Flash News

കൊച്ചിയിലെ ഒബ്‌റോണ്‍ മാള്‍ കോര്‍പറേഷന്‍ അടച്ചുപൂട്ടി



കൊച്ചി: കൊച്ചി കോര്‍പറേഷന്‍ നല്‍കിയ സ്റ്റോപ് മെമ്മോ അവഗണിച്ച് പ്രവര്‍ത്തിച്ച ഒബ്‌റോണ്‍ മാള്‍ പൂട്ടാന്‍ ഹൈക്കോടതി ഉത്തരവ്. ഇതേത്തുടര്‍ന്ന് കോര്‍പറേഷന്‍ അധികൃതര്‍ എത്തി മാള്‍ പൂട്ടിച്ചു. മതിയായ സുരക്ഷാ സംവിധാനങ്ങളൊരുക്കാത്തതിനെത്തുടര്‍ന്നാണു മാള്‍ അടച്ചുപൂട്ടിയത്. അഗ്‌നിബാധയെ തുടര്‍ന്ന് മാളില്‍ നടത്തിയ പരിശോധനയില്‍ ഇവിടെ മതിയായ സുരക്ഷാ സംവിധാനങ്ങള്‍ ഒരുക്കിയിട്ടില്ലെന്നു കണ്ടെത്തിയിരുന്നു. അടിയന്തരമായി സുരക്ഷാസംവിധാനങ്ങള്‍ ഒരുക്കാനും അതുവരെ മാള്‍ അടച്ചിടണമെന്നും ആവശ്യപ്പെട്ടുകൊണ്ട് കോര്‍പറേഷന്‍ മാള്‍ അധികൃതര്‍ക്ക് സ്റ്റോപ്പ് മെമ്മോ നല്‍കി. എന്നാല്‍ മെമ്മോ അവഗണിച്ചും മാള്‍ പ്രവര്‍ത്തനം തുടര്‍ന്നു. ഈ ഘട്ടത്തില്‍ മാധ്യമവാര്‍ത്തകളുടെ അടിസ്ഥാനത്തില്‍  ഇടപെട്ട ഹൈക്കോടതി കോര്‍പറേഷനില്‍ നിന്നു വിശദീകരണം തേടി. കോര്‍പറേഷന്‍ സെക്രട്ടറി നേരിട്ട് കോടതിയില്‍ ഹാജരായി കാര്യങ്ങള്‍ വിശദീകരിച്ചു. തുടര്‍ന്നാണ്  മാള്‍ അടച്ചുപൂട്ടാനുള്ള കോടതി ഉത്തരവ്. ഇതോടെ കോര്‍പറേഷന്‍ അധികൃതര്‍ നേരിട്ടെത്തി മാള്‍ അടപ്പിക്കുകയായിരുന്നു. മാള്‍ അടപ്പിച്ചതടക്കം ഇതുവരെ സ്വീകരിച്ച മുഴുവന്‍ നടപടികളും കോര്‍പറേഷന്‍ സെക്രട്ടറി തന്നെ നേരിട്ടു ഹൈക്കോടതിയില്‍ ഹാജരായി വിശദീകരിക്കുകയും ചെയ്തു. കോര്‍പറേഷന്‍ അധികൃതരും അഗ്നിശമനസേനയും ചേര്‍ന്ന് മാളുകളില്‍ സുരക്ഷാ പരിശോധന നടത്തണമെന്ന് ഹൈക്കോടതി നിര്‍ദേശിച്ചിട്ടുണ്ട്. കോടതി ഇടപെടലിനെ തുടര്‍ന്ന് ഇന്നുതന്നെ മാളില്‍ കോര്‍പറേഷന്‍ അധികൃതരും അഗ്നിശമനസേനയും പരിശോധന നടത്തും. രണ്ടാഴ്ച മുമ്പാണ് ഒബ്‌റോണ്‍ മാളിലെ നാലാം നിലയില്‍ തീപ്പിടിത്തമുണ്ടായത്.
Next Story

RELATED STORIES

Share it