കൊച്ചി നഗരസഭ: സ്ഥാനാര്‍ഥിയാവാന്‍ തയ്യാറെന്ന് പത്മജ

കൊച്ചി: കൊച്ചി കോര്‍പറേഷന്‍ മേയര്‍ സ്ഥാനാര്‍ഥിയാവാന്‍ കോണ്‍ഗ്രസ്സില്‍ പിടിവലി മുറുകുന്നു. മേയര്‍ സ്ഥാനാര്‍ഥിയാവാന്‍ കെ.പി.സി.സി. വൈസ് പ്രസിഡന്റ് ലാലി വിന്‍സന്റ് താല്‍പ്പര്യം പ്രകടിപ്പിച്ചതിനു പിന്നാലെ ഇതേ ആഗ്രഹവുമായി പത്മജാ വേണുഗോപാലും രംഗത്തെത്തി. കൊച്ചി മേയറാവുന്നത് അംഗീകാരമായി കാണുന്നുവെന്നും പാര്‍ട്ടി പറഞ്ഞാല്‍ താന്‍ സ്ഥാനാര്‍ഥിയാവുമെന്നും പത്മജാ വേണുഗോപാല്‍ മാധ്യമപ്രവര്‍ത്തകരോട് പറഞ്ഞു.പാര്‍ട്ടി എന്തു പറഞ്ഞാലും താന്‍ അതു ചെയ്യുമെന്നും അതിനു വലുപ്പച്ചെറുപ്പമില്ലെന്നും പത്മജ പറഞ്ഞു.

മേയര്‍ സ്ഥാനാര്‍ഥിയാവുന്നതിന് സാമുദായിക ഘടകം തനിക്കനുകൂലമെന്നു നേരത്തേ കെ.പി.സി.സി. വൈസ് പ്രസിഡന്റ് ലാലി വിന്‍സന്റ് അവകാശപ്പെട്ടിരുന്നു. ഇത് ശ്രദ്ധയില്‍പ്പെടുത്തിക്കൊണ്ട് യു.ഡി.എഫിന്റെ മേയര്‍ സ്ഥാനാര്‍ഥിത്വത്തിലെ സാമുദായിക ഘടകത്തെക്കുറിച്ചുള്ള ചോദ്യങ്ങള്‍ക്കു കരുണാകരന്റെ കുടുംബത്തിനു സാമുദായിക ഘടകങ്ങള്‍ വേണ്ട എന്നായിരുന്നു പത്മജയുടെ മറുപടി. എല്ലാ ജാതിമതസ്ഥരോടും ഒരേപോലെ പെരുമാറിയിരുന്ന കരുണാകരന്റെ മകളാണ് താന്‍. ഗ്രൂപ്പ് സമവാക്യങ്ങള്‍ തനിക്കു പ്രശ്‌നമാവില്ല. മല്‍സരത്തിനു വലിയ തയ്യാറെടുപ്പുകള്‍ ആവശ്യമില്ലെന്നും അവര്‍ പറഞ്ഞു.

നിലവിലെ ഡെപ്യൂട്ടി മേയര്‍ ബി ഭദ്രയുടെ മേയര്‍ സ്ഥാനാര്‍ഥിത്വത്തിന്റെ സാധുത സംബന്ധിച്ച ചോദ്യത്തിന് ഡെപ്യൂട്ടി മേയറെ മേയറാക്കുന്ന കീഴ്‌വഴക്കം കോണ്‍ഗ്രസ്സിലില്ലെന്നും പത്മജ പ്രതികരിച്ചു. അതേസമയം, ഏതെങ്കിലും ഡിവിഷനില്‍ നിന്നു ജയിക്കുകയും പാര്‍ട്ടി അംഗീകരിക്കുകയും ചെയ്താല്‍ പത്മജ മേയറാവുന്നതില്‍ തനിക്കു സന്തോഷം മാത്രമേയുള്ളൂവെന്ന് ലാലി വിന്‍സന്റ്  മാധ്യമങ്ങളോടു പറഞ്ഞു.
Next Story

RELATED STORIES

Share it