ernakulam local

കൊച്ചി മണ്ഡലത്തില്‍ ഡൊമിനികിന് പിന്തുണയുമായി ഒമ്പത് പ്രസിഡന്റുമാര്‍

മട്ടാഞ്ചേരി: കൊച്ചി നിയോജക മണ്ഡലത്തില്‍ സിറ്റിങ് എംഎല്‍എ ഡൊമിനിക് പ്രസന്റേഷന് പിന്തുണയുമായി ഒമ്പത് മണ്ഡലം പ്രസിഡന്റുമാര്‍ രംഗത്ത്. മുന്‍ മേയര്‍ ടോണി ചമ്മണിയെ മല്‍സരിപ്പിക്കണമെന്നാവശ്യപ്പെട്ട് മണ്ഡലത്തിലെ ഒമ്പത് മണ്ഡലം പ്രസിഡന്റുമാര്‍ കെപിസിസിയോടാവശ്യപ്പെട്ടതായി കഴിഞ്ഞ ദിവസം ചില ദൃശ്യ മാധ്യമങ്ങളില്‍ വാര്‍ത്ത വന്ന പശ്ചാത്തലത്തിലാണ് മണ്ഡലത്തിലെ ഒമ്പത് മണ്ഡലം പ്രസിഡന്റുമാര്‍ ഒപ്പിട്ട വാര്‍ത്താ കുറിപ്പിറക്കിയത്. '
മണ്ഡലത്തില്‍ ടോണിയെ സ്ഥാനാര്‍ഥിയാക്കുമെന്ന അഭ്യൂഹം പരന്നിരുന്നു. ആകെ പന്ത്രണ്ട് മണ്ഡലം കമ്മിറ്റികളാണ് കൊച്ചി നിയോജക മണ്ഡലത്തിലുള്ളത്. ഇതില്‍ ചെറളായി, പുതിയറോഡ്, ചുള്ളിക്കല്‍ മണ്ഡലം പ്രസിഡന്റുമാര്‍ ഒഴികെയുള്ളവരാണ് ഇപ്പോള്‍ ഡൊമിനിക്കിനായി രംഗത്തെത്തിയത്.
കുമ്പളങ്ങി, ചെല്ലാനം, കണ്ണമാലി, പള്ളുരുത്തി, തോപ്പുംപടി, ഫോര്‍ട്ട്‌കൊച്ചി സൗത്ത്, ഫോര്‍ട്ട്‌കൊച്ചി നോര്‍ത്ത്, ഈരവേലി, പനയപ്പിള്ളി മണ്ഡലം പ്രസിഡന്റുമാരാണ് കഴിഞ്ഞ ദിവസം വന്ന വാര്‍ത്തകള്‍ക്കെതിരേ രംഗത്ത് വന്നിട്ടുള്ളത്. ഇതിന് പുറമേ കൊച്ചി നോര്‍ത്ത് ബ്ലോക്ക് പ്രസിഡന്റ് പി എച്ച് നാസര്‍, ഡിസിസി ജനറല്‍ സെക്രട്ടറി എം പി ശിവദത്തന്‍, ഡിസിസി അംഗം സുരേന്ദ്രന്‍ എന്നിവരും പ്രസ്താവനയില്‍ ഒപ്പിട്ടിട്ടുണ്ട്.
കൊച്ചി മണ്ഡലത്തില്‍ ടോണിയെ മല്‍സരിപ്പിക്കണമെന്ന ആവശ്യം ഒരു വിഭാഗം ശക്തമായി ഉന്നയിക്കുന്നതിനിടെയാണ് ബ്ലോക്ക് പ്രസിഡന്റിന്റെ നേതൃത്വത്തില്‍ ഭൂരിഭാഗം മണ്ഡലം പ്രസിഡന്റുമാരും സിറ്റിങ് എംഎല്‍എ കൂടിയായ ഡൊമിനിക് പ്രസന്റേഷന് വേണ്ടി രംഗത്ത് വന്നത്.
തങ്ങള്‍ കെപിസിസി ഉപസമിതിക്ക് മുന്നില്‍ ഡൊമിനിക് പ്രസന്റേഷന്റെ പേരാണ് നിര്‍ദേശിച്ചിട്ടുള്ളതെന്നും മറിച്ചുള്ള വാര്‍ത്തകള്‍ അടിസ്ഥാന രഹിതമാണെന്നും വാര്‍ത്താ കുറിപ്പില്‍ ചൂണ്ടിക്കാട്ടിയിട്ടുണ്ട്.
നാല് തവണയിലേറെ മല്‍സരിച്ചവര്‍ മാറി നില്‍ക്കണമെന്ന അഭിപ്രായം കൊച്ചിയിലെ മണ്ഡലം പ്രസിഡന്റുമാര്‍ ഉന്നയിച്ചതായും പ്രചരണമുണ്ടായിരുന്നു. എന്നാല്‍ മണ്ഡലം പ്രസിഡന്റുമാര്‍ ഡൊമിനിക് പ്രസന്റേഷന് അനുകൂലമായി പത്രകുറിപ്പിറക്കിയതോടെ ഇത്തരം അഭ്യൂഹങ്ങള്‍ക്ക് വിരാമമായിരിക്കുകയാണ്. എന്നാല്‍ നേതൃത്വം ടോണിക്ക് അനുകൂലമായ നിലപാട് സ്വീകരിക്കുമെന്ന പ്രതീക്ഷയിലാണ് മുന്‍ മേയറുടെ ക്യാംപ്.
Next Story

RELATED STORIES

Share it