കൊച്ചി നാവിക ആസ്ഥാനത്തെ പീഡനം: എസ്‌ഐടി അന്വേഷിക്കും

ന്യൂഡല്‍ഹി: കൊച്ചിയിലെ ദക്ഷിണമേഖല നാവികസേനാ ആസ്ഥാനത്തെ ലൈംഗികപീഡനം സംബന്ധിച്ച ആരോപണം സിബിഐ അന്വേഷിക്കണമെന്ന ആവശ്യം സുപ്രിംകോടതി തള്ളി. പ്രത്യേക സംഘം (എസ്‌ഐടി) രൂപീകരിച്ച് അന്വേഷണം നടത്താന്‍ നിര്‍ദേശിച്ചു.
പോലിസും നാവികസേനയും നടത്തുന്ന അന്വേഷണത്തില്‍ നീതി ലഭിക്കില്ലെന്നും സിബിഐക്ക് വിടണമെന്നും ആവശ്യപ്പെട്ട് ഉത്തരാഖണ്ഡ് സ്വദേശിയും നാവിക ആസ്ഥാനത്ത് ലഫ്റ്റനന്റ് ഉദ്യോഗസ്ഥനുമായ രവികിരണ്‍ കബ്ദുവിനെതിരേ ഭാര്യ സമര്‍പ്പിച്ച ഹരജിയാണ് ചീഫ് ജസ്റ്റിസ് ടി എസ് ഠാക്കൂര്‍ അധ്യക്ഷനായ ബെഞ്ച് പരിഗണിച്ചത്. ഭര്‍ത്താവും സുഹൃത്തുക്കളായ ആറു ഉദ്യോഗസ്ഥരും തന്നെ ലൈംഗികമായി പീഡിപ്പിക്കാന്‍ ശ്രമിച്ച കേസില്‍ പോലിസിന്റെ അന്വേഷണം തൃപ്തികരമല്ലെന്നാണ് യുവതിയുടെ ആരോപണം. കേസ് അട്ടിമറിക്കുകയാണെന്നും തെളിവു നശിപ്പിക്കുകയാണെന്നും ഇവര്‍ കുറ്റപ്പെടുത്തി. സംഭവം സിബിഐ അന്വേഷിക്കുന്നതിനെ എതിര്‍ക്കില്ലെന്ന് കേന്ദ്ര സര്‍ക്കാര്‍ സുപ്രിംകോടതിയെ അറിയിച്ചു.
എന്നാല്‍ സിബിഐ അന്വേണത്തെയും കേസ് ഡല്‍ഹിയിലേക്കു മാറ്റുന്നതിനെയും സംസ്ഥാന സര്‍ക്കാര്‍ എതിര്‍ത്തു. കേരളാ പോലിസിന്റെ അന്വേഷണം തൃപ്തികരമാണെന്നും ഹരജിക്കാരിയുടെ വാദത്തെ സാധൂകരിക്കുന്ന സാഹചര്യം നിലവിലില്ലെന്നും സംസ്ഥാന സര്‍ക്കാരിനുവേണ്ടി ഹാജരായ രമേശ് ബാബു ബോധിപ്പിച്ചു.
ഇരുകക്ഷികളുടെയും വാദം കേട്ടശേഷം പ്രത്യേകസംഘം അന്വേഷിക്കട്ടെയെന്ന് ഉത്തരവിട്ട കോടതി, ഇതിനായി കേരളാ ഡിജിപിക്ക് നിര്‍ദേശം നല്‍കി. ഡിഐജി റാങ്കില്‍ കുറയാത്ത ഉദ്യോഗസ്ഥനാവണം സംഘത്തിനു നേതൃത്വം നല്‍കേണ്ടത്. മൂന്നുമാസത്തിനകം അന്വേഷണം പൂര്‍ത്തിയാക്കി റിപോര്‍ട്ട് നല്‍കണമെന്നും കോടതി നിര്‍ദേശിച്ചു.
Next Story

RELATED STORIES

Share it