Sports

കൊച്ചിയില്‍ കേരളം ബ്ലാസ്റ്റ്

കൊച്ചിയില്‍ കേരളം ബ്ലാസ്റ്റ്
X
എ പി ഷഫീഖ്

കൊച്ചി: കണക്കു തീര്‍ത്ത് പ്രഥമ ഐ.എസ്.എല്ലിലെ റണ്ണേഴ്‌സപ്പായ കേരള ബ്ലാസ്റ്റേഴ്‌സ് ഉജ്ജ്വല വിജയത്തോടെ തുടങ്ങി. പ്രഥമ സീസണിലെ തങ്ങളുടെ ആദ്യ മല്‍സരത്തിലെ അതേ എതിരാളികളായ നോര്‍ത്ത് ഈസ്റ്റ് യുനൈറ്റഡിനെ തകര്‍ത്താണ് കേരളം രണ്ടാം സീസണിനെ വരവേറ്റത്. ഒന്നിനെതിരേ മൂന്നു ഗോളിനായിരുന്നു കൊച്ചി ജവഹര്‍ലാല്‍ നെഹ്‌റു സ്‌റ്റേഡിയത്തില്‍ തിങ്ങിനിറഞ്ഞ കാണികള്‍ക്കു മുന്നില്‍ മഞ്ഞക്കിളികള്‍ പറന്നുയര്‍ന്നത്.

isla

കേരളത്തിനു വേണ്ടി സ്പാനിഷ് മിഡ്ഫീല്‍ഡര്‍ ജോസു കുരിയാസും മലയാളി ഫോര്‍വേഡ് മുഹമ്മദ് റാഫിയും പകരക്കാരനായിറങ്ങിയ ഇംഗ്ലീഷ് ഫോര്‍വേഡ് സാഞ്ചസ് വാട്ടുമാണ്  ഗോള്‍ നേടിയത്. കളി അവസാനിക്കാന്‍ എട്ടു മിനിറ്റുകള്‍ ബാക്കിനില്‍ക്കേ ഇറ്റാലിയന്‍ ഫോര്‍വേഡ് നികോളാസ് ലിയാഡ്രോ വെലസാണ് നോര്‍ത്ത് ഈസ്റ്റിന്റെ ആശ്വാസ ഗോള്‍ തിരിച്ചടിച്ചത്.  ഒരു ഗോള്‍ നേടുകയും മറ്റൊരു ഗോളിന് വഴിയൊരുക്കുയും ചെയ്ത് റാഫി സ്വന്തം കാണികള്‍ക്കു മുന്നില്‍ മികച്ചുനിന്നു.



ബ്ലാസ്റ്റേഴ്‌സിനു വേണ്ടി ആദ്യ ഗോള്‍ നേടിയ ബാഴ്‌സലോണയുടെ യൂത്ത് മിഡ്ഫീല്‍ഡര്‍ ജോസുവിനാണ് ഹീറോ മാന്‍ ഓഫ് ദി മാച്ച് പുരസ്‌കാരം ലഭിച്ചത്. ഐ.എസ്.എല്ലില്‍ താരത്തിന്റെ കന്നി മല്‍സരം കൂടിയായിരുന്നു ഇത്.ഗോള്‍രഹിതമായ ആദ്യപകുതിക്കു ശേഷമാണ് കൊച്ചിയില്‍ തിങ്ങിനിറഞ്ഞ 60,000ത്തോളം കാണികളെ സാക്ഷി നിര്‍ത്തി ബ്ലാസ്‌റ്റേഴ്‌സ് സംഹാരതാണ്ഡവമാടിയത്. രണ്ടാംപകുതിയില്‍ ബ്ലാസ്റ്റേഴ്‌സ് കടന്നാക്രമണം നടത്തിയപ്പോള്‍ ആദ്യപകുതിയില്‍ പൊരുതിനിന്ന നോര്‍ത്ത് ഈസ്റ്റ് യുനൈറ്റഡ് തകര്‍ന്ന് തരിപ്പണമാവുകയായിരുന്നു. കഴിഞ്ഞ സീസണില്‍ നോര്‍ത്ത് ഈസ്റ്റിനോടുള്ള തങ്ങളുടെ ആദ്യ മല്‍സരത്തില്‍ ബ്ലാസ്‌റ്റേഴ്‌സ് ഏകപക്ഷീയമായ ഒരു ഗോളിന് പരാജയപ്പെട്ടിരുന്നു.

