Flash News

കൊച്ചി മെട്രോ ട്രയല്‍ സര്‍വീസുകള്‍ നാളെമുതല്‍ ; വിദ്യാര്‍ഥികള്‍ക്ക് കണ്‍സഷന്‍

കൊച്ചി മെട്രോ ട്രയല്‍ സര്‍വീസുകള്‍ നാളെമുതല്‍ ; വിദ്യാര്‍ഥികള്‍ക്ക് കണ്‍സഷന്‍
X


കൊച്ചി: യാത്രാനുമതി ലഭിച്ച കൊച്ചി മെട്രോയുടെ ട്രയല്‍ സര്‍വീസുകള്‍ ബുധനാഴ്ച തുടങ്ങും.
ഈ മാസം അവസാനമോ ജൂണ്‍ ആദ്യവാരത്തിലോ മെട്രോയുടെ യാത്രാ സര്‍വീസ് തുടങ്ങും. പ്രധാനമന്ത്രി നരേന്ദ്രമോഡിയായിരിക്കും ഉദ്ഘാടകന്‍.
നാലു ട്രെയിനുകള്‍ നാളെ മുതല്‍ ട്രയല്‍ സര്‍വീസിനുപയോഗിക്കും. രാവിലെ ആറു മണിക്ക് ആലുവയില്‍ നിന്നാണ് ട്രയല്‍ സര്‍വീസ് തുടങ്ങുക. രാത്രി 9.30ന് അവസാനിക്കും. 142 ട്രിപ്പുകളാണുണ്ടാവുക.സര്‍വീസിനൊപ്പം സജ്ജീകരിച്ച വിവിധ സംവിധാനങ്ങളും ട്രയല്‍ സര്‍വീസിനൊപ്പം പരീക്ഷിക്കും. സാധാരണ യാത്ര സര്‍വീസിന് സമാനമായിരിക്കും ട്രയല്‍ സര്‍വീസെങ്കിലും യാത്രക്കാരെ കയറ്റില്ല. ആലുവ മുതല്‍ പാലാരിവട്ടം വരെയും തിരിച്ചുമുള്ള സര്‍വീസുകളില്‍ എല്ലാ സ്റ്റേഷനുകളിലും ട്രെയിന്‍ നിര്‍ത്തും. അനൗണ്‍സ്‌മെന്റ് കൂടാതെ ട്രെയിനിനകത്തുള്ള ഡിസ്‌പ്ലേയില്‍ അതാത് സ്റ്റേഷനുകളുടെ വിവരങ്ങളും മറ്റും പ്രദര്‍ശിപ്പിക്കും. ഘട്ടം ഘട്ടമായിട്ടായിരിക്കും ഈ സംവിധാനങ്ങള്‍ പരീക്ഷിക്കുക.  വരും ദിവസങ്ങളില്‍ ട്രെയിനുകളുടെ എണ്ണം വര്‍ധിപ്പിക്കും. ആകെ ആറു ട്രെയിനുകളാണ് ആദ്യഘട്ടത്തിലെ സര്‍വീസിനായി മെട്രോക്കുള്ളത്.  മൂന്നു കോച്ചുകളുള്ള ട്രെയിനുകളാണ് ട്രയല്‍ സര്‍വീസിനും ഉപയോഗിക്കുക.
136 സീറ്റുകളാണ് ഒരു ട്രെയിനിലുണ്ടാവുക. സര്‍വീസും അനുബന്ധ സംവിധാനങ്ങളും കുറ്റമറ്റതാണെന്ന് ഉറപ്പാക്കും വരെ ട്രയല്‍ സര്‍വീസ് തുടരുമെന്ന് മെട്രോ അധികൃതര്‍ അറിയിച്ചു. കേന്ദ്ര മെട്രോ റെയില്‍ കമ്മീഷണര്‍ ഏതാനും നിര്‍ദേശങ്ങള്‍ മുന്നോട്ടു വെച്ചിരുന്നു അത് ചെയ്തു കൊണ്ടിരിക്കുകയാണ്. നാലഞ്ചു ദിവസത്തിനുള്ളില്‍ പൂര്‍ത്തിയാകുമെന്നും കൊച്ചി മെട്രോ റെയില്‍ ലിമിറ്റഡ്(കെഎംആര്‍എല്‍) എംഡി ഏലിയാസ് ജോര്‍ജ് പറഞ്ഞു.