palakkad local

കൊച്ചിപ്പാലത്തിന് സമീപത്തെ തടയണ ഗുണപ്രദമാവുന്നു

ഷൊര്‍ണൂര്‍: ഷൊര്‍ണൂരിനെയും ചെറുതുരുത്തിയെയും ബന്ധിപ്പിച്ച് കൊച്ചിപ്പാലത്തിന് സമീപം ഭാരതപ്പുഴയില്‍ നിര്‍മാണം പുരോഗമിക്കുന്ന സ്ഥിരം തടയണയുടെ ഗുണഫലം ലഭിച്ചു തുടങ്ങി. തടയണയുടെ അടിത്തറ നിര്‍മാണം പൂര്‍ത്തിയായതോടെ ജല അതോറിറ്റിയുടെ പമ്പിങ് കിണറിന്റെ വൃഷ്ടിപ്രദേശത്ത് ജലം സമൃദ്ധമായി കെട്ടി നില്‍ക്കാന്‍ തുടങ്ങിയിട്ടുണ്ട്. ഇതോടെ ഈ വേനലില്‍ തന്നെ പദ്ധതി ഗുണകരമായി തുടങ്ങി.
തടയണയുടെ നിര്‍മാണം തൃശൂര്‍ ജില്ലാ അതിര്‍ത്തിയിലേക്ക് എത്തിയതോടെ ഇവിടേക്ക് നിര്‍മാണ സാമഗ്രികള്‍ എത്തിക്കാന്‍ പുഴക്ക് കുറുകെ റോഡ് നിര്‍മിച്ചതാണ് മുകള്‍ ഭാഗത്തേക്ക് വെള്ളം കെട്ടി നില്‍ക്കാന്‍ പ്രധാനമായും ഇടയാക്കിയത്. തടയണയുടെ അടിത്തറ നിര്‍മാണം ഇനി 50 മീറ്റര്‍ മാത്രമാണ് അവശേഷിക്കുന്നത്. ഇത് ഏതാനും ദിവസങ്ങള്‍ക്കകം പൂര്‍ത്തിയാക്കാനാവും. പുഴയുടെ അടിത്തട്ടില്‍ പാറ കാണുന്നതു വരെ കുഴിയെടുത്താണ് അടിത്തറ പണിയുന്നത്. ജല അതോറിറ്റി മണല്‍ ചാക്കിട്ട് ഇവിടെ താല്‍കാലിക തടയണ നിര്‍മിച്ചാണ് വെള്ളം പമ്പ് ചെയ്യുന്നത്. മൂന്നും നാലും ദിവസം കൂടിയാണ് ഇപ്പോള്‍ നഗരസഭാ പ്രദേശത്ത് കുടിവെള്ളം ലഭിക്കുന്നത്. തടയണയുടെ അടിത്തറ നിര്‍മാണം സുഗമമാക്കുന്നതിനായി കെട്ടി നില്‍ക്കുന്ന വെള്ളം വലിയ ചാല് കീറി ഒഴുക്കിവിട്ടു കൊണ്ടിരിക്കുയാണ്. അടിത്തറക്ക് കീറിയ മീറ്ററുകള്‍ വീതിയുള്ള ചാലില്‍ നിന്നും വലിയ കുതിരശക്തിയുള്ള മോട്ടോര്‍പമ്പ് സെറ്റുകള്‍ പ്രവര്‍ത്തിപ്പിച്ചും വെള്ളം ഒഴുക്കിവിടുന്നുണ്ട്.
Next Story

RELATED STORIES

Share it