ernakulam local

കൊച്ചിയിലെ വെള്ളക്കെട്ട് പരിഹരിക്കാന്‍ കോര്‍പറേഷന് ഇ ശ്രീധരന്റെ പിന്തുണ

കൊച്ചി: ചെറിയ മഴപെയ്താല്‍ പോലും വെള്ളത്തിലാകുന്ന കൊച്ചിയുടെ ശാപത്തിന് പരിഹാരം കാണാന്‍ ഡിഎംആര്‍സി മുഖ്യഉപദേഷ്ടാപ് ഇ ശ്രീധരന്റെ പിന്തുണ തേടി കൊച്ചി കോര്‍പറേഷന്‍. ഇതിന്റെ അടിസ്ഥാനത്തില്‍ ഇന്നലെ കൊച്ചി നഗരത്തില്‍ പ്രധാനമായും വെള്ളക്കെട്ടുകളുണ്ടാകുന്ന സ്ഥലങ്ങളില്‍ ഇ ശ്രീധരന്റെ നേതൃത്വത്തിലുള്ള സംഘമെത്തി പരിശോധനകള്‍ നടത്തി. ആദ്യ ഘട്ടമെന്നോണം പരീക്ഷണാര്‍ഥം പ്രധാന റോഡുകളായ പാര്‍ക്ക് അവന്യൂ റോഡ്, എംജി റോഡ്, ബാനര്‍ജി റോഡ്, ചിറ്റൂര്‍ റോഡ് തുടങ്ങിയവയിലെ വെള്ളക്കെട്ടുകള്‍ പരിഹരിക്കാനാണു കോര്‍പറേഷന്‍ തീരുമാനിച്ചിരിക്കുന്നത്.ഇതിന്റെ അടിസ്ഥാനത്തില്‍ ഇന്നലെ ബിടിഎച്ച് മുതല്‍ ഹൈക്കോടതി ജംഗ്ഷന്‍വരെയുള്ള പ്രദേശങ്ങളാണ് ഇ ശ്രീധരന്റെ നേതൃത്വത്തിലുള്ള വിദഗ്ധ സംഘം പരിശോധന നടത്തി. ഇതിന്റെ റിപോര്‍ട്ട് ലഭിച്ച ശേഷം പദ്ധതിക്കു തുടക്കം കുറിക്കുമെന്നു  മേയര്‍ സൗമിനി ജെയിന്‍ പറഞ്ഞു. അമൃത്, പ്ലാന്‍ ഫണ്ട് എന്നിവയില്‍ ഉള്‍പ്പെടുത്തി പദ്ധതിക്കായി പണം കണ്ടെത്താനാകുമെന്നും മഴക്കാലം എത്തുന്നതിനു മുന്‍പ് പ്രധാന വഴികളിലെ വെള്ളക്കെട്ടുകള്‍ക്കു പരിഹാരം കാണാനാകുമെന്നാണു കരുതുന്നതെന്നും അവര്‍ കൂട്ടിച്ചേര്‍ത്തു. പ്രധാന വഴികളില്‍ രൂപപ്പെടുന്ന വെള്ളക്കെട്ടിനെപ്പറ്റിയുള്ള വിശദ വിവരങ്ങള്‍ കോര്‍പറേഷന്‍ശ്രീധരന് കൈമാറിയിട്ടുണ്ട്. ഇതു സംബന്ധിച്ചുള്ള രൂപരേഖകളും കൈമാറി. പിഡബ്ല്യൂഡി, റെയില്‍വേ, വാട്ടര്‍ അഥോറിട്ടി, എന്‍എച്ച്എഐ തുടങ്ങി വിവിധ വകുപ്പകളെ ഏകോപിപിച്ചായിരിക്കും പദ്ധതി നടപ്പാക്കുക. കേര്‍പറേഷന്റെ എന്‍ജിനിയര്‍മാര്‍, പിഡബ്ല്യൂഡി എന്‍ജിനിയര്‍മാര്‍, ഡിഎംആര്‍സി എന്‍ജിനിയര്‍മാര്‍, കോര്‍പറേഷന്‍ മേയര്‍, സ്റ്റാന്‍ഡിംഗ് കമ്മിറ്റി ചെയര്‍മാന്‍മാര്‍ തുടങ്ങിയവര്‍ ഇ ശ്രീധരന്റെ കൂടെ പരിശോധനകള്‍ക്കായി എത്തിയിരുന്നു. വിവിധ വകുപ്പുകള്‍ ചേര്‍ന്നു പ്രവര്‍ത്തിച്ചാല്‍ വെള്ളക്കെട്ട് പ്രശ്‌നം പരിഹരിക്കാന്‍ സാധിക്കുമെന്നു പരിശോധനകള്‍ക്കു ശേഷം ഇ ശ്രീധരന്‍ മാധ്യമ പ്രവര്‍ത്തകരോട് പറഞ്ഞു.വെള്ളക്കെട്ട് കൂടാതെ കൊതുകു നിവാരണം സംബന്ധിച്ചും ചെയ്യേണ്ട കാര്യങ്ങളെപ്പറ്റി ഇ ശ്രീധരന്റെ ഉപദേശം കോര്‍പറേഷന്‍ തേടിയിട്ടുണ്ട്. ഇതിനായി കെ എന്‍ പണിക്കര്‍ തയാറാക്കിയ പഠന റിപോര്‍ട്ട് അദ്ദേഹത്തിനു കൈമാറിയതായും മേയര്‍ പറഞ്ഞു.
Next Story

RELATED STORIES

Share it