കൊച്ചി മെട്രോയുടെ മുഖം തയ്യാറായി

കൊച്ചി: കേരളത്തിന്റെ ഗതാഗത സ്വപ്‌നങ്ങള്‍ക്കു പുതിയ വഴിത്തിരിവാകുമെന്നു പ്രതീക്ഷിക്കപ്പെടുന്ന കൊച്ചി മെട്രോ യാഥാര്‍ഥ്യമാവാന്‍ മാസങ്ങള്‍ മാത്രം ബാക്കിനില്‍ക്കേ മെട്രോയുടെ മുഖം ആന്ധ്രപ്രദേശിലെ ഫാക്ടറിയില്‍ ഒരുങ്ങി.ഡിസംബര്‍ മധ്യത്തോടെ കോച്ചുകള്‍ കേരളത്തിലെത്തും.
ഫ്രഞ്ച് കമ്പനി ആല്‍സ്‌റ്റോമിന്റെ നേതൃത്വത്തില്‍ ആന്ധ്രയിലെ ശ്രീസിറ്റിയിലെ ഫാക്ടറിയിലാണ് കോച്ച് നിര്‍മാണം നടക്കുന്നത്. കേരളീയ മാതൃകയില്‍ തന്നെ കൊച്ചി മെട്രോയുടെ കോച്ചുകളും വേണമെന്ന താല്‍പര്യത്തിന്റെ അടിസ്ഥാനത്തില്‍ ഗജവീരന്റെ മുഖസാദൃശ്യമാണ് കൊച്ചി മെട്രോയുടെ മുഖത്തിനു നല്‍കിയിരിക്കുന്നതെന്നാണ് കോച്ച് നിര്‍മാതാക്കള്‍ പറയുന്നത്. മുഖപ്പിലെ ഇരുവശത്തുമുള്ള ലൈറ്റുകള്‍ ഗജവീരന് അഴകുനല്‍കുന്ന കൊമ്പുകളെ ഓര്‍മിപ്പിക്കുന്ന വിധമാണു നിര്‍മിച്ചിരിക്കുന്നത്. നെറ്റിപ്പട്ടത്തിന്റെ ആകൃതിയിലാണ് മുന്‍വശത്തെ ചില്ലു ക്രമീകരിച്ചിരിക്കുന്നത്. സാഗരനീലിമയാണ് കൊച്ചി മെട്രോയുടെ കോച്ചുകള്‍ക്കു നല്‍കിയിരിക്കുന്നത്. മെട്രോയുടെ മുഖചിത്രം കഴിഞ്ഞ ദിവസം സോഷ്യല്‍ മീഡിയയിലൂടെ കെഎംആര്‍എല്‍ പുറത്തുവിട്ടു. നിര്‍മാണം പൂര്‍ത്തിയാക്കി കൊച്ചിയില്‍ എത്തുന്ന കോച്ചുകള്‍ ആലുവ മുട്ടത്തുള്ള യാര്‍ഡിലേക്കു കൊണ്ടുപോവും.
ആലുവ മുതല്‍ തൃപ്പൂണിത്തുറ പേട്ടവരെയാണ് കൊച്ചി മെട്രോയുടെ ആദ്യഘട്ടം നിര്‍മിക്കാന്‍ തീരുമാനിച്ചിരിക്കുന്നതെങ്കിലും തുടക്കത്തില്‍ ആലുവ മുതല്‍ പാലാരിവട്ടം വരെ മാത്രമെ മെട്രോ സര്‍വീസ് നടത്താന്‍ സാധ്യതയുള്ളൂവെന്നാണു സൂചന. 2016 ജൂണില്‍ കൊച്ചി മെട്രോ സര്‍വീസ് ആരംഭിക്കുമെന്നാണ് പ്രതീക്ഷിക്കുന്നത്. ജനു വരി അവസാനത്തോടെ പരീക്ഷണ ഓട്ടം ആരംഭിക്കും. ആലുവ മുട്ടം മുതല്‍ പത്തടിപ്പാലം വരെയായിരിക്കും ആദ്യ പരീക്ഷണ ഓട്ടം നടത്തുക.
Next Story

RELATED STORIES

Share it