ernakulam local

കൊച്ചിയില്‍ കഞ്ചാവും മയക്കുമരുന്ന് ഗുളികയും പിടിച്ചു; മൂന്നു പേര്‍ പിടിയില്‍

കൊച്ചി: നഗരത്തില്‍ വീണ്ടും കഞ്ചാവു വേട്ട. നാലു കിലോ കഞ്ചാവും മാരാകമായ മയക്കുമരുന്ന് ഗുളികളും പോലിസ് കണ്ടെടുത്തു. സംഭവത്തില്‍ വാത്തുരുത്തി സ്വദേശി അജ്മല്‍(21), നെട്ടൂര്‍ സ്വദേശി ത്വാരിഖ്(19), മരട് സ്വദേശി നൗബില്‍(19) എന്നിവരെ കൊച്ചി ഷാഡോ പോലിസ് അറസ്റ്റ് ചെയ്തു.
അജ്മലിന്റെ കൈയില്‍നിന്നും— നാലുകിലോ കഞ്ചാവും ത്വാരിഖ്, നൗബില്‍ എന്നിവരില്‍നിന്ന് മയക്ക് ഗുളികകളും— പിടിച്ചെടുത്തു. ഇടുക്കിയില്‍നിന്നും എറണാകുളത്തേക്ക് കഞ്ചാവ് കടത്തുന്നതിനിടെ കളമശേരിയില്‍വച്ചാണ് അജ്മല്‍ പിടിയിലാവുന്നത്. ത്വാരിഖിനെയും നൗബിലിനെയും വൈറ്റില മൊബിലിറ്റി ഹബ്ബില്‍നിന്നുമാണ് പിടികൂടുന്നത്.
വിദ്യാര്‍ഥികള്‍ക്ക് കോളയിലും മറ്റ് ലഹരി പാനിയങ്ങളിലും കലര്‍ത്തി കുടിക്കുന്നതിനാണ് ഗുളികകള്‍ കോയമ്പത്തൂരില്‍നിന്നും കൊണ്ടുവന്നതെന്ന് ഇരുവരും പറഞ്ഞതായി പോലിസ് പറഞ്ഞു. ഈ ഗുളികകള്‍ ഡോക്ടറുടെ കുറിപ്പടിയില്ലാതെ വില്‍ക്കുന്നതും കൈവശം വയ്ക്കുന്നതും കുറ്റകരമാണ്. നേരത്തെ ഒറീസയില്‍നിന്നും കഞ്ചാവ് കടത്തിയിരുന്നുവെന്നും ഇത് വാറ്റി ഓയിലാക്കി ഗോവയിലെത്തിച്ചിരുന്നുവെന്നും അജ്മല്‍ സമ്മതിച്ചു.
കഞ്ചാവ് ഓയിലിന് ഗോവയിലെ പബ്ബുകളിലും റസ്‌റ്റോറന്റുകളിലും ആവശ്യക്കാര്‍ ഏറെയാണ്. അജ്മലിനെതിരേ ഒമ്പത് മയക്ക്മരുന്ന് കേസുകളുണ്ടെന്നും അന്തര്‍ സംസ്ഥാന മയക്കുമരുന്ന് സംഘത്തിലെ മുഖ്യകണ്ണിയാണ് ഇയാളെന്നും മൊബൈലില്‍നിന്നും മയക്കുമരുന്ന് സംഘത്തെക്കുറിച്ച് കൂടുതല്‍ വിവരങ്ങള്‍ ലഭിച്ചതായും പോലിസ് പറഞ്ഞു. ഗുണ്ടാ ആക്ട് പ്രകാരവും കേസെടുത്തിട്ടുണ്ട്. ഷാഡോ എസ്‌ഐ വി ഗോപകുമാര്‍, സിപിഒമാരായ രഞ്ജിത്, ആന്റണി, വിശാല്‍, യൂസഫ്, ഉണ്ണികൃഷ്ണന്‍ എന്നിവരുടെ നേതൃത്വത്തിലായിരുന്നു പരിശോധന.
Next Story

RELATED STORIES

Share it