Flash News

കൊച്ചി ബോട്ടപകടം : വിദേശ കപ്പലിന്റെ രേഖകള്‍ പിടിച്ചെടുക്കാന്‍ ഉത്തരവ്‌



കൊച്ചി: പുറംകടലില്‍ മല്‍സ്യബന്ധനത്തിനു പോയ ബോട്ടിലിടിച്ച് രണ്ടുപേരുടെ മരണത്തിനിടയാക്കിയ അംബര്‍ എല്‍ എന്ന വിദേശ ചരക്കുകപ്പലിന്റെ വോയേജ് ഡാറ്റാ റിക്കാഡര്‍ അടക്കമുള്ള രേഖകള്‍ പിടിച്ചെടുക്കാന്‍ ഹൈക്കോടതി  ഉത്തരവ്. അപകടത്തില്‍ കൊല്ലപ്പെട്ട മല്‍സ്യത്തൊഴിലാളി കുളച്ചല്‍ സ്വദേശി ആന്റണി ജോണിന്റെ ഭാര്യ സുജാത, പരിക്കേറ്റ ഏണസ്റ്റ് എന്നിവര്‍ നല്‍കിയ ഹരജിയിലാണ് രേഖകള്‍ പിടിച്ചെടുക്കാന്‍ ഷിപ്പിങ് ഡയറക്ടര്‍ ജനറലിന് കോടതി നിര്‍ദേശം നല്‍കിയത്. സംഭവത്തെക്കുറിച്ച് അന്വേഷിക്കാന്‍ കേന്ദ്ര സര്‍ക്കാരിനും ഷിപ്പിങ് ഡയറക്ടര്‍ ജനറലിനും നിര്‍ദേശം നല്‍കണമെന്ന് ആവശ്യപ്പെട്ടാണ് ഹരജിക്കാര്‍ കോടതിയെ സമീപിച്ചത്. ഫലപ്രദമായ അന്വേഷണത്തിന് കപ്പലിലെ വോയേജ് ഡാറ്റാ റെക്കോഡര്‍ അടക്കമുള്ള ഇലക്ട്രോണിക് രേഖകള്‍ പിടിച്ചെടുക്കണമെന്നും ഇവ നശിപ്പിക്കാന്‍ ഇടയുണ്ടെന്നും ഹരജിക്കാര്‍ വ്യക്തമാക്കിയിരുന്നു. അപകടമുണ്ടായ ജൂണ്‍ 11ലെ യാത്രാ വിവരങ്ങള്‍ രേഖപ്പെടുത്തിയ ഒഫിഷ്യല്‍ ലോഗ് ബുക്ക്, നൈറ്റ് ഓര്‍ഡര്‍ ബുക്ക്, ബെല്‍ ബുക്ക്, ജിപിഎസ് ചാര്‍ട്ട്, ജിപിഎസ് ലോഗ് ബുക്ക്, നാവിഗേഷന്‍ ചാര്‍ട്ട് തുടങ്ങിയവ പിടിച്ചെടുത്ത് സംരക്ഷിക്കണമെന്നും ഹരജിയില്‍ ആവശ്യപ്പെട്ടിരുന്നു.  രേഖകള്‍ പിടിച്ചെടുക്കാന്‍ വൈകുംതോറും ഇവ നശിപ്പിക്കപ്പെടാനും തെളിവുകള്‍ ഇല്ലാതാവാനുമുള്ള സാധ്യതയുണ്ടെന്നും ഹരജിയില്‍ ചൂണ്ടിക്കാട്ടി. കൊച്ചി അഴിമുഖത്തുനിന്ന് 14 നോട്ടിക്കല്‍ മൈല്‍ അകലെ ഞായറാഴ്ച പുലര്‍ച്ചെ രണ്ടരയോടെയാണ് കപ്പലിടിച്ച് കാര്‍മല്‍ മാത എന്ന മല്‍സ്യബന്ധന ബോട്ട് തകര്‍ന്നത്. ആന്റണി ജോണിനെ കൂടാതെ അസം സ്വദേശി രാഹുല്‍ ദാസും ദുരന്തത്തില്‍ മരണപ്പെട്ടു. അസം സ്വദേശി മോത്തി ദാസിനെ കാണാതാവുകയും ചെയ്തു. 14 പേരാണ് ബോട്ടില്‍ ഉണ്ടായിരുന്നത്. 11 പേരെ രക്ഷപ്പെടുത്തി. ഇവര്‍ ആശുപത്രിയില്‍ ചികില്‍സയിലാണ്.
Next Story

RELATED STORIES

Share it