Flash News

കൊച്ചിയില്‍ ബംഗളൂരു ബ്ലാസ്റ്റ്, കൊമ്പന്‍മാര്‍ക്ക് പുതുവര്‍ഷത്തലേന്ന് നാണംകെട്ട തോല്‍വി

കൊച്ചിയില്‍ ബംഗളൂരു ബ്ലാസ്റ്റ്, കൊമ്പന്‍മാര്‍ക്ക് പുതുവര്‍ഷത്തലേന്ന് നാണംകെട്ട തോല്‍വി
X




നിഖില്‍ എസ് ബാലകൃഷ്ണന്‍

കൊച്ചി: സൗത്ത് ഇന്ത്യന്‍ ഡര്‍ബിയില്‍ ബംഗളൂരു എഫ്‌സിക്ക് തകര്‍പ്പന്‍ ജയം. തിങ്ങിനിറഞ്ഞ പതിനായിരക്കണക്കിന് ആരാധകരെ സാക്ഷിയാക്കി ബ്ലാസ്റ്റേഴ്‌സിനെ അവരുടെ മൈതാനത്ത് ഒന്നിനെതിരെ മൂന്ന് ഗോളുകള്‍ക്ക് തറപ്പറ്റിച്ചാണ് ബംഗളൂരു പുതുവര്‍ഷത്തെ വരവേറ്റത്. മല്‍സരത്തിലെ മുഴുവന്‍ ഗോളുകളും രണ്ടാം പകുതിയിലാണ് പിറന്നത്. ക്യാപ്റ്റന്‍ സുനില്‍ ചേത്രി 60ാം മിനിറ്റില്‍ പെനല്‍റ്റിയിലൂടെയും മല്‍സരത്തിന്റെ അധിക സമയത്ത് മിക്കു നേടിയ ഇരട്ട ഗോളുമാണ് സന്ദര്‍ശകര്‍ക്ക് മിന്നും ജയം സമ്മാനിച്ചത്. കളിതീരാന്‍ നിമിഷങ്ങള്‍ ശേഷിക്കെ പെക്കുസന്റെ വകയായിരുന്നു ബ്ലാസ്റ്റേഴ്‌സിന്റെ ആശ്വാസ ഗോള്‍. തോല്‍വിയോടെ ടൂര്‍ണമെന്റില്‍ ബ്ലാസ്റ്റേഴ്‌സിന്റെ നില കൂടുതല്‍ പരുങ്ങലിലായി. തുടര്‍ തോല്‍വികളില്‍ വലഞ്ഞ ബംഗളൂരു എഫ്‌സി ജയത്തോടെ സെമി ഫൈനല്‍ സാധ്യതകളും സജീവമാക്കി.
പ്രൊഫഷനല്‍ ഫുട്‌ബോളിന്റെ സൗന്ദര്യം ഒന്നാകെ ആവാഹിച്ച് പന്ത് തട്ടിയ ബംഗളൂരുവിനെ ഒരുഘട്ടത്തില്‍ പോലും വെല്ലുവിളിക്കുവാന്‍ ബ്ലാസ്റ്റേഴ്‌സിന് സാധിച്ചില്ല. സികെ വിനീതിന്റെ അസാനിധ്യം സമ്മാനിച്ച തിരിച്ചടിയും കൂടിയായതോടെ മല്‍സരത്തില്‍ ഒരിക്കല്‍ പോലും ബ്ലാസ്റ്റേഴ്‌സ് തിളങ്ങാനായില്ല.

ഗോള്‍ ഒഴിഞ്ഞു നിന്ന ആദ്യ പകുതി
ഫോമില്ലായ്മ വലയ്ക്കുന്ന സൂപ്പര്‍താരം ഇയാന്‍ ഹ്യുമിനെ മുന്നേറ്റ നിരയില്‍ ഒരിക്കല്‍ കൂടി അവതരിപ്പിച്ച് 4-2-3-1 ശൈലിയില്‍ മഞ്ഞക്കുപ്പായക്കാര്‍ കളത്തില്‍ ഇറങ്ങിയപ്പോള്‍ 4-1-4-1 ഫോര്‍മാറ്റില്‍ മിക്കുവിനെ മുന്നിലിറക്കിയാണ് ബംഗളൂരു പട നയിച്ചത്. ക്യാപ്റ്റന്‍ സുനില്‍ ചേത്രിയും മുന്നേറ്റക്കാരന്റെ റോളിലെത്തി. കഴിഞ്ഞ നാല് മല്‍സരങ്ങളില്‍ ഗോള്‍വല കാത്ത പോള്‍ റച്ചുബ്കയ്ക്ക് പകരം സുഭാഷിഷ് റോയി ചൗധരിയാണ് ഇന്നലെ മഞ്ഞപ്പടയുടെ വലകാത്തത്.