പിന്നീട് ഹോംഗ്രൗണ്ടില്‍ നടന്ന രണ്ടാംപാദത്തിലും ബ്ലാസ്റ്റേഴ്‌സിന് നോര്‍ത്ത് ഈസ്റ്റിന് മുന്നില്‍ വിജയിക്കാനായിരുന്നില്ല. ഇത്തവണ അതിനെല്ലാം കൂടി പലിശ സഹിതമാണ് ബ്ലാസ്റ്റേഴ്‌സ് നോര്‍ത്ത് ഈസ്റ്റിനോട് കണക്കുചോദിച്ചത്. ആദ്യപകുതിയിലും നിരവധി ഗോളവസരങ്ങള്‍ ബ്ലാസ്‌റ്റേഴ്‌സിനെ തേടിയെത്തിയിരുന്നു. ചില മികച്ച നീക്കങ്ങളുമായി ആദ്യപകുതിയില്‍ നോര്‍ത്ത് ഈസ്റ്റ് ബ്ലാസ്‌റ്റേഴ്‌സിനൊപ്പം പൊരുതി നിന്നെങ്കിലും രണ്ടാംപകുതിയില്‍ അവര്‍ക്ക് ഇതാവര്‍ത്തിക്കാനായില്ല.

kerala-blasters-islആറാം മിനിറ്റില്‍ ഇംഗ്ലണ്ട് ഫോര്‍വേഡ് ക്രിസ് ഡാഗ്‌നാലിലൂടെ ബ്ലാസ്‌റ്റേഴ്‌സ് ആദ്യ ഗോളിനുള്ള നീക്കം നടത്തിയെങ്കിലും ലക്ഷ്യത്തിലെത്തിക്കാനായില്ല. ഏഴാം മിനിറ്റില്‍ റാഫിയുടെ ഗോള്‍ പോസ്റ്റ് ലക്ഷ്യമാക്കിയുള്ള ഷോട്ട് പുറത്തേക്കു പോയി. 11ാം മിനിറ്റില്‍ മലയാളി മിഡ്ഫീല്‍ഡര്‍ സി കെ വിനീതിന്റെ ക്രോസ് രാഹുല്‍ ശങ്കര്‍ ബെഹേക്ക് പുറത്തേക്കടിച്ചു പാഴാക്കി. 12ാം മിനിറ്റില്‍  ഇറ്റാലിയന്‍ ഫോര്‍വേഡ് നികോളാസ് ലിയാഡ്രോ വെലസിന്റെ അപകടകരമായ ഷോട്ട് ബ്ലാസ്‌റ്റേഴ്‌സിന്റെ ഇംഗ്ലീഷ് ഗോള്‍കീപ്പര്‍ സ്റ്റീഫന്‍ ബയ്‌വാട്ടര്‍ ഉജ്ജ്വല സേവിലൂടെ കുത്തിയകറ്റുകയായിരുന്നു. 18,19 മിനിറ്റുകളില്‍ ബ്ലാസ്റ്റേഴ്‌സ് ഗോളിനായി കടന്നാക്രമണം നടത്തിയെങ്കിലും അവയൊന്നും ലക്ഷ്യത്തിലെത്തിയില്ല. 22ാം മിനിറ്റില്‍ വിനീതിന്റെ ഷോട്ട് നോര്‍ത്ത് ഈസ്റ്റ് ഗോള്‍കീപ്പര്‍ രഹ്‌നേഷ് അനായാസം കൈയ്യിലൊതുക്കി.

