കൊച്ചിയില്‍നിന്നു പോയ 30 ബോട്ടുകളെക്കുറിച്ച് വിവരമില്ല

മട്ടാഞ്ചേരി: ഓഖി ചുഴലിക്കാറ്റിനു മുമ്പ് കൊച്ചിയില്‍നിന്നു കടലില്‍ മല്‍സ്യബന്ധനത്തിനു പോയ ഏഴു ബോട്ടുകളെക്കുറിച്ച് വിവരം ലഭിച്ചു. 30 ബോട്ടുകളെക്കുറിച്ച് വിവരമില്ല. ശക്തമായ കാറ്റിലും കടല്‍ക്ഷോഭത്തിലും അകപ്പെട്ടതിനെ തുടര്‍ന്ന് കാണാതായ ഏഴ് ബോട്ടുകളാണ് വലപ്പ, കാര്‍വാര്‍, ലക്ഷദ്വീപ് എന്നിവിടങ്ങളില്‍ എത്തിയതായി കൊച്ചിയിലുള്ളവര്‍ക്ക് വിവരം ലഭിച്ചത്. കൂടാതെ 23 ബോട്ടുകള്‍ മഞ്ഞപ്പാറ രത്‌നഗിരി 300 നോട്ടിക്കല്‍ മൈല്‍ അകലെ മല്‍സ്യബന്ധനത്തില്‍ ഏര്‍പ്പെട്ടിരിക്കുകയാണെന്നും സൂചനയുണ്ട്. ഇതുസംബന്ധിച്ച്് ഔദ്യോഗികമായി സ്ഥിരീകരണം ലഭിച്ചാല്‍ ബോട്ടുകളെക്കുറിച്ച് പുര്‍ണമായും വിവരം ലഭിക്കും.  ആളില്ലാതെ രണ്ട് ബോട്ടുകളും രണ്ട് ഫൈബര്‍ വള്ളങ്ങളും ഒഴുകിനടക്കുന്നതായി കണ്ടുവെന്ന് രക്ഷാപ്രവര്‍ത്തനത്തിന് നേവിയുടെ കപ്പലിലുണ്ടായിരിന്ന മല്‍സ്യത്തൊഴിലാളികള്‍ പറഞ്ഞു. എന്നാല്‍, ബോട്ടുകളും മൃതദേഹങ്ങളും കൊണ്ടുവരാനുള്ള സൗകര്യങ്ങള്‍ കപ്പലിലില്ലായിരുന്നുവെന്ന് തൊഴിലാളികള്‍ പറഞ്ഞു. അതേസമയം, ലക്ഷദ്വീപില്‍ നേരത്തേ അഭയം പ്രാപിച്ച 50 തൊഴിലാളികളെ ഇന്നലെ കൊച്ചിയില്‍ എത്തിച്ചു. ലക്ഷദ്വീപില്‍ അകപ്പെട്ട പത്ത് ബോട്ടും 120 തൊഴിലാളികളുമായി നേവിയുടെ കപ്പല്‍ കൊച്ചിയിലേക്ക് പുറപ്പെട്ടിട്ടുണ്ട്. ഇന്ന് രാവിലെ 9.30ന് തോപ്പും പടി ഹാര്‍ബറില്‍ തൊഴിലാളികളെ എത്തിക്കും. 12 തൊഴിലാളികളുമായി ലക്ഷദ്വീപില്‍ അകപ്പെട്ട പെരിയ നായകി എന്ന ബോട്ട് ഇന്നലെ രാത്രി എട്ട് മണിയോടെ കൊച്ചിയിലെത്തി. അപകടത്തില്‍പ്പെട്ട ബോട്ട് ഇന്ത്യന്‍ നേവിയാണ് രക്ഷപ്പെടുത്തി ലക്ഷദ്വീപില്‍ എത്തിച്ചത്. നാല് തൊഴിലാളികള്‍ക്ക് ഗുരുതര പരിക്കുകള്‍ സംഭവിച്ചു. നേവിയുടെ നേതൃത്വത്തില്‍ ചികില്‍സയും വസ്ത്രങ്ങളും നല്‍കിയതായി കൊച്ചിയില്‍ എത്തിയ തൊഴിലാളികള്‍ പറഞ്ഞു. തമിഴ്‌നാട് സ്വദേശികളായ ജോണ്‍ ബോസ്‌കോ, തദ്ദേവുസ, തോമസ് , ആദിത്യന്‍, രുപന്‍, രവികുമാര്‍ , മണികണ്ഠന്‍, ശങ്കര്‍, വീരമണി സതീഷ്, രാമലിംഗം  സിന്‍ഡ്രജാ  എന്നിവരാണ് പെരിയ നായഗി എന്ന ബോട്ടില്‍ കൊച്ചിയില്‍ എത്തിയത്.
Next Story

RELATED STORIES

Share it