കൊച്ചി നഗരസഭയുടെ നിലപാട് വിവാദമാവുന്നു

കൊച്ചി: കൊച്ചി നഗരസഭയിലെ ഫയലുകള്‍ ആക്രിക്കടയില്‍ കണ്ടെത്തിയ സംഭവത്തില്‍ കുറ്റക്കാരായ ജൂനിയര്‍ ഹെല്‍ത്ത് ഇന്‍സ്‌പെക്ടര്‍ക്കും രണ്ടു ജീവനക്കാര്‍ക്കുമെതിരെ കടുത്ത ശിക്ഷാനടപടി സ്വീകരിക്കണമെന്ന് നഗരസഭയിലെ മുന്‍ സെക്രട്ടറിയുടെ അന്വേഷണ റിപോര്‍ട്ട്. അതേസമയം പൂര്‍ണമായും കുറ്റക്കാരെന്ന് കണ്ടെത്തുന്നതിന് മുന്‍പ് ഉദ്യോഗസ്ഥര്‍ക്കെതിരായ നടപടികള്‍ പരസ്യപ്പെടുത്തുന്നത് അവരുടെ സ്വകാര്യതയിലേക്കുള്ള കടന്നുകയറ്റമാവുമെന്ന് വിവരാവകാശ നിയമ പ്രകാരം നല്‍കിയ അപേക്ഷയക്ക് നഗരസഭ മറുപടി നല്‍കി.
ഫയലുകള്‍ ആക്രിക്കടയില്‍ കണ്ടെത്തിയ സംഭവത്തില്‍ ബന്ധപ്പെട്ട ഉദ്യോഗസ്ഥര്‍ക്കെതിരെ നഗരസഭ എന്തു നടപടിയാണ് സ്വീകരിച്ചത് എന്നു വ്യക്തമാക്കണമെന്നാവശ്യപ്പെട്ട് വിവരാവകാശ പ്രവര്‍ത്തകനായ ഡി ബി ബിനു നല്‍കിയ അപേക്ഷയ്ക്ക് നഗരസഭ സുപ്രണ്ട് (ജനറല്‍) കെ ആര്‍ സച്ചിദാനന്ദന്‍ നല്‍കിയ വിവരാവകാശ രേഖയിലാണ് ഇക്കാര്യങ്ങള്‍ വ്യക്തമാക്കുന്നത്. ഫയലുകള്‍ നഗരസഭാ സെക്രട്ടറിയുടെ അനുവാദം കൂടാതെ ആക്രിക്കടയില്‍ എത്തിച്ചേര്‍ന്നതെങ്ങനെയെന്ന ചോദ്യത്തിന് നഗരസഭയിലെ ആരോഗ്യ വിഭാഗത്തിലെ ഉദ്യോഗസ്ഥരും ജീവനക്കാരും കൃത്യമായ മറുപടി നല്‍കിയിട്ടില്ല. 20 വര്‍ഷംവരെ സൂക്ഷിക്കേണ്ട ഫയലുകള്‍ വില്‍ക്കുന്നതിനോ നശിപ്പിക്കുന്നതിനോ നഗരസഭ ആര്‍ക്കും അനുമതി നല്‍കിയിട്ടില്ല. ഫയലുകള്‍ കടയില്‍ വില്‍ക്കുന്നതിന് സൗകര്യം ഒരുക്കിക്കൊടുത്തതും പഴയ പേപ്പറുകള്‍ വാങ്ങണമെന്ന് കടയുടമയെ വിളിച്ചു പറഞ്ഞതും നിലവിലെ സര്‍വീസ് ചട്ടങ്ങളുടെ ലംഘനമാണെന്നും റിപോര്‍ട്ടില്‍ വ്യക്തമാക്കുന്നു. നഗരസഭ വാഹനത്തില്‍ തന്നെയാണ് കടകളില്‍ പഴയ ഫയലുകളും വേസ്റ്റ് പേപ്പറുകളും വില്‍പനയ്ക്ക് എത്തിച്ചത് എന്നും റിപോര്‍ട്ടില്‍ പറയുന്നു.
ചട്ടപ്രകാരമല്ലാതെ ഫയലുകള്‍ ശുചീകരണത്തൊഴിലാളികള്‍ക്ക് വില്‍പന നടത്തുന്നതിന് സഹായം നല്‍കിയ 17ാം സര്‍ക്കിളിലെ ജൂനിയര്‍ ഹെല്‍ത്ത് ഇന്‍സ്‌പെക്ടര്‍, നഗരസഭയിലെ സ്ഥിരം കണ്ടിജന്റ് ജീവനക്കാരായ ജോണ്‍സണ്‍, ജോഷി എന്നിവര്‍ക്ക് കടുത്തശിക്ഷ നല്‍കണമെന്നും നഗരസഭ മുന്‍ സെക്രട്ടറിയുടെ അന്വേഷണ റിപോര്‍ട്ടില്‍ നിര്‍ദ്ദേശിക്കുന്നുണ്ട്. നാലു തൊഴിലാളികളെ താല്‍ക്കാലികമായി ജോലിയില്‍ നിന്ന് മാറ്റി നിര്‍ത്താനും സെക്രട്ടറി നിര്‍ദ്ദേശിച്ചിരുന്നു. എന്നാല്‍ നഗരസഭ ഉദ്യോഗസ്ഥനും ജീവനക്കാരും പൂര്‍ണമായി കുറ്റക്കാരാണെന്ന് കണ്ടെത്താനായിട്ടില്ലെന്നാണ് നഗരസഭയുടെ ഇപ്പോഴത്തെ നിലപാട്. ഇതിനായി പുതിയ അന്വേഷണം വല്ലതും നടക്കുന്നുണ്ടോ എന്ന വിവരാവകാശ പ്രവര്‍ത്തകന്റെ ചോദ്യത്തിന് സുപ്രണ്ട് മറുപടി നല്‍കിയിട്ടില്ല. നിലവില്‍ സര്‍വീസ് നിയമങ്ങള്‍ അനുസരിച്ചുള്ള നടപടികള്‍ മാത്രമാണ് സ്വീകരിച്ചു വരുന്നത് എന്നാണ് സുപ്രണ്ട് നല്‍കുന്ന മറുപടിയിലുള്ളത്. പൊതുതാല്‍പര്യമുള്ള വിവരങ്ങള്‍ തരാതെയുള്ള ഒളിച്ചുകളി നിയമവിരുദ്ധമാണെന്നും ഇതിനെതിരെ അപ്പീല്‍ നല്‍കു—മെന്നും ഡി ബി ബിനു അറിയിച്ചു.
Next Story

RELATED STORIES

Share it