ernakulam local

കൊച്ചിയില്‍ ആഢംബര നൗക ഉടന്‍: മന്ത്രി

മരട്: ഗോവയിലേതു പോലെ വിവാഹവും സമ്മേളനവും മറ്റും നടത്താന്‍ ഉതകുംവിധമുള്ള ആഢംബരനൗക നിര്‍മാണം ഉടന്‍ തുടങ്ങുമെന്ന് മന്ത്രി കെ ബാബു. നെട്ടൂരില്‍ മന്ത്രിയുടെ പ്രാദേശിക വികസന നിധി ഉപയോഗിച്ച് മരട് നഗരസഭയ്ക്ക് നിര്‍മിച്ചുനല്‍കിയ പുതിയ ബോട്ടിന്റെ കൈമാറ്റച്ചടങ്ങ് ഉദ്ഘാനം ചെയ്യുകയായിരുന്നു അദ്ദേഹം.
മംഗലാപുരത്തെ ഒരു കമ്പനിക്ക് ഇതിന്റെ നിര്‍മാണച്ചുമതല നേരത്തെ നല്‍കിയിരുന്നു. ഇന്‍ലാന്റ് നാവിഗേഷന്‍ കോര്‍പറേഷന്റെ അധീനതയിലുള്ള പ്രവൃത്തിയുമായി ബന്ധപ്പെട്ട് അവര്‍ ചില തര്‍ക്കങ്ങള്‍ ഉന്നയിച്ചതോടെ കരാര്‍ റദ്ദാക്കുകയും ഗോവയിലുള്ള മറ്റൊരു കമ്പനിക്ക് കരാര്‍ നല്‍കുകയും ചെയ്തിരിക്കുകയാണ്. നിര്‍മാണം ഉടന്‍ തുടങ്ങാനാവശ്യമായ നടപടികള്‍ ഇതിനകം പൂര്‍ത്തിയായിട്ടുണ്ട്. 200 യാത്രക്കാരെ വഹിക്കാന്‍ ശേഷിയുള്ള ഈ ആഢംബരകപ്പല്‍ ടൂറിസം രംഗത്ത് പുതിയൊരു അധ്യായമായിരിക്കുമെന്നും മന്ത്രി വ്യക്തമാക്കി.
നെട്ടൂര്‍ സമാന്തര പാലത്തിന്റെ ഒന്നാം സ്ലാബ് നിര്‍മാണം ജനുവരി 20ന് തുടങ്ങും. ചിലര്‍ ഉന്നയിച്ച ആരോപണങ്ങളുടെ പേരില്‍ വിജിലന്‍സ് കേസുണ്ടായതും മറ്റുമാണ് നിര്‍മാണത്തിന് തടസമായത്. നെട്ടൂര്‍ റയില്‍ മേല്‍പ്പാലത്തിന്റെ നിര്‍മാണവുമായി ബന്ധപ്പെട്ട അനിശ്ചിതത്വത്തിന് ഇന്ന് വിരാമമാകുമെന്നാണ് പ്രതീക്ഷ. എംപി.ഫണ്ട്, എംഎല്‍എമാരുടെ ഫണ്ട് എന്നിവയെല്ലാം ലഭ്യമായിട്ടുണ്ട്. ഇന്ത്യന്‍ ഓയില്‍ കോര്‍പറേഷന്റെ ചില നടപടിക്രമങ്ങളാണ് ഇനി ഉണ്ടാവേണ്ടത്. മറ്റെല്ലാ തടസങ്ങളും നീക്കി പദ്ധതി പ്രവര്‍ത്തനം തുടങ്ങാന്‍ സജ്ജമാണെന്ന് അദ്ദേഹം പറഞ്ഞു.
നെട്ടൂര്‍ അമ്പലക്കടവില്‍ സര്‍വീസ് നടത്തിയിരുന്ന ഫെറി ബോട്ട് കൂടെക്കൂടെ ഓടാത്തത് ശ്രദ്ധയില്‍പ്പെട്ടാണ് പുതിയൊരു ബോട്ടിന് തന്റെ എംഎല്‍എ. ഫണ്ട് ഉപയോഗിച്ച് നിര്‍മിക്കാന്‍ തീരുമാനിച്ചത്. ഇവിടുത്തെ കാലാവസ്ഥ കൂടി കണക്കിലെടുത്താണ് ബോട്ടിന്റെ രൂപകല്‍പ്പന നടത്തിയത്. 27 ലക്ഷം രൂപ ചെലവിലാണ് ബോട്ട് നിര്‍മിച്ചത്. തേവരയിലേക്ക് സുരക്ഷിത യാത്രയ്ക്ക് ഇനി ബോട്ട് ഉപകരിക്കും. ഇതിനൊപ്പം അഞ്ച് ഇരുചക്രവാഹനങ്ങളും ബോട്ടില്‍ കയറ്റാനാകുമെന്ന് മന്ത്രി പറഞ്ഞു.
മരട് നഗരസഭാധ്യക്ഷ അജിത നന്ദകുമാര്‍ അധ്യക്ഷത വഹിച്ചു. വൈസ് ചെയര്‍മാന്‍ കെ ഐ ദേവസി, വിവിധ സ്ഥിരംസമതി അധ്യക്ഷന്മാരായ ദിവ്യ, ജമീല, ബോബന്‍, കൗണ്‍ണ്‍സിലര്‍ ജോണ്‍സണ്‍, മുന്‍ ചെയര്‍മാന്‍ ടി കെ ദേവരാജന്‍, കെഎസ്‌ഐഎന്‍സി സാങ്കേതികവിഭാഗം അംഗം അനൂപ് ചടങ്ങില്‍ പങ്കെടുത്തു.
Next Story

RELATED STORIES

Share it