Flash News

കൊച്ചിന്‍ കാന്‍സര്‍ റിസര്‍ച്ച് സെന്റര്‍ 2020 ഓടെ യാഥാര്‍ഥ്യമാവും

കളമശ്ശേരി: കൊച്ചിന്‍ കാന്‍സര്‍ റിസര്‍ച്ച് സെന്ററിന്റെ നിര്‍മാണം 2020ഓടെ പൂര്‍ത്തിയാക്കുമെന്നു മുഖ്യമന്ത്രി പിണറായി വിജയന്‍. കൊച്ചിന്‍ കാന്‍സര്‍ റിസര്‍ച്ച് സെന്ററിന്റെ ശിലാസ്ഥാപനം നിര്‍വഹിച്ച് സംസാരിക്കുകയായിരുന്നു അദ്ദേഹം. എറണാകുളം ഗവ. മെഡിക്കല്‍ കോളജിന്റെ 12.3 ഏക്കര്‍ സ്ഥലത്താണു കാന്‍സര്‍ റിസര്‍ച്ച് സെന്റര്‍ നിര്‍മിക്കുന്നത്. അഞ്ചുലക്ഷം ചതുരശ്ര അടിയില്‍ നിര്‍മിക്കുന്ന കെട്ടിടത്തിന് 235 കോടി രൂപയാണു നിര്‍മാണച്ചെലവ്് പ്രതീക്ഷിക്കുന്നത്. കൂടാതെ ആധുനിക ഉപകരണങ്ങള്‍ വാങ്ങുന്നതിനും മറ്റുമായി 160 കോടി രൂപ ഉള്‍പ്പെടെ ഒന്നാംഘട്ടം പൂര്‍ത്തിയാക്കുന്നതിനു 395 കോടി രൂപ വേണ്ടിവരുമെന്നാണു കരുതുന്നത്. നിര്‍മാണം പൂര്‍ത്തിയാകുമ്പോള്‍ 400 രോഗികളെ കിടത്തി ചികില്‍സിക്കാനും 800ഓളം രോഗികള്‍ക്കു ദിനംപ്രതി ചികില്‍സ തേടാനും കഴിയുംവിധമാണ് റിസര്‍ച്ച് സെന്റര്‍ നിര്‍മിക്കുന്നത്
സമൂഹത്തില്‍ കാന്‍സര്‍ വര്‍ധിക്കുകയാണ്. ഇതിനു കാരണമെന്തെന്നു ശാസ്ത്രലോകം പരിശോധിക്കണമെന്നും മുഖ്യമന്ത്രി പറഞ്ഞു. നമ്മുടെ ചില രീതികളും ജിവിതശൈലികളും കാര്‍ഷികരംഗത്ത് ഇന്ന് ഉപയോഗിക്കുന്ന മാരകവിഷങ്ങള്‍ അടങ്ങിയ രാസവളങ്ങള്‍, മല്‍സ്യങ്ങള്‍ ചീത്തയാവാതിരിക്കാന്‍ ഉപയോഗിക്കുന്ന രാസവസ്തുക്കള്‍ എന്നിവയും രോഗങ്ങള്‍ക്കു കാരണമാവുന്നു. പലപ്പോഴും നമ്മള്‍ക്കു നല്ല ഭക്ഷണം ലഭിക്കുന്നില്ല. മായം ചേര്‍ത്ത ഭക്ഷണം ആണു പലപ്പോഴും ലഭിക്കുന്നത്. ഭക്ഷണത്തി ല്‍ മായം ചേര്‍ക്കുന്നതിനെതിരേ ശക്തമായ നടപടി സ്വീകരിക്കുമെന്നും മുഖ്യമന്ത്രി പറഞ്ഞു.
