Flash News

കൊച്ചി മെട്രോ : കേരളത്തിന്റെ കാത്തിരിപ്പിന് വിരാമമാവുന്നു ; സ്വപ്ന സാഫല്യത്തിന് 15 നാള്‍ കൂടി



കൊച്ചി: മെട്രോയിലേറി കൊച്ചിയുടെ നഗരക്കാഴ്ച കാണാനുള്ള കാത്തിരിപ്പിന് ഇനി 15 ദിവസത്തെ അകലം മാത്രം. കേരളത്തിലെ ഗതാഗത സംവിധാനത്തിനു തന്നെ പുതിയ വഴിത്തിരിവാകുന്ന കൊച്ചി മെട്രോ റെയില്‍ പദ്ധതിയുടെ ഉദ്ഘാടനം ഈ മാസം 17നു നടക്കാനിരിക്കെ ആദ്യ ദിവസം തന്നെ ഒരു യാത്ര തരപ്പെടുത്താനുള്ള തിരക്കിലാണ് കൊച്ചിക്കാര്‍. ആലുവയില്‍ പ്രത്യേകം സജ്ജീകരിക്കുന്ന വേദിയിലായിരിക്കും ഉദ്ഘാടനമെന്നാണ് ഇപ്പോള്‍ തീരുമാനിച്ചിരിക്കുന്നത്. ഉദ്ഘാടനത്തിനു പിന്നാലെ പ്രമുഖരുമായി കൊച്ചി മെട്രോ ആദ്യ യാത്ര നടത്തും. ശേഷം മെട്രോ കൊച്ചിക്കു സ്വന്തം. കേരളം ഇന്നുവരെ കാണാത്ത യാത്രാമാര്‍ഗത്തിനാണ് ഇതോടെ സാക്ഷ്യം വഹിക്കുക. ഉദ്ഘാടനത്തിനു വളരെ മുമ്പുതന്നെ മെട്രോ കോച്ചുകള്‍ ട്രാക്കുകളില്‍ വിശ്രമമില്ലാത്ത ഓട്ടം ആരംഭിച്ചുകഴിഞ്ഞു. ശേഷിക്കുന്ന ജോലികള്‍ തീര്‍ക്കാനുള്ള വിശ്രമമില്ലാത്ത ജോലിയിലാണ് കരാറുകാര്‍. സ്റ്റേഷനുകളുടെ പുറമേയുള്ള മിനുക്കുപണികളാണ് ബാക്കിനില്‍ക്കുന്നത്. അലങ്കാരച്ചെടികളും വിവിധ വര്‍ണങ്ങളും കൊണ്ട് വ്യത്യസ്തത തീര്‍ക്കുന്നതായിരിക്കും മെട്രോ സ്റ്റേഷനുകളുടെ പുറം. മെട്രോയുടെ ടിക്കറ്റ്, സുരക്ഷാ സംവിധാനങ്ങള്‍ അവസാനവട്ട തയ്യാറെടുപ്പുകളിലാണ്. ആലുവ മുതല്‍ പാലാരിവട്ടം വരെയുള്ള ഭാഗമാണ് ഇപ്പോള്‍ ഉദ്ഘാടനത്തിനു തയ്യാെറടുത്തിരിക്കുന്നതെങ്കിലും ശേഷിക്കുന്ന ഭാഗങ്ങളുടെ നിര്‍മാണവും അതിവേഗം പുരോഗമിക്കുകയാണ്. കൊച്ചി മെട്രോയില്‍ ഭിന്നലിംഗക്കാര്‍ക്ക് ജോലി നല്‍കാനുള്ള തീരുമാനം ദേശീയ ശ്രദ്ധ നേടിയിരുന്നു. മെട്രോയുടെ പരിസരത്തെ പ്രവര്‍ത്തനങ്ങളുടെ നിയന്ത്രണം കുടുംബശ്രീ നിര്‍വഹിക്കും. ക്ലീനിങ്, പാര്‍ക്കിങ്, ടിക്കറ്റ് വിതരണം തുടങ്ങിയ പ്രവര്‍ത്തനങ്ങള്‍ കുടുംബശ്രീയുടെ കീഴിലാക്കാനാണ് തീരുമാനം. ഇതുസംബന്ധിച്ച് കൊച്ചി മെട്രോ റെയില്‍ കോര്‍പറേഷനും കുടുംബശ്രീയും ധാരണാപത്രത്തില്‍ ഒപ്പുവച്ചിട്ടുണ്ട്. തുടക്കത്തില്‍ 300 പേര്‍ക്കും ഭാവിയില്‍ 1800 പേര്‍ക്കും കൊച്ചി മെട്രോയുമായി ബന്ധപ്പെട്ട് തൊഴില്‍ ലഭിക്കും. മെട്രോയുടെ ടിക്കറ്റിങ് സംവിധാനം പൂര്‍ത്തിയായിക്കഴിഞ്ഞു. ഒരാഴ്ച മുഴുവന്‍ ഉപയോഗിക്കാവുന്ന വണ്‍ വീക്ക് ടിക്കറ്റ് സംവിധാനത്തെക്കുറിച്ചും ആലോചനയുണ്ട്. സ്ഥിരം യാത്ര ചെയ്യാത്തവരെ ഉദ്ദേശിച്ചുള്ള ക്യൂആര്‍ കോഡ് ടിക്കറ്റ്, ആര്‍എഫ് ഐഡി കാര്‍ഡ്, കൊച്ചി വണ്‍ കാര്‍ഡ് എന്നിവ തയ്യാറായിക്കഴിഞ്ഞു. വിനോദസഞ്ചാരികളെ ഉദ്ദേശിച്ച് ഒരു ദിവസത്തേക്കുള്ളതാണ് ആര്‍എഫ് ഐഡി കാര്‍ഡ്. മെട്രോ സ്റ്റേഷനിലെത്തുന്ന യാത്രക്കാരുടെ സൗകര്യാര്‍ഥം സ്റ്റേഷനുകളെ തമ്മില്‍ ബന്ധിപ്പിച്ച് ഫീഡര്‍ സര്‍വീസ് ആരംഭിക്കും. മെട്രോ സ്റ്റേഷനുകളുടെ 10 കിലോമീറ്റര്‍ ചുറ്റളവില്‍ 43 റൂട്ടുകളിലേക്കാണ് കെഎസ്ആര്‍ടിസി ബസ്സുകള്‍ സര്‍വീസ് നടത്തുക. ഇതോടൊപ്പം സ്മാര്‍ട്ട് കാര്‍ഡ് കൂടി ബന്ധിപ്പിച്ച് യാത്ര എളുപ്പമാക്കാനും കെഎംആര്‍എല്‍ ശ്രമങ്ങള്‍ നടത്തുന്നുണ്ട്. മെട്രോ സ്റ്റേഷനുകളിലെത്തുന്ന യാത്രക്കാര്‍ക്ക് ജോലിസ്ഥലത്തും മറ്റും എളുപ്പത്തില്‍ എത്തിച്ചേരാന്‍ ലക്ഷ്യമിട്ടാണിത്. ജില്ലാ അതിര്‍ത്തിയില്‍ നിന്നു തൊട്ടടുത്തുള്ള മെട്രോ സ്റ്റേഷനുകളിലേക്ക് ഫീഡര്‍ സര്‍വീസുകളുണ്ടായിരിക്കും. കെയുആര്‍ടിസിയുടെ എസി, നോണ്‍ എസി ലോ ഫ്‌ളോര്‍ ബസ്സുകളായിരിക്കും സര്‍വീസിനായി ലഭ്യമാക്കുക. മിനിബസ്സുകളും ഉണ്ടാവും. പ്രധാന റോഡുകളില്‍ ലോ ഫ്‌ളോര്‍ ബസ്സുകളും ഇടറോഡുകളില്‍ മിനിബസ്സുകളും സര്‍വീസ് നടത്തും.
Next Story

RELATED STORIES

Share it