്‍ണര്‍ ജസ്റ്റിസ് പി സദാശിവം, മന്ത്രി തോമസ് ചാണ്ടി, പ്രതിപക്ഷനേതാവ് രമേശ് ചെന്നിത്തല, മേയര്‍ സൗമിനി ജയിന്‍, പ്രഫ. കെ വി തോമസ് എംപി, ഡിഎംആര്‍സി മുഖ്യ ഉപദേഷ്ടാവ് ഇ ശ്രീധരന്‍, കെഎംആര്‍എല്‍ മാനേജിങ് ഡയറക്ടര്‍ ഏലിയാസ് ജോര്‍ജ് പങ്കെടുത്തു.
Next Story

RELATED STORIES

Share it