കാന്‍സറിനെ പ്രതിരോധിക്കാന്‍ മറ്റ് മെഡിക്കല്‍ കോളജുകളിലും ജില്ലാ ആശുപത്രികളിലും സജ്ജീകരണങ്ങള്‍ ഏര്‍പ്പെടുത്തുമെന്നും മുഖ്യമന്ത്രി പറഞ്ഞു. കാന്‍സര്‍ നിയന്ത്രണ ഉപായങ്ങളടങ്ങിയ നയരേഖ മുഖ്യമന്ത്രി, ആരോഗ്യമന്ത്രി കെ കെ ശൈലജയ്ക്കു നല്‍കി പ്രകാശനം ചെയ്തു. പ്രതിവര്‍ഷം 50,000 പേര്‍ക്കു കാന്‍സര്‍ രോഗം പിടിപെടുന്നതായി ചടങ്ങില്‍ അധ്യക്ഷത വഹിച്ച ആരോഗ്യമന്ത്രി കെ കെ ശൈലജ പറഞ്ഞു. ഹെല്‍ത്ത് സര്‍വീസിലേക്കും കാന്‍സര്‍ ചികില്‍സാ സൗകര്യം വ്യാപിപ്പിക്കും. കാന്‍സറിനായുള്ള ആധുനിക ചികില്‍സാ സൗകര്യങ്ങളും പാലിയേറ്റീവ് സംവിധാനങ്ങളും കൂടുതല്‍ മെച്ചപ്പെടുത്തേണ്ടതുണ്ട്. ലോകാരോഗ്യ സംഘടനാ പ്രതിനിധികളും വിദഗ്ധരും ഒത്തുചേര്‍ന്നാണു കേരള കാന്‍സര്‍ കണ്‍ട്രോള്‍ നയരേഖ പുറത്തിറക്കിയിരിക്കുന്നത്. കാന്‍സര്‍ രജിസ്ട്രി തയ്യാറാക്കുന്നതിനുള്ള നടപടികള്‍ പുരോഗമിക്കുകയാണെന്നും മന്ത്രി പറഞ്ഞു.
കാന്‍സര്‍ ചികില്‍സാ രംഗത്ത് പ്രതിരോധത്തിലൂന്നിയ ഗവേഷണത്തിനാണു പ്രാധാന്യം നല്‍കേണ്ടതെന്നു മുഖ്യ പ്രഭാഷണം നടത്തിയ വിദ്യാഭാസ മന്ത്രി പ്രഫ. സി രവീന്ദ്രനാഥ് പറഞ്ഞു. പ്രതിരോധത്തിലൂടെയാണു മാരകമായ പല രോഗങ്ങളും തടഞ്ഞുനിര്‍ത്താന്‍ കഴിഞ്ഞത്. ചികില്‍സാ സാധ്യത വര്‍ധിക്കുന്തോറും രോഗം വര്‍ധിക്കുന്ന അവസ്ഥയാണുള്ളത്. സര്‍ക്കാര്‍ സംവിധാനത്തില്‍ കാന്‍സറിനു പ്രതിരോധത്തിലൂന്നിയ ഗവേഷണമാണു ആവശ്യമെന്നും അദ്ദേഹം പറഞ്ഞു.
വി കെ ഇബ്രാഹീംകുഞ്ഞ് എംഎല്‍എ, പ്രഫ. എം കെ സാനു എന്നിവര്‍ വിശിഷ്ടാതിഥികള്‍ ആയിരുന്നു. എംഎല്‍എമാരായ ഹൈബി ഈഡന്‍, അന്‍വര്‍ സാദത്ത്, കെ ജെ മാക്‌സി, ആന്റണി ജോണ്‍, ജോണ്‍ ഫെര്‍ണാണ്ടസ്, ജില്ലാ കലക്ടര്‍ കെ മുഹമ്മദ് വൈ സഫീറുല്ല, അഡീഷനല്‍ ചീഫ് സെക്രട്ടറി രാജീവ് സദാനന്ദന്‍,  മുന്‍ എംപി പി രാജീവ്, മുന്‍ എംഎല്‍എ പി രാജു, ബി എ അശ്‌റഫ തുടങ്ങിയവര്‍ സംസാരിച്ചു
Next Story

RELATED STORIES

Share it