കൊച്ചി മെട്രോ: പരീക്ഷണ ഓട്ടം തുടങ്ങി

തിരുവനന്തപുരം/കൊച്ചി: കേരളത്തിന്റെ ഗതാഗത സ്വപ്‌നങ്ങള്‍ക്ക് പുത്തന്‍ ഗതിവേഗം സമ്മാനിച്ചുകൊണ്ട് കൊച്ചിക്കു മുകളിലൂടെ മെട്രോ പരീക്ഷണ ഓട്ടം തുടങ്ങി. ഇന്നലെ വൈകീട്ട് 5.50 ഓടെയാണ് വന്‍ ജനാവലിയെ സാക്ഷി നിര്‍ത്തി കൊച്ചി മെട്രോ പ്രധാന പാതയിലൂടെയുള്ള പരീക്ഷണ ഓട്ടം ആരംഭിച്ചത്.ആലുവ മുട്ടം യാര്‍ഡുമുതല്‍ കളമശ്ശേരി വരെയുള്ള രണ്ടു കിലോമീറ്റര്‍ ദൂരത്തിലായിരുന്നു ആദ്യ പരീക്ഷണഓട്ടം .
എന്നാല്‍ കൊച്ചി മെട്രോയുടെ ആലുവ മുതല്‍ പാലാരിവട്ടം വരെയുള്ള പരീക്ഷണ ഓട്ടം മെയ് അവസാനം നടക്കുമെന്നു ഡല്‍ഹി മെട്രോ റെയില്‍ കോര്‍പറേഷന്റെ മുഖ്യ ഉപദേഷ്ടാവ് ഇ ശ്രീധരന്‍.13 കിലോമീറ്ററിലുള്ള നിര്‍മാണപ്രവര്‍ത്തനങ്ങളെല്ലാം പൂര്‍ത്തിയായി. അതേസമയം, പാലാരിവട്ടം മുതല്‍ മഹാരാജാസ് കോളജ് വരെയുള്ള പരീക്ഷണ ഓട്ടം ജൂലൈ അവസാന വാരമാവും നടക്കുക. ഇവിടുത്തെ സ്ഥലമേറ്റെടുക്കല്‍ നടപടികള്‍ പൂര്‍ത്തിയാവാത്ത സാഹചര്യത്തിലാണിത്. മാര്‍ച്ച് 15ന് ലുലു വരെ മെട്രോ ഓടിക്കും. ആകെയുള്ള 24 കിലോമീറ്ററില്‍ 18 കിലോമീറ്ററിലെ നിര്‍മാണപ്രവര്‍ത്തനങ്ങളാണു പുരോഗമിക്കുന്നത്. നേരത്തെ നിശ്ചയിച്ചതുപോലെ നവംബര്‍ ഒന്നിനു യാത്രക്കാരുമായി സഞ്ചരിക്കുന്ന കൊച്ചി മെട്രോ റെയില്‍ യാഥാര്‍ഥ്യമാവുമെന്ന് അദ്ദേഹം വാര്‍ത്താസമ്മേളനത്തില്‍ അറിയിച്ചു.
പരീക്ഷണ ഓട്ടം കഴിഞ്ഞാലും മൂന്നുമാസമെങ്കിലും കാത്തിരിക്കേണ്ടിവരും. യാത്രക്കാരെ കയറ്റുന്നതിനുള്ള റെയില്‍വേയുടെ സുരക്ഷാ അനുമതി ലഭിച്ചെങ്കില്‍ മാത്രമേ മെട്രോ ഓടിക്കാന്‍ കഴിയുകയുള്ളൂ. സര്‍ക്കാര്‍ മാറുന്നത് മെട്രോയുടെ പ്രവര്‍ത്തനങ്ങളെ ബാധിക്കില്ലെന്നും ഇ ശ്രീധരന്‍ വ്യക്തമാക്കി.
Next Story

RELATED STORIES

Share it