Flash News

കൊച്ചിയിലെ മല്‍സരം : പ്രത്യേക പോലിസ് സേനയെ നിയോഗിക്കണമെന്ന് സചിന്‍



തിരുവനന്തപുരം: ക്രിക്കറ്റ് ഇതിഹാസം സചിന്‍ ടെണ്ടുല്‍ക്ക ര്‍ മുഖ്യമന്ത്രി പിണറായി വിജയനുമായി കൂടിക്കാഴ്ച നടത്തി. ഇന്നലെ രാവിലെ സെക്രട്ടേറിയറ്റില്‍ മുഖ്യമന്ത്രിയുടെ ഓഫിസിലായിരുന്നു കൂടിക്കാഴ്ച. ഇന്ത്യന്‍ സൂപ്പര്‍ലീഗ്, സചിന്‍ സ്‌പോണ്‍സര്‍ ചെയ്യുന്ന കേരള ബ്ലാസ്റ്റേഴ്‌സിന്റെ പദ്ധതികള്‍ എന്നിവ സംബന്ധിച്ചായിരുന്നു ചര്‍ച്ച. ഐഎസ്എല്‍- 2017 സീസണ്‍ 17ന് ആരംഭിക്കുകയാണ്. ഉദ്ഘാടന മല്‍സരം കൊച്ചിയിലാണ്. കൊച്ചിയിലെ മല്‍സരങ്ങള്‍ക്ക് സ്‌പെഷ്യല്‍ പോലിസ് ബറ്റാലിയനെ നിയോഗിക്കണമെന്ന് സചിന്‍ മുഖ്യമന്ത്രിയോട് അഭ്യര്‍ഥിച്ചു. സുരക്ഷാകാരണങ്ങളാല്‍ കൊച്ചി സ്റ്റേഡിയത്തില്‍ സീറ്റിന്റെ എണ്ണം കുറച്ചിട്ടുണ്ട്. കൂടുതല്‍ സുരക്ഷാസേനയുണ്ടെങ്കില്‍ സീറ്റ് വര്‍ധിപ്പിക്കാന്‍ കഴിയുമെന്നാണു കരുതുന്നത്. പോലിസിനെ നിയോഗിക്കുന്ന കാര്യം പരിഗണിക്കാമെന്നു മുഖ്യമന്ത്രി പറഞ്ഞു. എന്നാല്‍, സ്റ്റേഡിയവുമായി ബന്ധപ്പെട്ട കാര്യങ്ങള്‍ ജിസിഡിഎയുമായി സംസാരിക്കാന്‍ അദ്ദേഹം നിര്‍ദേശിച്ചു. താഴെ തലത്തില്‍ കളിക്കാരെ പരിശീലിപ്പിക്കാന്‍ ബ്ലാസ്റ്റേഴ്‌സിനുള്ള പദ്ധതികള്‍ സചിന്‍ വിശദീകരിച്ചു.കുട്ടികള്‍ക്ക് ഫുട്‌ബോള്‍ പരിശീലനം നല്‍കുന്ന പദ്ധതിയില്‍ മുഖ്യമന്ത്രി മതിപ്പു പ്രകടിപ്പിച്ചു. ഭാര്യ അഞ്ജലി, ബ്ലാസ്റ്റേഴ്‌സ് സിഇഒ വരുണ്‍ ത്രിപുരാനേനി, ഡയറക്ടര്‍ എന്‍ പ്രസാദ് എന്നിവരോടൊപ്പമാണ് സചിന്‍ മുഖ്യമന്ത്രിയെ കണ്ടത്.കേരള ബ്ലാസ്‌റ്റേഴ്‌സ് കേരളത്തിലെ ഫുട്‌ബോളിന്റെ വികസനത്തിനായി ചെയ്യുന്ന കാര്യങ്ങളെക്കുറിച്ച് മുഖ്യമന്ത്രിയോട് വിശദീകരിച്ചതായി കൂടിക്കാഴ്ചയ്ക്കു ശേഷം സചിന്‍ മാധ്യമങ്ങളോട് പറഞ്ഞു. ഐഎസ്എല്ലില്‍ കേരള ബ്ലാസ്‌റ്റേഴ്‌സിന്റെ ആദ്യമല്‍സരം കാണാന്‍ മുഖ്യമന്ത്രിയെ ക്ഷണിച്ചുവെന്നും എല്ലാവരുടെയും പിന്തുണ ടീമിന് വേണമെന്നും സചിന്‍ പറഞ്ഞു. കഴിഞ്ഞ വര്‍ഷവും സചിന്‍ മുഖ്യമന്ത്രിയുമായി കൂടിക്കാഴ്ച നടത്തിയിരുന്നു.
Next Story

RELATED STORIES

Share it