Flash News

കൊച്ചി മെട്രോയുടെ പുതിയ സര്‍വീസ് നാളെ ആരംഭിക്കും



കൊച്ചി: മഹാരാജാസ് കോളജ് ഗ്രൗണ്ട് വരെയുള്ള കൊച്ചി മെട്രോയുടെ പുതിയ സര്‍വീസ് നാളെ ആരംഭിക്കും. രാവിലെ 10നു കലൂര്‍ സ്‌റ്റേഡിയം സ്‌റ്റേഷനില്‍ മുഖ്യമന്ത്രി പിണറായി വിജയനും കേന്ദ്ര നഗരവികസനമന്ത്രി ഹര്‍ദീപ് സിങ് പുരിയും മെട്രോയുടെ രണ്ടാം ഭാഗം സര്‍വീസ് ഫഌഗ്ഓഫ് ചെയ്യും. കലൂര്‍ സ്‌റ്റേഡിയം സ്‌റ്റേഷനില്‍ നിന്നു മുഖ്യമന്ത്രിയും കേന്ദ്രമന്ത്രിയും മെട്രോ ട്രെയിനില്‍ കയറിയാണ് ടൗണ്‍ഹാളിലെ ഉദ്ഘാടനച്ചടങ്ങിന് എത്തുക. തുടര്‍ന്ന് 11 മണിയോടെ ടൗണ്‍ഹാളില്‍ നടക്കുന്ന ചടങ്ങില്‍ മെട്രോയുടെ ആദ്യഘട്ടത്തിലെ രണ്ടാംഭാഗം മുഖ്യമന്ത്രി ഔദ്യോഗികമായി ഉദ്ഘാടനം ചെയ്യും. ഫിഫ ലോകകപ്പ് ആരംഭിക്കുന്ന 7നു മുമ്പ് ലോകകപ്പ് പരിശീലനവേദിയും മല്‍സരവേദിയുമൊക്കെ ഉള്‍ക്കൊള്ളുന്ന നഗരത്തിന്റെ ഹൃദയഭാഗത്തേക്ക് മെട്രോ സര്‍വീസ് നടത്തും. ഇതോടെ മെട്രോ സഞ്ചരിക്കുന്ന ദൂരം 18 കിലോമീറ്ററായി ഉയരും. നിലവിലെ സ്‌റ്റേഷനുകളുടെ എണ്ണം 11ല്‍ നിന്ന് 16 ആവും. ജവഹര്‍ലാല്‍ നെഹ്‌റു സ്‌റ്റേഡിയം, കലൂര്‍, ലിസി, എംജി റോഡ്, മഹാരാജാസ് കോളജ് ഗ്രൗണ്ട് എന്നിവയാണ് പുതിയ സ്റ്റേഷനുകള്‍. അഞ്ചു കിലോമീറ്റര്‍ ദൂരം വരുന്ന കലൂര്‍ സ്റ്റേഡിയം മുതല്‍ മഹാരാജാസ് വരെ 20 രൂപയാണ് ടിക്കറ്റ് നിരക്ക്. അത് 200 മീറ്റര്‍ പിറകിലുള്ള പാലാരിവട്ടം മുതലാണെങ്കില്‍ 30 രൂപയാവും. ആലുവയില്‍ നിന്നു കയറുന്ന ഒരാള്‍ക്ക് മഹാരാജാസ് ഗ്രൗണ്ട് സ്റ്റേഷനില്‍ ഇറങ്ങാന്‍ 50 രൂപ നല്‍കണം. കായികമേഖലയുമായി ബന്ധപ്പെടുത്തിയാണ് ജവഹര്‍ലാല്‍ നെഹ്‌റു സ്റ്റേഡിയം സ്റ്റേഷന്റെ രൂപകല്‍പന. സ്റ്റേഷനിലെ ചിത്രപ്പണികളില്‍ ഫുട്‌ബോളും ക്രിക്കറ്റുമെല്ലാം നിറഞ്ഞുനില്‍ക്കുന്നു. കലൂര്‍ സ്‌റ്റേഷനില്‍ സംസ്ഥാനത്തിന്റെ പ്രകൃതിഭംഗിയാണ് വിഷയം. പശ്ചിമഘട്ടം, മഴ, വെള്ളച്ചാട്ടങ്ങള്‍, ജലാശയങ്ങള്‍ എന്നിവയാണ് ഇവിടെയുള്ളത്. ലിസി സ്‌റ്റേഷനില്‍ കേരളത്തിന്റെ ജൈവവൈവിധ്യമായ തുമ്പികള്‍, ചിത്രശലഭങ്ങള്‍ എന്നിവ ചിത്രീകരിച്ചിരിക്കുന്നു. എംജി റോഡ് സ്‌റ്റേഷനില്‍ എറണാകുളം നഗരവും അതിന്റെ ചരിത്രവുമാണെങ്കില്‍ മഹാരാജാസ് സ്‌റ്റേഷനില്‍ വംശനാശം നേരിടുന്ന ജീവികളാണ് വിഷയം. പുതിയ സര്‍വീസിന്റെ ആദ്യദിവസം യാത്രയ്ക്ക് എത്തുന്നവര്‍ക്ക് അവരവരുടെ കാരിക്കേച്ചര്‍ സമ്മാനമായി ലഭിക്കും. ലിംക ബുക്ക് ഓഫ് റെക്കോര്‍ഡ്‌സില്‍ ഇടം നേടിയ സ്പീഡ് കാരിക്കേച്ചറിസ്റ്റ് ബി സജീവിന്റെ നേതൃത്വത്തില്‍ 10 കാര്‍ട്ടൂണിസ്റ്റുകളാണ് കന്നിയാത്രയ്ക്ക് എത്തുന്നവരുടെ ചിത്രങ്ങള്‍ തല്‍സമയം വരച്ചുനല്‍കുന്നത്. ഉദ്ഘാടനത്തോടനുബന്ധിച്ച് ഇന്നു രാവിലെ പരിസ്ഥിതി സംരക്ഷണമെന്ന ആശയം മുന്‍നിര്‍ത്തി ദര്‍ബാര്‍ ഹാളില്‍ നിന്നു മെട്രോ ഗ്രീന്‍ റണ്‍ എന്ന പരിപാടിയും സംഘടിപ്പിക്കും. ദര്‍ബാര്‍ ഹാള്‍ ഗ്രൗണ്ടില്‍ നിന്നു തുടങ്ങി മെട്രോ റൂട്ടിലൂടെ ജവഹര്‍ലാല്‍ നെഹ്‌റു സ്‌റ്റേഡിയത്തില്‍ എത്തി തിരിച്ചു ദര്‍ബാര്‍ ഹാള്‍ ഗ്രൗണ്ടില്‍ അവസാനിക്കുന്ന വിധത്തിലാണ് മെട്രോ ഗ്രീന്‍ റണ്ണിനു രൂപം നല്‍കിയിരിക്കുന്നത്.
Next Story

RELATED STORIES

Share it