Cricket

കൊച്ചിയിലെ ഇന്ത്യ - വിന്‍ഡീസ് മല്‍സരം: നിര്‍ണായക ചര്‍ച്ച നാളെ

കൊച്ചിയിലെ ഇന്ത്യ - വിന്‍ഡീസ് മല്‍സരം: നിര്‍ണായക ചര്‍ച്ച നാളെ
X

കൊച്ചി: ഇന്ത്യ- വെസ്റ്റ് ഇന്‍ഡീസ് രാജ്യാന്തര ക്രിക്കറ്റ് മല്‍സരത്തിന് കൊച്ചി വേദിയാകുമോയെന്നത് സംബന്ധിച്ച് അന്തിമ തീരുമാനം നാളെ അറിയാം. ഇത് സംബന്ധിച്ച് കേരള ക്രിക്കറ്റ് അസോസിയേഷനും ഐഎസ്എല്‍ ഭാരവാഹികളുമായി നാളെ കൊച്ചിയില്‍ ചര്‍ച്ച നടത്തും. ഇന്ത്യന്‍ സൂപ്പര്‍ ലീഗിന്റെ ആദ്യപാദ ഹോം മല്‍സരങ്ങള്‍ നീട്ടിവച്ചാല്‍ നവംബര്‍ ഒന്നിന് തന്നെ കലൂര്‍ സ്റ്റേഡിയത്തില്‍ കളി നടത്താമെന്ന നിലപാടിലാണ് കെസിഎ. നിലവില്‍ നിശ്ചയിച്ച പ്രകാരം മല്‍സരം നടത്തണമെങ്കില്‍ ഒരുമാസം മുമ്പെങ്കിലും സ്റ്റേഡിയം പൂര്‍ണമായും കേരള ക്രിക്കറ്റ് അസോസിയേഷന് വിട്ട് നല്‍കണം. അതുകൊണ്ട് തന്നെ ആദ്യഘട്ടത്തില്‍ മൈതാനത്തിന്റെ ഉടമസ്ഥരായ ഗ്രേറ്റര്‍ കൊച്ചിന്‍ ഡവലപ്‌മെന്റ് അതോറിറ്റി (ജിസിഡിഎ)യുടെ നിലപാടായിരുന്നു നിര്‍ണായകം.  കെസിഎ പ്രതിനിധികള്‍ ജിസിഡിഎ ചെയര്‍മാന്‍ സിഎന്‍ മോഹനനുമായി നടത്തിയ ചര്‍ച്ചയില്‍ ക്രിക്കറ്റ് മല്‍സരം നടത്തുന്നതിന് സ്റ്റേഡിയം വിട്ട് നല്‍കുവാന്‍ തയാറാണെന്ന് അറിയിച്ചിരുന്നു. ഇനി ഐഎസ്എല്‍ ഭാരവാഹികളുടെ നിലപാടുകൂടി അനുകൂലമായാല്‍ കൊച്ചിയില്‍ നാല് വര്‍ഷത്തിന് ശേഷം വീണ്ടും ക്രിക്കറ്റ് മല്‍സരം നടക്കുമെന്ന് ഉറപ്പിക്കാം.  നേരത്തെ 2014ല്‍ കൊച്ചിയില്‍ അവസാനമായി രാജ്യാന്തര മല്‍സരം നടന്നപ്പോള്‍ ഇന്ത്യന്‍ സൂപ്പര്‍ലീഗ് ഭാരവാഹികള്‍ വിട്ടുവിഴ്ച്ചയ്ക്ക് തയറായിരുന്നു. അന്നും ഇന്ത്യ-വെസ്റ്റ് ഇന്‍ഡീസ് മല്‍സരമാണ് കൊച്ചിയില്‍ നടന്നത്. നാളെ നടക്കുന്ന ചര്‍ച്ചയില്‍ അനുകൂല തീരുമാനങ്ങളുണ്ടാകുമെന്നാണ് പ്രതീക്ഷയെന്ന് കേരള ക്രിക്കറ്റ് അസോസിയേഷന്‍ സെക്രട്ടറി ജയേഷ് ജോര്‍ജ് പറഞ്ഞു. സ്റ്റേഡിയം ക്രിക്കറ്റ് മല്‍സരത്തിനായി ഒരുക്കുകയെന്നതാണ് ജിസിഡിഎയുടെ മുന്നിലുള്ള വെല്ലുവിളി. സൂപ്പര്‍ ലീഗ് മല്‍സരങ്ങള്‍ നവംബര്‍ 15ന് ശേഷം നടത്തുവാന്‍ ചര്‍ച്ചയില്‍ തീരുമാനമായാല്‍ ഈ മാസം തന്നെ പിച്ച് ഒരുക്കുന്ന ജോലികളിലേക്ക് കെസിഎ കടക്കും. ഐഎസ്എല്‍, അണ്ടര്‍ 17 ലോകകപ്പ് ഫുട്‌ബോള്‍ മല്‍സരങ്ങള്‍ക്കായി പ്രതലം ഒരുക്കിയപ്പോള്‍ നേരത്തെയുണ്ടായിരുന്ന ക്രിക്കറ്റ് പിച്ച് ഇളക്കി മാറ്റിയിരുന്നു. കളിക്കുവാനെത്തുന്ന ടീമുകള്‍ക്ക് പരിശീലനം നടത്തുന്നതിനുള്ള പിച്ചുകള്‍ സ്റ്റേഡിയത്തിലുണ്ടെങ്കിലും കളിക്കായി മിനിമം മൂന്ന് പിച്ചെങ്കിലും ആവശ്യമാണ്. മെയ് മാസത്തില്‍ പിച്ചിന്റെ നിര്‍മാണം പൂര്‍ത്തിയാക്കി മഴക്കാലം ഉപയോഗപ്പെടുത്തി പിച്ച് പരിപാലനം നടത്തി നവംബറില്‍ മല്‍സരം നടത്താനാകുമെന്നുമുള്ള കണക്കുകൂട്ടലിലാണ് നിലവില്‍ കെസിഎ.
Next Story

RELATED STORIES

Share it