ആദ്യപകുതിയില്‍ ഇരു ടീമിനും ചില അവസരങ്ങള്‍ ലഭിച്ചെങ്കിലും ഗോള്‍ കണ്ടെത്താനായില്ല. ക്രിക്കറ്റ് ഇതിഹാസവും ടീമുടമയുമായ സചിന്‍ ടെണ്ടുല്‍ക്കറിനെ സാക്ഷിനിര്‍ത്തി രണ്ടാം പകുതിയില്‍ മഞ്ഞപ്പട കളംനിറഞ്ഞു കളിച്ചു. 49ാം മിനിറ്റിലാണ് ജോസുവിലൂടെ ആദ്യ ഗോള്‍ നേടിയത്. ബെഹേക്കിന്റെ ത്രോയില്‍ ബ്ലാസ്റ്റേഴ്‌സിന്റെ ബ്രസീലിയന്‍ ഡിഫന്‍ഡര്‍ ബ്രൂണോ പെറോണ്‍ ഹെഡ്ഡര്‍ ചെയ്തു. കഴിഞ്ഞ സീസണില്‍ ബ്ലാസ്‌റ്റേഴ്‌സിന്റെ താരമായ നോര്‍ത്ത് ഈസ്റ്റിന്റെ സെഡ്രിക് ഹെങ്ബര്‍ട്ട് ക്ലിയര്‍ ചെയ്തത് വിനീതിന്റെ കാലിലേക്കാണ്  പോയത്. വിനീതിന്റെ സിസര്‍ കട്ട് പാളിയപ്പോള്‍ അവസരം കാത്തുനിന്ന ജോസു തകര്‍പ്പന്‍ ഷോട്ടിലൂടെ നോര്‍ത്ത് ഈസ്റ്റിന്റെ ഗോള്‍ വലയിലേക്ക് അടിച്ചുകയറ്റി.

68ാം മിനിറ്റില്‍ റാഫിയുടെ ഊഴമായിരുന്നു. ഒന്നാം ഗോളിന് സമാനമായി ത്രോയില്‍ തന്നെയായിരുന്നു റാഫിയുടെ ഗോള്‍ നേട്ടവും. ബെഹേക്കിന്റെ തന്നെ ത്രോയില്‍ പീറ്റര്‍ റമംഗയുടെ ഹെഡ്ഡര്‍ റാഫിയുടെ തലയിലെത്തിയപ്പോള്‍ മലയാളി താരത്തിന് ഗോളിനായി പന്തിന്റെ ദിശമാത്രം മാറ്റിയാല്‍ മതിയായിരുന്നു. രണ്ടു ഗോള്‍ വീണതിന്റെ ഞെട്ടല്‍ മാറും മുമ്പ് കേരളം മൂന്നാം ഗോളും നിറയൊഴിച്ചു. ബ്ലാസ്‌റ്റേഴ്‌സ് ഗോളിയുടെ ലോങ് ഷോട്ട് റാഫി ഹെഡ്ഡറിലൂടെ നോര്‍ത്ത് ഈസ്റ്റിന്റെ ബോക്‌സിലെത്തിച്ചപ്പോള്‍ വാട്ട് ഗോളി രഹ്‌നേഷിന്റെ കാലിനിടയിലൂടെ പന്ത് വലയിലേക്ക് തൊടുക്കുകയായിരുന്നു. ബ്ലാസ്റ്റേഴ്‌സ് പ്രതിരോധത്തിലെ ചെറിയ വീഴ്ചയാണ് നോര്‍ത്ത് ഈസ്റ്റിന്റെ ആശ്വാസ ഗോളിന് വഴിയൊരുക്കിയത്. വെലസാണ് നോര്‍ത്ത് ഈസ്റ്റിന്റെ സ്‌കോറര്‍.
Next Story

RELATED STORIES

Share it