Districts

കൊച്ചിയില്‍ കോണ്‍ഗ്രസ്സിനെ പ്രതിസന്ധിയിലാക്കി മുന്‍ ഡെപ്യൂട്ടി മേയര്‍

കൊച്ചി: വിധിയെഴുതാന്‍ മണിക്കൂറുകള്‍ മാത്രം ശേഷിക്കെ കൊച്ചിയില്‍ കോണ്‍ഗ്രസ്സിനെയും യുഡിഎഫിനെയും പ്രതിസന്ധിയിലാക്കി കൊച്ചി കോര്‍പറേഷന്റെ കഴിഞ്ഞ ഭരണസമിതിയിലെ ഡെപ്യൂട്ടി മേയര്‍ രംഗത്ത്. ഗ്രൂപ്പ് രാഷ്ട്രീയം കോണ്‍ഗ്രസ്സിനെ തളര്‍ത്തുകയാണെന്ന് കൊച്ചി കോര്‍പറേഷന്‍ മുന്‍ ഡെപ്യൂട്ടി മേയര്‍ ബി ഭദ്ര വാര്‍ത്താസമ്മേളനത്തില്‍ ആരോപിച്ചു. സ്ഥാനമൊഴിഞ്ഞ ഭരണസമിതിയിലെ ഡെപ്യൂട്ടി മേയറായിരുന്നു താനെങ്കിലും ഒരു ഗ്രൂപ്പിന്റെയും ആളാവാന്‍ കഴിയാത്തതാണ് തനിക്ക് ഇത്തവണ സീറ്റ് ലഭിക്കാതെ പോയതിനു കാരണമെന്ന് ഭദ്ര പറഞ്ഞു.
എന്നാല്‍, ഇതില്‍ തനിക്ക് പരാതിയോ സങ്കടമോ ഇല്ല. താന്‍ ഒരു ഗ്രൂപ്പിന്റെയും ആളായി നിന്നിട്ടില്ല. അതുകൊണ്ടു തന്നെ കോര്‍പറേഷനിലെ ബജറ്റ് അവതരണത്തില്‍ ഏറെ പ്രതിസന്ധി നേരിട്ടിരുന്നു. അവസാന വര്‍ഷം കെപിസിസി പ്രസിഡന്റ് ഇടപെട്ട ശേഷമാണ് തനിക്ക് ബജറ്റ് അവതരിപ്പിക്കാന്‍ കഴിഞ്ഞതെന്നും ഭദ്ര പറഞ്ഞു. പ്രതിപക്ഷംപോലും ഉന്നയിക്കാത്ത ആരോപണങ്ങളാണ് നഗരസഭയുടെ ധനസ്ഥിതിയെക്കുറിച്ച് ഭരണപക്ഷം പറഞ്ഞത്. തന്നെ ഏല്‍പ്പിച്ച ജോലി ഭംഗിയായി ചെയ്തു. ഗ്രൂപ്പ് രാഷ്ട്രീയത്തിന്റെ ഭാഗമാവാത്തതിനാല്‍ ഔദ്യോഗിക ജീവിതത്തില്‍ ഒട്ടേറെ ബുദ്ധിമുട്ടുകള്‍ നേരിടേണ്ടിവന്നു. ജയിച്ചുവന്നപ്പോള്‍ കോണ്‍ഗ്രസ് ആയാണു നിന്നത്. എന്നാല്‍, മേയര്‍ തിരഞ്ഞെടുപ്പില്‍ അട്ടിമറി നടന്നപ്പോള്‍പ്പോലും താന്‍ അമ്പരപ്പിലായിരുന്നു. പിന്നീട് പല ദുരനുഭവങ്ങളും നേരിടേണ്ടിവന്നു. ഇതൊക്കെ ജനങ്ങള്‍ തന്നെ വിലയിരുത്തട്ടെയെന്നും ഭദ്ര ചോദ്യത്തിന് മറുപടിയായി പറഞ്ഞു.
കൊച്ചിയില്‍ ജി ശങ്കരക്കുറുപ്പിന് സ്മാരകം പണിയാനുള്ള നീക്കങ്ങള്‍ റവന്യൂ മന്ത്രി ഇടപെട്ട് അട്ടിമറിച്ചതായും ഭദ്ര ആരോപിച്ചു. മുഖ്യമന്ത്രിക്കും ഇതു വ്യക്തമായി അറിയാം. യുഡിഎഫ് സര്‍ക്കാര്‍ കലാകാരന്മാരെയും എഴുത്തുകാരെയും ആദരിക്കുന്നില്ലെന്നും ഭദ്ര ചോദ്യത്തിന് മറുപടിയായി പറഞ്ഞു.
Next Story

RELATED STORIES

Share it