Flash News

കൊച്ചി മെട്രോ: അവസാനവട്ട പരിശോധന നടത്തി ഇ ശ്രീധരന്‍



കൊച്ചി: കേരളത്തിന്റെ സ്വപ്‌നപദ്ധതിയായ കൊച്ചി മെട്രോയുടെ ആദ്യഘട്ട ഉദ്ഘാടനത്തിന് മണിക്കൂറുകള്‍ മാത്രം അവശേഷിക്കവെ അവസാനവട്ട പരിശോധനകള്‍ പദ്ധതിയുടെ നിര്‍മാണത്തിന്റെ ചുക്കാന്‍ പിടിച്ച ഡിഎംആര്‍സി മുഖ്യ ഉപദേഷ്ടാവ് ഇ ശ്രീധരന്റെ നേതൃത്വത്തില്‍ ഇന്നലെ നടത്തി.രാവിലെ എട്ടോടെ കെഎംആര്‍എല്ലിന്റെയും ഡിഎംആര്‍സിയുടെയും ഉദ്യോഗസ്ഥര്‍ക്കൊപ്പം ആലുവ മുതല്‍ പാലാരിവട്ടം വരെ ഇ ശ്രീധരന്‍ പരിശോധന നടത്തുകയും നിര്‍ദേശങ്ങള്‍ നല്‍കുകയും ചെയ്തു. മെട്രോയുടെ സ്‌റ്റേഷനുകളിലും ശ്രീധരന്‍ പരിശോധന നടത്തി. കൊച്ചി മെട്രോയുടെ ഉദ്ഘാടനച്ചടങ്ങില്‍ വേദിയിലേക്കു തന്നെ ക്ഷണിച്ചാല്‍ സന്തോഷത്തോടെതന്നെ സ്വീകരിക്കുമെന്ന് ഇ ശ്രീധരന്‍ പിന്നീട് മാധ്യമപ്രവര്‍ത്തകരോട് പറഞ്ഞു. ഇത്തരം കാര്യത്തില്‍ വിവാദം ഉണ്ടാക്കേണ്ട കാര്യമില്ല. പ്രധാനമന്ത്രിയുടെ സുരക്ഷയാണു പ്രധാനം. ഇക്കാര്യത്തില്‍ തനിക്കു വിഷമമുണ്ടായില്ലെന്നും ഇ ശ്രീധരന്‍ പറഞ്ഞു.പ്രധാനമന്ത്രിയെ സ്വീകരിക്കുന്നതിനായി സ്റ്റേഷനുകള്‍ സജ്ജമായിക്കഴിഞ്ഞുവെന്നും അദ്ദേഹം പറഞ്ഞു. വലിയ പ്രൊജക്റ്റുകള്‍ ഏറ്റെടുക്കുമ്പോള്‍ വെല്ലുവിളികള്‍ ഉണ്ടാവും. അത് ഏറ്റെടുത്തുകൊണ്ടുതന്നെയാണ് കൊച്ചി മെട്രോയ്‌ക്കൊപ്പം താന്‍ നിന്നത്.പദ്ധതി പൂര്‍ത്തിയാവുമ്പോ ള്‍ തനിക്കു വലിയ സന്തോഷമുണ്ടെന്നും ഇ ശ്രീധരന്‍ പറഞ്ഞു. അതേസമയം കൊച്ചി മെട്രോയുടെ രണ്ടാം ഘട്ട നിര്‍മാണത്തിന് ഇ ശ്രീധരന്‍ ഉണ്ടാവാന്‍ സാധ്യതയില്ലെന്ന സൂചനയാണു ലഭിക്കുന്നത്. ഇതുസംബന്ധിച്ച മാധ്യമപ്രവര്‍ത്തകരുടെ ചോദ്യത്തിനു രണ്ടാംഘട്ട നിര്‍മാണത്തിന് തന്റെ ആവശ്യം ഉണ്ടാവുമെന്നു തോന്നുന്നില്ലെന്നായിരുന്നു അദ്ദേഹത്തിന്റെ മറുപടി. രണ്ടാംഘട്ടം ചെയ്യാന്‍ കെഎംആര്‍എല്ലിനു പ്രാപ്തിയുണ്ടെന്നും ആദ്യഘട്ടത്തില്‍ പൂര്‍ണമായും താന്‍ ഉണ്ടാവുമെന്നും ശ്രീധരന്‍ പറഞ്ഞു.
Next Story

RELATED STORIES

Share it