കൊച്ചി മെട്രോ: കോച്ചുകളുടെ രണ്ടാം സെറ്റ് ജൂലൈ എട്ടിന് കൊച്ചിയിലെത്തും

കൊച്ചി: കൊച്ചി മെട്രോയ്ക്കായി നിര്‍മിച്ച കോച്ചുകളുടെ രണ്ടാം സെറ്റ് ജൂലൈ എട്ടിന് കൊച്ചിയിലെത്തും. ഈ മാസം 28ന് ശ്രീസിറ്റിയിലെ ആല്‍സ്റ്റോം നിര്‍മാണ കമ്പനിയില്‍ നിന്ന് കൂറ്റന്‍ ട്രെയിലര്‍ വഴിയാണ് കോച്ചുകള്‍ ആലുവ മുട്ടം യാര്‍ഡിലെത്തിക്കുക. കഴിഞ്ഞ ഏപ്രിലില്‍ എത്തേണ്ട കോച്ചുകളാണിത്. ഇനിയുള്ള ഓരോമാസവും ഓരോ സെറ്റ് വീതം കോച്ചുകള്‍ എന്ന രീതിയില്‍ സപ്തംബറിനകം മുഴുവന്‍ കോച്ചുകളും കൊച്ചിയിലെത്തിക്കാനാണ് അധികൃതരുടെ ശ്രമം.
ആകെ 25 ട്രെയിനുകളാണ് മെട്രോ സര്‍വീസിന്റെ ആദ്യ ഘട്ടത്തിലുണ്ടാവുക. റിസര്‍ച്ച് ഡിസൈന്‍ ആന്റ് സ്റ്റാന്‍ഡേര്‍ഡ് ഓര്‍ഗനൈസേഷന്‍ (ആര്‍ഡിഎസ്ഒ) പരിശോധനയ്ക്കുള്ള ട്രയലിനായി പുതിയ കോച്ചുകളാണ് ഉപയോഗിക്കുക. കോച്ചുകളുടെ വേഗപരീക്ഷണം ജൂലൈ പകുതിയോടെ തുടങ്ങും. പരീക്ഷണ ഓട്ടത്തിന്റെ മൂന്നാംഘട്ടത്തില്‍ ഇടപ്പള്ളി മുതല്‍ പാലാരിവട്ടം വരെ മെട്രോ പരീക്ഷണ ഓട്ടം നടത്തും. പിന്നീട് ഇത് മഹാരാജാസ് വരെയെത്തിക്കും. ട്രയല്‍ റണ്‍ വിജയകരമായി പൂര്‍ത്തിയായാല്‍ യാത്രാ സര്‍വീസ് തുടങ്ങാനാവും. യാത്രാ സര്‍വീസിനു മുന്നോടിയായി റെയില്‍വേ സേഫ്റ്റി കമ്മീഷണറുടെ സുരക്ഷാ സര്‍ട്ടിഫിക്കറ്റ് ആവശ്യമാണ്. ഒട്ടേറെ പരീക്ഷണ ഓട്ടങ്ങള്‍ക്കു ശേഷം മാത്രമേ യാത്രാ സര്‍വീസിന് റെയില്‍വേ സുരക്ഷാ കമ്മീഷണറുടെ അനുമതി ലഭിക്കുകയുള്ളൂ. ആര്‍ഡിഎസ്ഒയ്ക്കു പുറമേ കമ്മീഷണര്‍ ഓഫ് മെട്രോ റെയില്‍ സേഫ്റ്റിയുടെയും അനുമതി യാത്രാ സര്‍വീസിന് ആവശ്യമാണ്. കമ്യൂണിക്കേഷന്‍ ബേസ്ഡ് ട്രെയിന്‍ കണ്‍ട്രോള്‍ (സിബിടിസി) സംവിധാനത്തില്‍ പ്രവര്‍ത്തിക്കുന്ന രാജ്യത്തെ ആദ്യ മെട്രോയായതിനാല്‍ സുരക്ഷാ പരിശോധനയ്ക്കും അനുമതി ലഭിക്കാനും ചെറിയ കാലതാമസം നേരിടേണ്ടിവന്നേക്കാം.
നേരത്തെ നിര്‍മാണം പൂര്‍ത്തിയായ ആദ്യ സെറ്റ് കോച്ചുകള്‍ ജനുവരി ആദ്യം കൊച്ചിയിലെത്തിച്ചിരുന്നു. ഫെബ്രുവരി 27നു നടന്ന ആദ്യഘട്ട പരീക്ഷണ ഓട്ടത്തില്‍ മുട്ടത്തെ 1.25 കിലോമീറ്റര്‍ നീളം വരുന്ന ട്രാക്കിലും മുട്ടം മുതല്‍ ഇടപ്പള്ളി വരെ റോഡിനു മധ്യത്തിലെ പാലത്തിനു മുകളിലൂടെയുള്ള ആറു കിലോമീറ്റര്‍ ദൂരത്തിലും ഈ ട്രെയിനുകള്‍ രണ്ടു ഘട്ടങ്ങളിലായി പരീക്ഷണ ഓട്ടം നടത്തുകയും ചെയ്തിരുന്നു.
Next Story

RELATED STORIES

Share it