Flash News

കൊച്ചിയില്‍ സ്പാനിഷ് മസാല രുചിച്ച് ബ്രസീല്‍



നിഖില്‍ ബാലകൃഷ്ണന്‍

കൊച്ചി: ഫിഫ അണ്ടര്‍ 17 ലോകകപ്പില്‍  ആരാധകരുടെ പ്രിയ ടീം ബ്രസീല്‍ സ്‌പെയിനെ തകര്‍ത്ത് പടയോട്ടം തുടങ്ങി. കലൂര്‍ അന്താരാഷ്ട്ര സ്റ്റേഡിയത്തില്‍ നടന്ന ഡി ഗ്രൂപ്പ് മല്‍സരത്തില്‍  യൂറോപ്യന്‍ കരുത്തുമായെത്തിയ സ്‌പെയിനിനെ ഒന്നിനെതിരെ രണ്ട് ഗോളുകള്‍ക്ക് തറപറ്റിച്ചാണ് ബ്രസീല്‍ ചാംപ്യന്‍ഷിപ്പിലെ ആദ്യം ജയം ആഘോഷിച്ചത്. നാലാം മിനിട്ടില്‍ ബ്രസീല്‍ പ്രതിരോധനിര താരം വെസ്‌ലി സമ്മാനിച്ച സെല്‍ഫ് ഗോളില്‍ മുന്നിലെത്തിയ സ്‌പെയിനിനെ ലിന്‍കോണിന്റെയും (25) പൗലിഞ്ഞോയുടെയും (45+1) ഗോളിലാണ് മഞ്ഞപ്പട മറികടന്നത്. കലൂര്‍ സ്റ്റേഡിയത്തില്‍ ആര്‍ത്തിരമ്പിയ ഫുട്‌ബോള്‍ പ്രേമികള്‍ക്ക് ലോകോത്തര നിലവാരത്തിലുള്ള കളി സമ്മാനിച്ചാണ് ബ്രസീലും സ്‌പെയിനും മടങ്ങിയത്.സംഭവബഹുലമായിരുന്നു ആദ്യപകുതി. കരുത്തരായ ബ്രസീലിനെ കാഴ്ച്ചക്കാരാക്കി നിര്‍ത്തി സ്‌പെയിനാണ് ആക്രമണം ആരംഭിച്ചത്. കളി തുടങ്ങി അഞ്ചാം മിനിറ്റില്‍ തന്നെ സ്‌പെയിന്‍ മുന്നിലെത്തി. ബ്രസീല്‍ പോസ്റ്റിലേക്ക് ഇരമ്പിയെത്തിയ സ്പാനിഷ് മുന്നേറ്റ നിരയില്‍ നിന്ന് ഫെറാന്‍ ടോറസ് പോസ്റ്റിലേക്ക് നീട്ടി നല്‍കിയ പന്ത് രക്ഷപെടുത്തുവാനുള്ള ബ്രസീലിയന്‍ പ്രതിരോധനിര താരം വെസ്‌ലിയുടെ ശ്രമം പിഴച്ചു. കാലില്‍ തട്ടിയ പന്ത് സ്വന്തം പോസ്റ്റിലേക്ക് പതിക്കുന്നത് നോക്കിനില്‍ക്കുവാനെ വെസ്‌ലിക്ക് സാധിച്ചുള്ളു. കേരള ചരിത്രത്തില്‍ ആദ്യമായി നടന്ന ഫിഫ ലോകകപ്പിലെ ആദ്യ ഗോള്‍ അങ്ങനെ സെല്‍ഫായി പരിണമിച്ചു.  പിന്നീട് കുറച്ച് മിനിട്ടുകള്‍കൂടിയേ യൂറോപ്യന്‍ കരുത്തുമായി കളത്തില്‍ സ്‌പെയിന്‍ സാനിധ്യമുണ്ടായിരുന്നു. ബ്രസീല്‍ പതിയെ മല്‍സരത്തിലേക്ക് തിരിച്ചുവന്നു. 17ാം മിനിട്ടില്‍ ബ്രസീലിയന്‍ മുന്നേറ്റ നിരതാരം പൗലിഞ്ഞോയുടെ ഷോട്ട് നേരിയ വ്യത്യാസത്തിലാണ് പുറത്തേക്ക് പോയത്. വരാനിരിക്കുന്ന ബ്രസീലിയന്‍  ആക്രമണങ്ങളുടെ സൂചനമാത്രമായിരുന്നു അത്. ബ്രസീലിന്റെ തിരിച്ചടിക്ക് നേതൃത്വം നല്‍കിയത് അന്റോണിയോ, ലിന്‍കോണ്‍, അലന്‍, ബ്രണര്‍ സഖ്യമാണ്. സ്‌പെയിനിന്റെ പ്രതിരോധ നിര ഏറെ പണിപ്പെട്ടാണ് ആക്രമണങ്ങളെ ചെറുത്തത്. പക്ഷെ അധികനേരം മഞ്ഞപ്പടയുടെ തിരിച്ചടികളെ തടഞ്ഞ് നിര്‍ത്തുവാന്‍ സ്പാനിഷ് ടീമിനായില്ല. 25ാം മിനിട്ടില്‍ ഇടതുപാര്‍ശ്വത്തിലൂടെ പന്തുമായി മുന്നേറിയ ബ്രണര്‍ പോസ്റ്റിലേക്ക് നീട്ടിനല്‍കി. സ്പാനിഷ് പ്രതിരോധനിരയുടെ ആശയക്കുഴപ്പം മുതലെടുത്ത ലിന്‍കോണ്‍ പോസ്റ്റിലേക്ക് നിറയൊഴിച്ചു (1-1). തടിച്ചുകൂടിയ ബ്രസില്‍ ആരാധകരുടെ മുന്നില്‍ സാംബ നൃത്തം ചവിട്ടിയാണ് ലിന്‍കോണ്‍ ഗോള്‍ ആഘോഷിച്ചത്.