കൊക്കൂണ്‍ 2018 ഒക്ടോബര്‍ 5, 6 തിയ്യതികളില്‍ കൊച്ചിയില്‍

തിരുവനന്തപുരം: കേരള പോലിസ് സൈബര്‍ സുരക്ഷയെപ്പറ്റി സംഘടിപ്പിക്കുന്ന ഇന്ത്യയിലെ ഏറ്റവും പ്രശസ്തമായ ഡാറ്റാ പ്രൈവസി ആന്റ് ഹാക്കിങ് കോണ്‍ഫറന്‍സായ കൊക്കൂണ്‍ 2018 ഒക്ടോബര്‍ 5, 6 തിയ്യതികളില്‍ കൊച്ചിയില്‍ നടക്കും. കൊച്ചിയിലെ ഹോട്ടല്‍ ഗ്രാന്‍ഡ് ഹയാത്തില്‍ നടക്കുന്ന പതിനൊന്നാമത് എഡിഷനില്‍ ലോകത്തിലെ വിവിധയിടങ്ങളില്‍ നിന്നുള്ള 2000ത്തിലധികം പ്രതിനിധികള്‍ പങ്കെടുക്കും. 40 സെഷനുകളിലായി നടക്കുന്ന കോണ്‍ഫറന്‍സില്‍ 120ലധികം സൈബര്‍ വിദഗ്ധര്‍ പ്രബന്ധങ്ങള്‍ അവതരിപ്പിക്കും. ഇന്ത്യന്‍ പ്രധാനമന്ത്രിയുടെ ഓഫിസിലെ ചീഫ് സെക്യൂരിറ്റി ഓഫിസര്‍ ഡോ. ഗുല്‍ഷന്‍ റായി, മാക്ഫീ അഡ്വാന്‍സ് ത്രെഡ് റിസര്‍ച്ച് സീനിയര്‍ അനലിസ്റ്റ് റയണ്‍ ഷെര്‍‌സ്റ്റോബിറ്റോഫ്, നിസാന്‍ മോട്ടോര്‍ സിഐഒ ടോണി തോമസ്, ഇന്‍ഫര്‍മേഷന്‍ സെക്യൂരിറ്റി തലവന്‍ ബ്രൈയിന്‍ ബയഗബ, ടാറ്റാ കണ്‍സല്‍ട്ടന്‍സി സര്‍വീസ്, ഇന്‍ഡസ്ട്രിയല്‍ റോബോട്ടിക് ആന്റ് കോണിറ്റീവ് സിസ്റ്റം ഗ്ലോബല്‍ ഹെഡ് ഡോ. റോഷി ജോണ്‍, റസ്‌ക്യൂയറിന്റെ പ്രിന്‍സിപ്പല്‍ ട്രെയിനറും സെക്യൂരിറ്റി സ്‌പെഷ്യലിസ്റ്റുമായ റഫേല്‍ ബോക്—സ്‌കര്‍പി, ക്യൂണ്‍ലാന്‍സ് പോലിസിലെ ഡിറ്റക്ടീവ് ഇന്‍സ്‌പെക്ടര്‍ ജോണ്‍ റൗസ്, അമേരിക്കയിലെ ഇന്റര്‍നാഷനല്‍ കണ്‍സ്യൂമര്‍ പ്രൊട്ടക്ഷന്‍ കൗണ്‍സിലര്‍ ബെറ്റ് സി ബ്രോഡര്‍ തുടങ്ങി 120 ഓളം സൈബര്‍ വിദഗ്ധര്‍ വിവിധ സൈബര്‍ വിഷയങ്ങളെ പറ്റി ക്ലാസുകള്‍ നയിക്കും. സൈബര്‍ സുരക്ഷാ രംഗത്ത് ഇന്ന് ഏറെ ചര്‍ച്ചചെയ്യപ്പെടുന്ന സൈബര്‍ മാനേജ്‌മെന്റ്, ഡിജിറ്റല്‍ രംഗത്തെ വിശ്വാസം, റാന്‍സംവെയര്‍, മാമോ ഗെയിം, സൈബര്‍ നിയമം, സുരക്ഷാ ആവശ്യങ്ങള്‍, പൊതു-സ്വകാര്യ പങ്കാളിത്തം തുടങ്ങിയവ ചര്‍ച്ചാവിഷയമാവും. കൂടാതെ ഇത്തവണ വിമാനങ്ങളുടെ സാങ്കേതികവിദ്യയെപ്പോലും വെല്ലുവിളിക്കാന്‍ കഴിയുന്ന രീതിയിലുള്ള ഹാക്കര്‍മാര്‍ അവരുടെ ഹാക്കിങ്് കാഴ്ചപ്പാടുകളും അവതരിപ്പിക്കും. അധ്യാപകര്‍ക്കും വിദ്യാര്‍ഥികള്‍ക്കുമായി പ്രത്യേക സൈബര്‍ സുരക്ഷ വര്‍ക്‌ഷോപ്പും ഇതിന്റെ ഭാഗമായി നടത്തും. സൈബര്‍ സുരക്ഷാ പാഠവിഷയം ആവുന്ന തരത്തിലുള്ള ചര്‍ച്ചകള്‍ നടക്കുന്നതിനിടയിലാണ് അധ്യാപകര്‍ക്കും വിദ്യാര്‍ഥികള്‍ക്കുമായി കോണ്‍ഫറന്‍സില്‍ പ്രത്യേകം ക്ലാസുകള്‍ നടത്തുന്നത്.

Next Story

RELATED STORIES

Share it