കൊച്ചി മെട്രോ: ഇന്നു മുതല്‍ താല്‍ക്കാലിക ട്രാക്കില്‍ ഓടിത്തുടങ്ങും

കൊച്ചി: കേരളത്തിന്റെ ഗതാഗത സ്വപ്‌നങ്ങള്‍ക്കു പുതിയ മാനം നല്‍കുന്ന കൊച്ചി മെട്രോയുടെ ആദ്യ പരീക്ഷണ ഓട്ടം 23ന് നടത്തുന്നതിനു മുന്നോടിയായി മെട്രോയുടെ കോച്ചുകള്‍ ഇന്നു മുതല്‍  താല്‍ക്കാലിക ട്രാക്കില്‍ ഓടിത്തുടങ്ങും. ആലുവ മുട്ടം യാര്‍ഡിലെ 975 മീറ്റര്‍ ദൈര്‍ഘ്യമുള്ള ഇലക്ട്രിക് ട്രാക്കാണ് ഇതിന് സജ്ജീകരിച്ചിരിക്കുന്നത്.കോച്ച് നിര്‍മാതാക്കളായ ആള്‍സ്‌റ്റോമിന്റെയും കെഎംആര്‍എല്ലിന്റെയും സാങ്കേതിക വിദഗ്ധരുടെ നേതൃത്വത്തിലായിരിക്കും പരിശോധന. 23 വരെ താല്‍ക്കാലിക ട്രാക്കിലൂടെ കോച്ചുകള്‍ അങ്ങോട്ടുമിങ്ങോട്ടും സഞ്ചരിച്ചാണ് പരിശോധന നടത്തുന്നത്. മറ്റു സാങ്കേതിക തടസ്സമൊന്നും നേരിട്ടില്ലെങ്കില്‍ ഇന്നു മുതല്‍ താല്‍ക്കാലിക ട്രാക്കിലൂടെയുള്ള പരിശോധന ആരംഭിക്കാനാവുമെന്ന് ഡിഎംആര്‍സി അധികൃതര്‍ പറഞ്ഞു. മുട്ടം യാര്‍ഡില്‍ കോച്ചുകളുടെ സാങ്കേതിക സുരക്ഷാപരിശോധനയും പൂര്‍ത്തിയായി വരികയാണ്.മെട്രോ ട്രെയിനിലേ—ക്ക് വൈദ്യുതി പ്രവഹിക്കുന്ന ട്രാക്കില്‍ ഇതിന് സജ്ജീകരണങ്ങള്‍ പൂര്‍ത്തിയായ ശേഷമായിരിക്കും കോച്ചുകള്‍ പരീക്ഷണാടിസ്ഥാനത്തില്‍ ഓടിക്കുന്നത്. ഈ മാസം പത്തിന് മുട്ടം യാര്‍ഡിലെത്തിച്ച മെട്രോയുടെ മൂന്ന് കോച്ചുകളും തൊട്ടടുത്ത ദിവസംതന്നെ കൂട്ടിയോജിപ്പിച്ചിരുന്നു. തുടര്‍ന്ന് പ്രത്യേകം തയ്യാറാക്കിയ ഇന്‍സ്‌പെക്ഷന്‍ ബേയിലെ ട്രാക്കുകളിലായിരുന്നു പരിശോധന. ഇലക്ട്രിക്കല്‍, മെക്കാനിക്കല്‍ സുരക്ഷാ സംവിധാനങ്ങളുടെ കാര്യക്ഷമത കുറ്റമറ്റതാക്കുകയാണ് ലക്ഷ്യം. കോച്ചുകളില്‍ വാര്‍ത്താവിനിമയ സംവിധാനങ്ങളും വിജയകരമായി ഘടിപ്പിച്ചുകഴിഞ്ഞു. ബ്രേക്കുകളുടെ പരിശോധനയും പൂര്‍ത്തിയായി. 23ന് രാവിലെ 10ന് മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി പരീക്ഷണ ഓട്ടം ഫഌഗ് ഒഫ് ചെയ്യും. മണിക്കൂറില്‍ അഞ്ചു കിലോമീറ്റര്‍ വേഗതയില്‍ ഒമ്പത് കിലോമീറ്റര്‍ ദൂരമുളള ട്രാക്കിലായിരിക്കും പരീക്ഷണ ഓട്ടം. എല്ലാ സംവിധാനങ്ങളും സജ്ജമാക്കിയ മെട്രോ ട്രെയിനിന്റെ പൂര്‍ണ രൂപമാണ് പരീക്ഷണ ഓട്ടം നടത്തുന്നത്. കൊച്ചി മെട്രോ ജൂണില്‍ സര്‍വീസ് ആരംഭിക്കുമെന്നും ഡിഎംആര്‍സി വ്യക്തമാക്കിയിട്ടുണ്ട്.
Next Story

RELATED STORIES

Share it