ernakulam local

കൊച്ചി മെട്രോ കൂകിപ്പാഞ്ഞു

കൊച്ചി: മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടിയും അടുത്ത തലമുറയുടെ പ്രതിനിധിയായ അഞ്ചു വയസുകാരി ഗൗരിയും ചേര്‍ന്ന് പച്ചക്കൊടി വീശിയപ്പോള്‍ ആലുവ മുട്ടം യാര്‍ഡില്‍ കേരളത്തിന്റെ സ്വപ്‌നമാണ് ചൂളം വിളിച്ച് പാഞ്ഞത്.
കേരളത്തിന്റെ ചിരകാല സ്വപ്‌നമായ കൊച്ചി മെട്രോയുടെ പരീക്ഷണ ഓട്ടത്തിന് ആലുവ മുട്ടത്തുള്ള യാര്‍ഡിലും സമീപ റോഡുകളിലും തടിച്ചു കൂടിയ ആയിരങ്ങള്‍ നേരിട്ട് സാക്ഷികളായപ്പോള്‍ ചാനലുകളിലൂടെയും മറ്റും തല്‍സമയ സംപ്രേഷണത്തിലൂടെ ലക്ഷക്കണക്കിന് മലയാളികളും ചരിത്ര മൂഹൂര്‍ത്തത്തില്‍ പങ്കാളികളായി.
രാവിലെ ടെസ്റ്റ് ട്രാക്കില്‍ ഫഌഗ് ഓഫിനായി നിര്‍ത്തിയിട്ട മെട്രോ ട്രെയിനിന് മുന്നില്‍ ഇ ശ്രീധരന്റെയും ഡിഎംആര്‍സി ഉദ്യോഗസ്ഥരുടെയും നേതൃത്വത്തില്‍ പൂജ നടത്തി നാളികേരമുടച്ചു. രാവിലെ പത്തിനാരംഭിച്ച പൊതുസമ്മേളനത്തിന് ശേഷം വേദിയിലും സദസിലുണ്ടായിരുന്ന മന്ത്രിമാരും ജനപ്രതിനിധികളും ഉദ്യോഗസ്ഥരുമടക്കമുള്ള വിശിഷ്ടവ്യക്തികള്‍ മെട്രോ ട്രിയിനിലിലേക്ക് കയറി. ട്രെയിനിനുള്ളിലെ നൂതന സംവിധാനങ്ങള്‍ അവര്‍ നോക്കിക്കണ്ടു.
മുഖ്യമന്ത്രിയും കൂട്ടരും ഡ്രൈവിങ് ക്യാബിനില്‍ എത്തി ടെസ്റ്റ് ഡ്രൈവിന് നേതൃത്വം നല്‍കുന്ന രാഗേഷ്, സിജോ എന്നിവരുമായി അല്‍പനേരം സംസാരിച്ചു. എല്ലാവരും പുറത്തിറങ്ങിയതോടെ മെട്രോ ട്രെയിന്‍ ആദ്യഓട്ടത്തിന് കാതോര്‍ത്തു. പ്ലാറ്റ് ഫോമില്‍ നിന്ന് മുഖ്യമന്ത്രിയും ഗൗരിയും കൊടികള്‍ വീശിയതിനൊപ്പം ഇലക്ട്രിക് സിഗ്നലില്‍ പച്ച വെളിച്ചം തെളിഞ്ഞു. ചൂളംവിളിയുടെ നേര്‍ത്ത ഇരമ്പലോടെ ട്രെയിന്‍ മുന്നോട്ടു കുതിച്ചു.
ട്രാക്കില്‍ പൂജിച്ചു വച്ചിരുന്ന വെറ്റിലയും നാരങ്ങയും ഞെരിഞ്ഞരഞ്ഞു. 900 മീറ്റര്‍ പരീക്ഷണ പാളത്തിലൂടെ അതിവേഗം പാഞ്ഞ ട്രെയിന്‍ മിനിറ്റുകള്‍ക്കുള്ളില്‍ തിരിച്ചുവരികയും ചെയ്തു.
കഴിഞ്ഞ 10ന് മുട്ടം യാര്‍ഡില്‍ എത്തിച്ച മെട്രോ കോച്ചുകള്‍ കൂട്ടിയോജിപ്പിച്ച ശേഷം ഡിസ്‌പ്ലെ സംവിധാനങ്ങളും ഇലക്ട്രിക്കല്‍ മെക്കാനിക്കല്‍ സംവിധാനങ്ങളും ഘടിപ്പിച്ച് ടെസ്റ്റ് റണ്ണിന് സജ്ജമാക്കുന്ന ജോലികള്‍ പൂര്‍ത്തിയാക്കിയ ശേഷമാണ് ഇന്നലെ ടെസ്റ്റ് ട്രാക്കിലെത്തിച്ചത്. ഫഌഗ് ഓഫ് ചടങ്ങിന് മുമ്പായി അനൗപചാരിക പരീക്ഷണ ഓട്ടം നടത്തുകയും ചെയ്തിരുന്നു. ഇനിയുള്ള ദിവസങ്ങളില്‍ മെട്രോ ട്രെയിനിലെ വിവിധ സംവിധാനങ്ങളുടെ കാര്യ ക്ഷമത പരിശോധിക്കുന്ന പരീക്ഷണ ഓട്ടം ദൈനംദിനം നടക്കും. ഫെബ്രുവരിയില്‍ പ്രധാന ട്രാക്കുകള്‍ സജ്ജമാവുന്നതോടെ മുട്ടം യാര്‍ഡില്‍ നിന്നും മെട്രോ ട്രെയിന്‍ പരീക്ഷണ ഓട്ടം തുടങ്ങും.
Next Story

RELATED STORIES

Share it