ernakulam local

കൊച്ചിയിലെ മാലിന്യ നീക്കത്തിന് നല്‍കിയ കരാര്‍ നഗരസഭ റദ്ദു ചെയ്യും



കൊച്ചി: ഭരണ പ്രതിപക്ഷ വ്യത്യാസമില്ലാതെ നഗരത്തിലെ മാലിന്യ നീക്കത്തില്‍ കൗണ്‍സിലര്‍മാര്‍ അതൃപ്തി രേഖപ്പെടുത്തിയതിനെ തുടര്‍ന്ന് മാലിന്യ നീക്കത്തിന് നല്‍കിയ കരാര്‍ റദ്ദുചെയ്യാന്‍ നഗരസഭ തീരുമാനിച്ചു. നിയമനിര്‍ദേശം ലഭിച്ച ശേഷം എത്രയും പെട്ടെന്ന് തീരുമാനം നടപ്പാക്കുമെന്ന് കൗണ്‍സിലിന് ശേഷം നടത്തിയ വാര്‍ത്താസമ്മേളനത്തില്‍ മേയര്‍ സൗമിനി ജെയിന്‍ പറഞ്ഞു. മാലിന്യനീക്കത്തിനായി പുതിയ കരാര്‍ വിളിക്കും. കരാര്‍ പ്രാബല്യത്തിലാകുന്നത് വരെയുളള കാലയളവില്‍ മാലിന്യനീക്കത്തിന്റെ ചുമതല നഗരസഭ ഏറ്റെടുക്കും. ഇതിനായി ഒരു ട്രിപ്പിന് 1320 രൂപ നിരക്കില്‍ ലോറികള്‍ വാടകയ്‌ക്കെടുക്കും. ആരോഗ്യസ്റ്റാന്റിങ്സമിതിയുടെ തീരുമാനത്തെ അട്ടിമറിച്ചുകൊണ്ടാണ് മേയറുടെ അധ്യക്ഷതയിലുളള സ്റ്റിയറിങ് കമ്മിറ്റി നിലവിലുളള കരാര്‍ നടപ്പാക്കാന്‍ തീരുമാനിച്ചതെന്ന് പ്രതിപക്ഷ കൗണ്‍സിലര്‍ വി പി ചന്ദ്രന്‍ ചൂണ്ടിക്കാട്ടി. ട്രിപ്പിന് പകരം മാലിന്യത്തിന്റെ തൂക്കത്തിനനസുരിച്ച് നിരക്ക് നിശ്ചയിച്ചതിനെ തുടര്‍ന്ന് പ്രതിമാസം 40 ലക്ഷം രൂപയുടെ നഷ്ടം സംഭവിച്ചതായി സി എ പീറ്റര്‍ പറഞ്ഞു. മാലിന്യനീക്കത്തിനായി വാഹനങ്ങള്‍ ലഭിക്കുന്നില്ലെന്ന് കൗണ്‍സിലര്‍മാര്‍ ഒന്നടങ്കം പരാതിപ്പെട്ടു. കൗണ്‍സിലിന്റെ അംഗീകാരത്തോടെയാണ് തീരുമാനം നടപ്പാക്കിയതെന്ന് മേയര്‍ പറഞ്ഞതോടെ പ്രതിപക്ഷം നടുക്കളത്തിലിറങ്ങി. മാലിന്യനീക്കത്തെ കുറിച്ച് ആലോചിക്കാനായി സര്‍വകക്ഷി യോഗം വിളിക്കാമെന്ന മേയര്‍ അഭ്യര്‍ഥിച്ചുവെങ്കിലും  പ്രതിപക്ഷം കൗണ്‍സില്‍ ബഹിഷ്‌കരിച്ചു. തുടര്‍ന്ന് മേയറുടെയും വിവിധ സ്റ്റാന്റിങ് കമ്മിറ്റി അധ്യക്ഷന്‍മാരുടെയും നേതൃത്വത്തില്‍ നടത്തിയ യോഗം കരാര്‍ റദ്ദ് ചെയ്യാന്‍ തീരുമാനമെടുത്തു.
Next Story

RELATED STORIES

Share it