കൊച്ചിയില്‍ വീട്ടുകാരെ ആക്രമിച്ച് കവര്‍ച്ച, സംഘത്തെക്കുറിച്ച് പോലിസിന് നിര്‍ണായക സൂചന ലഭിച്ചതായി വിവരം

കൊച്ചി: തൃപ്പൂണിത്തുറയിലും പുല്ലേപ്പടിയിലും വീട്ടുകാരെ ആക്രമിച്ച് കവര്‍ച്ച നടത്തിയ സംഘത്തെക്കുറിച്ച് പോലിസിന് നിര്‍ണായക സൂചന ലഭിച്ചതായി വിവരം. സംഘം ഉപയോഗിച്ച മൊബൈല്‍ഫോണിന്റെ ലൊക്കേഷന്‍ സൈബര്‍സെല്ലിന്റെ സഹായത്തോടെ കണ്ടെത്തിയതായാണ് അറിയുന്നത്. സമാനമായ രീതിയില്‍ വര്‍ഷങ്ങള്‍ക്കു മുമ്പ് തിരുവനന്തപുരത്ത് കവര്‍ച്ച നടത്തിയ സംഘത്തിന് ഇപ്പോഴത്തെ കവര്‍ച്ചകളുമായി ബന്ധമുണ്ടോയെന്നും പോലിസ് പരിശോധിക്കുന്നുണ്ട്. കൊച്ചിയില്‍ നിന്നു പുറപ്പെട്ട അന്വേഷണസംഘം മഹാരാഷ്ട്ര, മധ്യപ്രദേശ് അതിര്‍ത്തിപ്രദേശങ്ങളില്‍ പരിശോധന തുടരുകയാണ്. ഒപ്പം കേരളം കേന്ദ്രീകരിച്ചുള്ള അന്വേഷണവും പുരോഗമിക്കുകയാണ്.തൃപ്പൂണിത്തുറ എരൂരില്‍ മോഷണം നടന്ന ശേഷവും സ്ഥലത്തേക്ക് എത്തുന്നതിനു മുമ്പും കൊള്ളസംഘം കടന്നുപോവാന്‍ സാധ്യതയുള്ള എസ്എന്‍ കവലയിലെ രണ്ടു കടകളിലെ സിസിടിവി കാമറ ദൃശ്യങ്ങള്‍ പോലിസ് പരിശോധിച്ചു. എന്നാല്‍, ഈ ദിവസങ്ങളില്‍ കാമറകള്‍ പ്രവര്‍ത്തനരഹിതമായിരുന്നുവെന്നു കണ്ടെത്തിയിട്ടുണ്ട്. വീട്ടില്‍നിന്നു ശേഖരിച്ച വിരലടയാളങ്ങള്‍ ആധാര്‍ വിവരങ്ങളുമായി ഒത്തുനോക്കാനുള്ള നടപടിയും പോലിസ് ആരംഭിച്ചു. കവര്‍ച്ച നടത്തേണ്ട വീടുകള്‍ കണ്ടെത്താന്‍ സംഘത്തിന് നഗരത്തിലെ ഇതരസംസ്ഥാന തൊഴിലാളികളില്‍ ആരുടെയെങ്കിലും സഹായം ലഭിച്ചിരിക്കാമെന്ന സംശയത്തിന്റെ അടിസ്ഥാനത്തില്‍ ഈ നിലയ്ക്കും പോലിസ് അന്വേഷണം നടത്തുന്നുണ്ട്.തിരുവനന്തപുരത്തു നടന്ന ആക്രമണത്തിനും തൃപ്പൂണിത്തുറയിലെ കവര്‍ച്ചയ്ക്കും പിന്നില്‍ ഒരേ സംഘമാവാനാണു സാധ്യത എന്നതിലേക്കാണ് അന്വേഷണസംഘം എത്തിച്ചേര്‍ന്നിരിക്കുന്നത്. മഹാരാഷ്ട്രയിലെ പൂനെ കേന്ദ്രീകരിച്ചാണ്് പോലിസ് പ്രധാനമായും അന്വേഷണം നടത്തുന്നത്. സൂറത്തിലെ കടയുടെ വിവരങ്ങളും അന്വേഷണസംഘം ശേഖരിച്ചു. പ്രമുഖ വ്യവസായിയുടെ പുല്ലേപ്പടിയിലെ ബന്ധുവീട്ടില്‍ മോഷ്ടാക്കള്‍ കയറിയത് വലിയ കവര്‍ച്ച ലക്ഷ്യമിട്ടാണ്. എന്നാല്‍, വീട്ടില്‍ കൂടുതല്‍ ആളുണ്ടായിരുന്നതിനാല്‍ പദ്ധതി പാളി. അഞ്ചുപവന്‍ മാത്രമാണു ലഭിച്ചത്. ഇതേത്തുടര്‍ന്നാണു തൊട്ടടുത്ത ദിവസം എരൂരില്‍ കവര്‍ച്ചയ്ക്കു പദ്ധതിയിട്ടത്. 54 പവനും 20,000 രൂപയും ലഭിച്ചതോടെ സംഘം ലക്ഷ്യം പൂര്‍ത്തീകരിച്ചു മടങ്ങിയെന്നാണ് പോലിസ് നിഗമനം. ഇരുവീടുകളും മുന്‍കൂട്ടി തന്നെ കവര്‍ച്ചയ്ക്കായി കണ്ടെത്തിയെന്ന് പോലിസ് കരുതുന്നു. പുല്ലേപ്പടിയിലെ വീട്ടില്‍ കവര്‍ച്ച നടന്നതിന്റെ തലേന്ന് ആക്രിക്കച്ചവടത്തിനായി രണ്ടുപേര്‍ എത്തിയിരുന്നു. രണ്ടാമത് കവര്‍ച്ച നടന്ന എരൂരിലെ വീട്ടില്‍ ദിവസങ്ങള്‍ക്കു മുമ്പ് കിടക്കവിരി വില്‍ക്കാനായി ചിലര്‍ എത്തിയിരുന്നു. ഈ വഴിക്കും പോലിസ് അന്വേഷണം നടത്തുന്നുണ്ട്.
Next Story

RELATED STORIES

Share it