Flash News

കൊച്ചി നേവല്‍ ബേസില്‍ നാവികന്‍ വെടിയേറ്റു മരിച്ചു



കൊച്ചി/മട്ടാഞ്ചേരി: കൊച്ചി നേവല്‍ ബേസില്‍ ഐഎന്‍എസ് ജമുന എന്ന നാവിക കപ്പലില്‍ സെക്യൂരിറ്റി സെന്‍ട്രി ഡ്യൂട്ടിയിലായിരുന്ന നാവികന്‍ വെടിയേറ്റു മരിച്ചു. ഗുജറാത്തിലെ ഖെഡ ജില്ലയില്‍ നിന്നുള്ള രക്ഷിത് കുമാര്‍ പര്‍മാര്‍ (23) ആണ് മരിച്ചത്. ഇന്നലെ രാവിലെ ഏഴരയോടെയാണു സംഭവം. രക്ഷിതിന്റെ കൈവശമുണ്ടായിരുന്ന തോക്കില്‍നിന്നാണു വെടിയേറ്റത്. അബദ്ധത്തില്‍ വെടി പൊട്ടിയാണ് മരണമെന്നാണു പ്രാഥമിക നിഗമനം. സംഭവത്തെക്കുറിച്ച് അന്വേഷിക്കാന്‍ പ്രത്യേക സംഘത്തെ നിയോഗിച്ചതായി നേവി അധികൃതര്‍ അറിയിച്ചു.നേവല്‍ ബേസില്‍ നങ്കൂരമിട്ടിരുന്ന ദക്ഷിണ നാവിക കമാന്‍ഡിനു കീഴിലുള്ള ഐഎന്‍എസ് ജമുന കപ്പലിലെ സുരക്ഷാ ജോലിക്കിടെയായിരുന്നു സംഭവം. ഇന്നലെ രാവിലെ ആറുമണിക്കാണ് രക്ഷിത് ഡ്യൂട്ടിക്കു കയറിയത്. 7.30ന് കപ്പലില്‍ നിന്നു വെടിശബ്ദം കേട്ടെന്നും തുടര്‍ന്ന് വെടിയേറ്റു നിലത്തുവീണ നിലയില്‍ രക്ഷിത് കുമാറിനെ കണ്ടെത്തുകയായിരുന്നുവെന്നും ഉദ്യോഗസ്ഥര്‍ പറഞ്ഞു. ഗുരുതരമായി പരിക്കേറ്റ നാവികനെ ഉടന്‍ നാവികസേനാ ആശുപത്രിയായ ഐഎന്‍എച്ച്എസ് സഞ്ജീവനിയില്‍ പ്രവേശിപ്പിച്ചെങ്കിലും 9.40ന് മരണം സംഭവിക്കുകയായിരുന്നു. ആത്മഹത്യയാണോ എന്നു പരിശോധിക്കുന്നുണ്ട്. രക്ഷിത് കുമാര്‍ പര്‍മാര്‍ നാലുവര്‍ഷമായി ഇന്ത്യന്‍ നേവിയില്‍ ജോലി ചെയ്യുന്നു. പോസ്റ്റ്‌മോര്‍ട്ടത്തിനുശേഷം നാവികന്റെ മൃതദേഹം ബന്ധുക്കള്‍ക്കു കൈമാറി. രക്ഷിത് കുമാര്‍ നേവിയില്‍ ഇലക്ട്രിക്കല്‍ മെക്കാനീഷ്യന്‍ (പവര്‍) 2 ആണ്. മാതാപിതാക്കളും ഒരു സഹോദരനുമുണ്ട്. അസ്വാഭാവിക മരണത്തിന് ഹാര്‍ബര്‍ പോലിസ് കേസ് രജിസ്റ്റര്‍ ചെയ്തു. ഫോറന്‍സിക് പരിശോധന ഉള്‍പ്പെടെ പൂര്‍ത്തിയാവാനുള്ളതിനാല്‍ കൂടുതല്‍ വിശദാംശങ്ങള്‍ പുറത്തുവിട്ടിട്ടില്ല.
Next Story

RELATED STORIES

Share it