Flash News

കൊച്ചി മെട്രോ: പാലാരിവട്ടം-മഹാരാജാസ് സര്‍വീസിന് ഇന്നു തുടക്കം



കൊച്ചി: പാലാരിവട്ടം മുതല്‍ മഹാരാജാസ് കോളജ് ഗ്രൗണ്ട് വരെയുള്ള കൊച്ചി മെട്രോയുടെ സര്‍വീസിന് ഇന്നു തുടക്കമാവും. രാവിലെ 10നു കലൂര്‍ സ്റ്റേഡിയം സ്റ്റേഷനില്‍ മുഖ്യമന്ത്രി പിണറായി വിജയനും കേന്ദ്ര നഗരവികസന മന്ത്രി ഹര്‍ദീപ് സിങ് പുരിയും മെട്രോയുടെ സര്‍വീസ് ഫഌഗ് ഓഫ് ചെയ്യും.തുടര്‍ന്ന്, കലൂര്‍ സ്റ്റേഡിയം സ്റ്റേഷനില്‍ നിന്നു മുഖ്യമന്ത്രിയും കേന്ദ്രമന്ത്രിയും മെട്രോ ട്രെയിനില്‍ കയറി സമ്മേളനവേദിയായ എറണാകുളം ടൗ ണ്‍ഹാളില്‍ എത്തും. 11ന് നടക്കുന്ന ചടങ്ങില്‍ മുഖ്യമന്ത്രി മെട്രോയുടെ ആദ്യഘട്ടത്തിലെ രണ്ടാംഭാഗം ഔദ്യോഗികമായി ഉദ്ഘാടനം ചെയ്യും. നിലവില്‍ ആലുവ മുതല്‍ പാലാരിവട്ടം വരെയായിരുന്നു മെട്രോ സര്‍വീസ് നടത്തിയിരുന്നത്. 11 സ്റ്റേഷനുകളാണ് ഇതിനിടയിലുണ്ടായിരുന്നത്. മഹാരാജാസ് വരെ സര്‍വീസ് നീളുന്നതോടെ സ്റ്റേഷനുകളുടെ എണ്ണം 11ല്‍ നിന്ന് 16 ആവും. ജവഹര്‍ലാല്‍ നെഹ്‌റു സ്റ്റേഡിയം, കലൂര്‍, ലിസി, എംജി റോഡ്, മഹാരാജാസ് കോളജ് ഗ്രൗണ്ട് എന്നീ സ്റ്റേഷനുകളിലാണ് പുതുതായി എത്തുന്നത്. അഞ്ചു കിലോമീറ്റര്‍ വരുന്ന കലൂര്‍ സ്റ്റേഡിയം മുതല്‍ മഹാരാജാസ് വരെ 20 രൂപയാണ് ടിക്കറ്റ് നിരക്ക്. പുതിയ പാതയുടെ ഉദ്ഘാടനത്തോടനുബന്ധിച്ചു വ്യത്യസ്തമായ സമ്മാനമാണ് ആദ്യ ദിനത്തിലെ യാത്രക്കാര്‍ക്കായി കെഎംആര്‍എല്‍ ഒരുക്കിയിരിക്കുന്നത്. സര്‍വീസിന്റെ ആദ്യ ദിവസം യാത്രയ്‌ക്കെത്തുന്നവര്‍ക്ക് അവരവരുടെ തന്നെ കാരിക്കേച്ചര്‍ സമ്മാനമായി ലഭിക്കും. ലിംക ബുക്ക് ഓഫ് റെക്കോഡ്‌സില്‍ ഇടംനേടിയ സ്പീഡ് കാരിക്കേച്ചറിസ്റ്റ് ബി സജീവിന്റെ നേതൃത്വത്തില്‍ 10 കാര്‍ട്ടൂണിസ്റ്റുകളാണ് കന്നിയാത്രയ്ക്ക് എത്തുന്നവരുടെ ചിത്രങ്ങള്‍ തദ്‌സമയം വരച്ചുനല്‍കുന്നത്. ഉദ്ഘാടനത്തോടനുബന്ധിച്ച് ഇന്നലെ രാവിലെ പരിസ്ഥിതി സംരക്ഷണമെന്ന ആശയം മുന്‍നിര്‍ത്തി ദര്‍ബാര്‍ ഹാളില്‍ നിന്നു മെട്രോ ഗ്രീന്‍ റണ്‍ പരിപാടിയും സംഘടിപ്പിച്ചു.
Next Story

RELATED STORIES

Share it