Flash News

കൊച്ചിന്‍ റിഫൈനറിയില്‍ വാതക ചോര്‍ച്ച; ജോലിക്കാരെ ഒഴിപ്പിച്ചു



കൊച്ചി: ബിപിസിഎല്‍ കൊച്ചിന്‍ റിഫൈനറി ഐആര്‍ഇപി പ്രൊജക്ട് സൈറ്റില്‍ വാതകച്ചോര്‍ച്ചയെ തുടര്‍ന്ന് കരാര്‍ജോലിക്കാരെ ഒഴിപ്പിച്ചു. ഇന്നലെ ഉച്ചയ്ക്ക് ഒന്നിനായിരുന്നു സംഭവം. റിഫൈനറിയുടെ ഫയര്‍ യൂനിറ്റും ആംബുലന്‍സും സ്ഥലത്തെത്തിയിരുന്നു. ജോലിക്ക് കയറിയവരോട് അസംബ്ലി പോയിന്റില്‍ എത്താന്‍ നിര്‍ദേശം നല്‍കിയതായി ജോലിക്കാര്‍ പറയുന്നു. ഇതര സംസ്ഥാനക്കാരടക്കം പതിനായിരത്തോളം പേരെയാണ് കമ്പനിയിലെ ജോലി സൈറ്റില്‍ നിന്ന് ഒഴിപ്പിച്ചത്. മഴ പെയ്തതോടെ എല്‍പിജിയുടെ രൂക്ഷഗന്ധം കമ്പനിയുടെ 15 കിലോമീറ്റര്‍ ചുറ്റളവില്‍ അനുഭവപ്പെട്ടതായി പ്രദേശവാസികള്‍ പറയുന്നു. കമ്പനി ഗേറ്റില്‍ കൂട്ടംകൂടിനിന്ന തൊഴിലാളികളില്‍ പ്രതാപനെ (47) ദേഹാസ്വാസ്ഥ്യത്തെ തുടര്‍ന്ന് തൃപ്പൂണിത്തുറയിലെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ഛര്‍ദിയും ശ്വാസംമുട്ടലും ഉണ്ടായതിനെത്തുടര്‍ന്ന് റിഫൈനറി ക്വാര്‍ട്ടേഴ്‌സില്‍ താമസിക്കുന്ന തങ്കവേലു (71), സന്തോഷം (68), നിത്യ (32) എന്നിവരെ എറണാകുളത്തെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. പ്ലാന്റ് ട്രയല്‍ റണ്‍ നടത്തിയപ്പോള്‍ ഗ്യാസ് ചോര്‍ച്ച ഉണ്ടായതാണെന്നാണ് പറയപ്പെടുന്നത്. ഏതാനും മാസം മുമ്പുണ്ടായ വാതകച്ചോര്‍ച്ചയില്‍ കമ്പനിയോട് ചേര്‍ന്നുള്ള സ്‌കൂളിലെ കുട്ടികള്‍ക്ക് ബോധക്ഷയം സംഭവിച്ചിരുന്നു. ഇന്നലെയുണ്ടായ വാതകച്ചോര്‍ച്ച കുറേക്കൂടി ശക്തമായിരുന്നു. ശക്തമായ കാറ്റില്‍ വാതകം കിഴക്കന്‍ പ്രദേശങ്ങളിലേക്ക് വ്യാപിച്ചു.
Next Story

RELATED STORIES

Share it