സ്പാനിഷ് ആക്രമണങ്ങള്‍ക്ക് ചുക്കാന്‍ പിടിക്കുമെന്ന് കരുതിയ അവരുടെ സൂപ്പര്‍താരം  ആബേല്‍ റൂയിസിന്റെ ഫോമിലായ്മ ടീമിനെ മുഴുവനായും ബാധിച്ചു. യൂറോകപ്പില്‍ 16 ഗോളടിച്ച് ഏവരെയും വിസ്മയിപ്പിച്ച റൂയിസിന്റെ നിഴല്‍മാത്രമാണ് മൈതാനത്ത് കണ്ടത്.  ആദ്യപകുതി പിരിയുന്നതിന് മുമ്പ് അധികമായി അനുവദിച്ച രണ്ട് മിനിറ്റ്  മഞ്ഞപ്പട മുതലെടുത്തു. സ്പാനീഷ് ബോക്‌സിലേക്ക് ഇരമ്പിയെത്തിയ മാര്‍ക്കോസ് അന്റോണിയോ പന്ത് പൗലിഞ്ഞോയ്ക്ക് നീട്ടി നല്‍കി. പ്രതിരോധ നിരയില്‍ നിന്ന് ഒഴിഞ്ഞ് നിന്ന് പൗലിഞ്ഞോ തന്റെ വലംകാലില്‍ ശക്തി ആവാഹിച്ച് സ്പാനിഷ് പോസ്റ്റിലേക്ക് തൊടുത്തു.(2-1) ബ്രസീലിന് മല്‍സരത്തില്‍ ഒരു ഗോളിന്റെ മുന്‍തൂക്കം. ആദ്യപകുതിയിലെ പിഴവുകള്‍ തിരുത്തിയാണ് സ്‌പെയിന്‍ രണ്ടാം പകുതി തുടങ്ങിയത്.  മല്‍സരത്തില്‍ നിറംമങ്ങി കളിച്ച ആബേല്‍ റൂയിസിനെ അല്‍പ്പം പിന്നോട്ടിറക്കിയ സ്‌പെയിന്‍ കോച്ച് സാന്റി മുന്നേറ്റത്തിന്റെ ചുമതല പംപിനും  ബെയ്റ്റിയയ്ക്കും കൈമാറി. സെര്‍ജിയോ ഗോമസിനെയും അല്‍വാരോ ഗാര്‍ഷ്യയെയും പിന്‍വലിച്ച് ജോസ് ലാറയ്ക്കും പെഡ്രോ റൂയിസിനും സ്പാനിഷ് കോച്ച് രണ്ടം പകുതിയില്‍ അവസരം നല്‍കി. ഇതില്‍ ജോസ് ലാറയായിരുന്നു കൂടുതല്‍ അപകടകാരി. രണ്ടാം പകുതിയില്‍ നിരവധി തവണയാണ് ലാറ പന്തുമായി ബ്രസീല്‍ പോര്‍മുഖത്തേക്ക് പാഞ്ഞത്. തുടരെ തുടരെ ആക്രമണം നടത്തിയെങ്കിലും സമനില പിടിക്കുവാനുള്ള സ്പാനിഷ് മോഹങ്ങള്‍ക്ക് വെസ്‌ലിയും ക്യാപ്റ്റന്‍ വിറ്റൗമടങ്ങിയ പ്രതിരോധ നിരയാണ് തടസം നിന്നത്. ഗോളി ഗബ്രിയല്‍ ബ്രാസോയ്ക്കും മഞ്ഞപ്പട നന്ദി പറയേണ്ടതുണ്ട്. 86-ാം മിനിട്ടില്‍ ഗോള്‍ സമ്പാദ്യം മൂന്നാക്കി മാറ്റുവാനുള്ള സുവര്‍ണ്ണാവസരമാണ് ബ്രസീലിന് നഷ്ടമായത്. അന്റോണിയോ സ്പാനിഷ് ബോക്‌സിലേക്ക് പന്തുമായി കയറുമ്പോള്‍ മുന്നില്‍ ഗോളി അല്‍വാരോ ഫെര്‍ണാണ്ടസ് മാത്രം. തന്റെ ഒപ്പം കുതിച്ച പൗലിഞ്ഞോയ്ക്ക് പന്ത് മറിച്ച് നല്‍കിയ അന്റോണിയോയ്ക്ക് പിഴച്ചു. പന്ത് ഗോളിയുടെ കൈകളില്‍ .  ലോംങ് വിസില്‍ മുഴുങ്ങിയമ്പോള്‍ ഡി ഗ്രൂപ്പിലെ ആദ്യജയവും വിലപ്പെട്ട മൂന്ന് പോയിന്റുമായി കോച്ച് കാര്‍ലോസ് അമേഡ്യുവും സംഘവും മടങ്ങി. ഇനി 10ന് ഉത്തരകൊറിയക്കെതിരെ ആത്മവിശ്വാസത്തോടെ മഞ്ഞപ്പടയ്ക്ക് ബൂട്ടുകെട്ടാം. അന്നുതന്നെ നൈജറിനെതിരെയാണ് സ്‌പെയിനിന്റെ രണ്ടാം മല്‍സരം.
Next Story

RELATED STORIES

Share it