ജോലിയുടെ ഭാഗമായി കുടുംബശ്രീ പ്രവര്‍ത്തകര്‍ മെട്രോ സ്‌റ്റേഷനില്‍ എത്തുന്നുണ്ട്. ടെലികമ്മ്യൂണിക്കേഷന്‍ ജോലികള്‍ എല്ലാം തന്നെ പൂര്‍ത്തിയായിക്കഴിഞ്ഞു.
മെട്രോ റെയില്‍ സേഫ്റ്റി കമ്മീഷണറുടെ റിപോര്‍ടില്‍ കൊച്ചി മെട്രോയെ ഏറെ അഭിനന്ദിക്കുന്നുണ്ട്. ഇന്ത്യയില്‍ ഏറ്റവും വേഗത്തില്‍ ക്ലിയറന്‍സ് കിട്ടിയ മെട്രോ കൊച്ചി മെട്രോയാണ്. കൊച്ചി മെട്രോയുടെ സ്‌റ്റേഷനുകള്‍ ഇന്ത്യയിലെ മറ്റു മെട്രോ സ്‌റ്റേഷനുകളേക്കാള്‍ മികച്ചതാണെന്ന് സേഫ്റ്റി കമ്മീഷണറുടെ റിപോര്‍ടില്‍ വ്യക്തമാക്കുന്നുണ്ടെന്നും ഏലിയാസ് ജോര്‍ജ് പറഞ്ഞു.കൊച്ചി മെട്രോയില്‍ യാത്ര ചെയ്യുന്നതിനായി കൊച്ചി വണ്‍ സ്മാര്‍ട് കാര്‍ഡ് ഏതാനും ദിവസങ്ങള്‍ക്കുളളില്‍ തന്നെ പുറത്തിറിക്കും.മെട്രോയില്‍ വിദ്യാര്‍ഥികള്‍ക്ക് കണ്‍സഷന്‍ നല്‍കും. ഇത് സംബന്ധിച്ച് തീരുമാനമെടുക്കാനുള്ള അധികാരം ഡയറക്ടര്‍ ബോര്‍ഡ് എംഡിക്കു നല്‍കിയിട്ടുണ്ട്.അതിന്റെ അടിസ്ഥാനത്തില്‍ അനുഭാവ പൂര്‍വമായ തീരുമാനം എടുക്കും. വിദ്യാര്‍ഥികള്‍ക്ക് മെട്രോയില്‍ കണ്‍സഷന്‍ നല്‍കണമെന്നു തന്നെയാണ് നിലപാടെന്നും ഏലിയാസ് ജോര്‍ജ് പറഞ്ഞു. വിദ്യാര്‍ഥികളല്ലാതെ മറ്റേതെങ്കിലും വിഭാഗങ്ങള്‍ക്ക് കണ്‍സഷന്‍ നല്‍കണമോയെന്നത് സംബന്ധിച്ച് ഇപ്പോള്‍ തീരുമാനമെടുത്തിട്ടില്ലെന്നും ഏലിയാസ് ജോര്‍ജ് കൂ്ട്ടിച്ചേര്‍ത്തു. മൂന്നു ദിവസത്തെ വിശദമായ പരിശോധനകള്‍ക്ക് ശേഷം കഴിഞ്ഞ ദിവസമാണ് കൊച്ചി മെട്രോക്ക് കേന്ദ്ര മെട്രോ റയില്‍ സുരക്ഷ കമ്മീഷണറുടെ യാത്രാനുമതി ലഭിച്ചത്.  ആലുവ മുതല്‍ പാലാരിവട്ടം വരെയുള്ള കൊച്ചി മെട്രോയുടെ 13 കിലോമീറ്റര്‍ ദൂരത്തില്‍ 11 സ്‌റ്റേഷന്‍ പരിധിയിലാണ് ആദ്യഘട്ട സര്‍വീസ്.
Next Story

RELATED STORIES

Share it