തുടക്കം മുതല്‍ ആക്രമണം
നിലപാട് തുടക്കത്തില്‍ വ്യക്തമാക്കിയത് ബംഗളൂരുവാണ്. കളി തുടങ്ങി അഞ്ച് മിനിറ്റിനുള്ളില്‍ തന്നെ രണ്ടിലധികം തവണയാണ് ചേത്രിയും സംഘവും കേരള പോസ്റ്റിലേക്ക് പട നയിച്ചത്. മിക്കുവും  ഉദന്ത സിങും ചേര്‍ന്ന് മെനഞ്ഞ മുന്നേറ്റങ്ങള്‍ നന്നേ പണിപ്പെട്ടാണ് ബ്ലാസ്റ്റേഴ്‌സ് കാവല്‍ ഭടന്മാര്‍ ചെറുത്തത്.  ഒമ്പതാം മിനിറ്റിലാണ് ബ്ലാസ്റ്റേഴ്‌സ് മുന്നേറ്റത്തിന് സ്റ്റേഡിയം സാക്ഷ്യം വഹിച്ചത്. പെകുസണ്‍ മുന്നോട്ട് കയറി വന്ന് പന്ത് സിഫ്‌നിയോസിന് കൈമാറിയെങ്കിലും ഗോളിലേക്കുള്ള ഷോട്ട് ദുര്‍ബലമായിരുന്നു. ചില മുന്നേറ്റങ്ങള്‍ മെനഞ്ഞെടുത്തുവെങ്കിലും ബംഗളൂരുവിന്റെ കളിമികവിന് മുന്നില്‍ ആദ്യ പകുതിയില്‍ പലപ്പോഴും ബ്ലാസ്റ്റേഴ്‌സിന് കാലിടറി. 42ാം മിനിട്ടില്‍ ലഭിച്ച കോര്‍ണര്‍ വലയിലിട്ട് ബംഗളൂരു ആഘോഷിക്കുവാനൊരുങ്ങിയപ്പോള്‍ റഫറിയുടെ ഫൗള്‍ വിസില്‍. ഇതടക്കം നിരവധി തവണ മഞ്ഞപ്പടയുടെ നെഞ്ചില്‍ തീ കോരിയിട്ടാണ് ബംഗളൂരു ആദ്യ പകുതി അവസാനിപ്പിച്ചത്.

കളം വാണ് ബംഗളൂരു എഫ്‌സി
നിര്‍ത്തിയിടത്ത് നിന്നാണ് സന്ദര്‍ശകര്‍ രണ്ടാം പകുതി തുടങ്ങിയത്. ചേത്രിയുടെ അത്യുഗ്രന്‍ ഹെഡ്ഡര്‍ ബ്ലാസ്റ്റേഴ്‌സ് പോസ്റ്റിനെ തൊട്ടുരുമി പുറത്തേക്ക്. വരാനിരിക്കുന്ന അപകടത്തിന്റെ സൂചനമാത്രമായിരുന്നു അത്. 60ാം മിനിറ്റില്‍ വീണ്ടും ചേത്രി പന്തുമായി ബ്ലാസ്റ്റേഴ്‌സ് പോസ്റ്റിലേക്ക്. ബോക്‌സിനുള്ളില്‍ നടന്ന കൂട്ടപൊരിച്ചിലുകള്‍ക്കിടയില്‍ പന്ത് സന്ദേശ് ജിങ്കന്റെ കൈയില്‍ തട്ടി. പെനല്‍റ്റിയുടെ രൂപത്തില്‍ വീണ്ടും ബ്ലാസ്റ്റേഴ്‌സിന് തിരിച്ചടി. കിക്കെടുത്ത ചേത്രിക്ക് പിഴച്ചില്ല. ബംഗളൂരു ഒരു ഗോളിന് മുന്നില്‍. ഒരു ഗോളിന് മുന്നിലെത്തിയതോടെ ബംഗളൂരു കളിക്കളം അടക്കി വാണു.  മറുവശത്ത് തിരിച്ചടിക്കുവാന്‍ പോന്ന മുന്നേറ്റ നിരയുടെ അഭാവമാണ് ആതിഥേയരെ ചതിച്ചത്. ഹ്യൂമും സിഫ്‌നിയോസും അടങ്ങിയ മുന്നേറ്റ നിര ലക്ഷ്യബോധമില്ലാതെ മൈതാനത്ത് അലഞ്ഞ് തിരിയുകയായിരുന്നു.   ഇതിനിടയില്‍ ഇയാന്‍ ഹ്യുമിന് ലഭിച്ച ഫ്രീക്കിക് നേരിയ വ്യത്യാസത്തില്‍ ബംഗളൂരു പോസ്റ്റിനിടതുവശം ചേര്‍ന്ന് പുറത്തേക്കും പാഞ്ഞു. രണ്ടാം പകുതിയില്‍ ബ്ലാസ്റ്റേഴ്‌സിന് അനുകൂലമായി ലഭിച്ച ചില നിമിഷങ്ങളില്‍ ഒന്ന് മാത്രമായിരുന്നു അത്. 90 മിനിറ്റിന് ശേഷം അധികമായി ലഭിച്ച അഞ്ച് മിനിറ്റില്‍ ബംഗളൂരുവിന്റെ വക വീണ്ടും ഷോക്ക് ട്രീറ്റ്‌മെന്റ്. മിക്കുവിന്റെ കൃത്യതയാര്‍ന്ന ഫിനിഷിങ് രണ്ട് ഗോളിന്റെ ലീഡ് ബംഗളൂരുവിന് സമ്മാനിച്ചു. ഞെട്ടല്‍ മാറും മുമ്പ് വീണ്ടും മിക്കു മഞ്ഞപ്പടയുടെ വല കുലുക്കി. മൂന്ന് ഗോളിന്റെ തോല്‍വി മണത്ത ബ്ലാസ്റ്റേഴ്‌സിന് പെക്കുസണ്‍ ഒരു ഗോളിന്റെ കടം വീട്ടി നല്‍കിയെങ്കിലും ആശ്വസിക്കാന്‍ അത് മതിയാകുമായിരുന്നില്ല. ജയത്തോടെ പോയിന്റ് പട്ടികയില്‍ മൂന്നാം സ്ഥാനത്തേക്ക് ബംഗളൂരു കയറിയപ്പോള്‍ ബ്ലാസ്റ്റേഴ്‌സ് എട്ടാം സ്ഥാനത്ത് തുടരുകയാണ്.
Next Story

RELATED STORIES

Share it