Flash News

കൊച്ചി മെട്രോ: പിതൃത്വം അവകാശപ്പെട്ട് ബിജെപിയും രംഗത്ത്‌

കൊച്ചി  മെട്രോ: പിതൃത്വം അവകാശപ്പെട്ട്  ബിജെപിയും രംഗത്ത്‌
X


കൊച്ചി: കേരളത്തിന്റെ സ്വപ്‌ന പദ്ധതിയായ കൊച്ചി മെട്രോ നാളെ നാടിനു സമര്‍പ്പിക്കുമ്പോള്‍ പദ്ധതിയുടെ പിതൃത്വം അവകാശപ്പെട്ട് രാഷ്ട്രീയപ്പാര്‍ട്ടികളുടെ ഫഌക്‌സ് യുദ്ധമാണ് കൊച്ചിയില്‍ നടക്കുന്നത്. മെട്രോ യാഥാര്‍ഥ്യമാക്കിയത് തങ്ങളാണെന്ന് അവകാശപ്പെട്ടാണ് ബിജെപി രംഗത്തുവന്നിരിക്കുന്നത്. കൊച്ചി നഗരത്തിന്റെ റോഡുകളുടെ ഇരുവശങ്ങളിലും പലയിടങ്ങളിലായി മെട്രോ യാഥാര്‍ഥ്യമാക്കിയ പ്രധാനമന്ത്രിക്ക് അഭിവാദ്യമര്‍പ്പിച്ചുകൊണ്ടാണ്  ബിജെപി ഫഌക്‌സ് വച്ചിരിക്കുന്നത്. സംസ്ഥാന പ്രസിഡന്റ് കുമ്മനം രാജശേഖരന്‍ മുതല്‍ ജില്ലാ പ്രസിഡന്റ് വരെയുള്ള നേതാക്കളുടെ ഫോട്ടോയും ഫഌക്‌സില്‍ ചേര്‍ത്തിട്ടുണ്ട്. കോണ്‍ഗ്രസ്സും യുഡിഎഫും എല്‍ഡിഎഫും കൊച്ചി മെട്രോയുടെ പിതൃത്വം അവകാശപ്പെട്ട് ഫഌക്‌സുകള്‍ സ്ഥാപിച്ചിരിക്കുന്നതില്‍ കുറ്റം പറയാന്‍ പറ്റില്ല. കാരണം, വി എസ് അച്യുതാനന്ദന്റെ നേതൃത്വത്തിലുണ്ടായിരുന്ന എല്‍ഡിഎഫ് സര്‍ക്കാരും മുന്‍ മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടിയുടെ നേതൃത്വത്തിലുണ്ടായിരുന്ന യുഡിഎഫ് സര്‍ക്കാരും കൊച്ചി മെട്രോ യാഥാര്‍ഥ്യമാവാന്‍ വേണ്ടി പരിശ്രമിച്ചവരാണ്. ഉമ്മന്‍ ചാണ്ടി സര്‍ക്കാരിന്റെ കാലത്താണ്് കൊച്ചി മെട്രോയുടെ നിര്‍മാണജോലികള്‍ ആരംഭിച്ചത്. തുടര്‍ന്നു വന്ന പിണറായി വിജയന്റെ നേതൃത്വത്തിലുള്ള എല്‍ഡിഎഫ് സര്‍ക്കാര്‍ മെട്രോയുടെ ആലുവ മുതല്‍ പാലാരിവട്ടം വരെയുള്ള ഭാഗം നിര്‍മാണം പൂര്‍ത്തിയാക്കി നാടിനു സമര്‍പ്പിക്കുന്നു. 2004 ഡിസംബറിലാണ് ഡിഎംആര്‍സി കൊച്ചി മെട്രോയുടെ വിശദ പദ്ധതി റിപോര്‍ട്ട് (ഡിപിആര്‍) തയ്യാറാക്കാനുള്ള സര്‍വേ തുടങ്ങിയത്. 2007 ഡിസംബര്‍ 11ന് ഭരണാനുമതി നല്‍കാ ന്‍ വൈകരുതെന്നാവശ്യപ്പെട്ട് മുഖ്യമന്ത്രിയുടെ കത്ത് ആസൂത്രണ കമ്മീഷനും നഗര വികസന മന്ത്രാലയത്തിനും നല്‍കി. 2010 മാര്‍ച്ച് 19ന് മെട്രോ അനുബന്ധ വികസനപദ്ധതികള്‍ക്ക് സംസ്ഥാന സര്‍ക്കാര്‍ അംഗീകാരം നല്‍കി. 2011 ജൂണ് 6ന് കൊച്ചി മെട്രോ റെയില്‍ ലിമിറ്റഡ് രൂപീകരിക്കാന്‍ മന്ത്രിസഭ തീരുമാനിച്ചു. മാര്‍ച്ച് 30ന് മെട്രോ പാതയിലെ ആലുവ മുട്ടം യാര്‍ഡിന്റെ നിര്‍മാണത്തിന് ഡിഎംആര്‍സി ടെന്‍ഡര്‍ ക്ഷണിച്ചു. 2012 സപ്തംബര്‍ 13ന് കൊച്ചി മെട്രോ റെയില്‍പദ്ധതിക്ക് അന്നത്തെ പ്രധാനമന്ത്രി മന്‍മോഹന്‍സിങ് തറക്കല്ലിട്ടു. 2013 ജൂണ്‍ 7ന് അന്നത്തെ മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടി കലൂര്‍ രാജ്യാന്തര സ്റ്റേഡിയത്തില്‍ നിര്‍മാണപ്രവര്‍ത്തനങ്ങള്‍ ഉദ്ഘാടനം ചെയ്തു. കഴിഞ്ഞ സര്‍ക്കാരിന്റെ കാലത്തു തന്നെ കൊച്ചി മെട്രോ യാഥാര്‍ഥ്യമാക്കാനുള്ള ശ്രമം നടെന്നങ്കിലും സ്ഥലമേറ്റെടുക്കല്‍ അടക്കമുള്ള കാര്യങ്ങള്‍ മൂലം നടക്കാതെ പോയി. എങ്കിലും മെട്രോയുടെ നിര്‍മാണത്തിന്റെ ഏതാണ്ട് ഭൂരിഭാഗവും ഉമ്മന്‍ചാണ്ടി സര്‍ക്കാരിന്റെ കാലത്താണു പൂര്‍ത്തിയായത്. തുടര്‍ന്ന് അധികാരത്തിലെത്തിയ മുഖ്യമന്ത്രി പിണറായി വിജയന്റെ നേതൃത്വത്തിലുള്ള എല്‍ഡിഎഫ് സര്‍ക്കാര്‍ ശേഷിക്കുന്ന നിര്‍മാണം പൂര്‍ത്തിയാക്കി ആലുവ മുതല്‍ പാലാരിവട്ടം വരെ യാഥാര്‍ഥ്യമാക്കുന്നു. ഇതില്‍ എവിടെയാണ് ബിജെപിയുടെ പങ്ക് എന്നാണ് ബിജെപി നേതാക്കളുടെ ഫോട്ടോ ചേര്‍ത്ത് നഗരത്തിലുടനീളം സ്ഥാപിച്ചിരിക്കുന്ന ഫഌക്‌സ് ബോര്‍ഡുകള്‍ കണ്ട് കൊച്ചിക്കാരുടെ ചോദ്യം
Next Story

RELATED STORIES

Share it