കൈവശക്കാര്‍ക്ക് ഉപാധിരഹിത പട്ടയം സമയബന്ധിതമായി നല്‍കും: മന്ത്രി

തിരുവനന്തപുരം: സംസ്ഥാനത്ത് അര്‍ഹരായ ഭൂമി കൈവശക്കാര്‍ക്ക് ഉപാധിരഹിത പട്ടയം സമയബന്ധിതമായി നല്‍കുന്നതിനുള്ള നടപടികള്‍ സര്‍ക്കാര്‍ സ്വീകരിച്ചുവരുകയാണെന്ന് റവന്യൂ മന്ത്രി ഇ ചന്ദ്രശേഖരന്‍. 1960ലെ കേരള ഭൂമി പതിവ് നിയമ പ്രകാരമുള്ള വിവിധ ചട്ടങ്ങള്‍ക്കനുസരിച്ചാണ് സര്‍ക്കാര്‍ ഭൂമി പതിച്ചുനല്‍കുന്നത്. പഞ്ചായത്ത് പ്രദേശങ്ങളില്‍ 1964ലെ കേരള ഭൂമി പതിവ് ചട്ടങ്ങള്‍ അനുസരിച്ചും മുനിസിപ്പല്‍ കോര്‍പറേഷന്‍ പ്രദേശങ്ങളില്‍ 1995ലെ മുനിസിപ്പല്‍ കോര്‍പറേഷന്‍ പ്രദേശങ്ങളിലെ ഭൂമി പതിവ് ചട്ടങ്ങള്‍ അനുസരിച്ചും 1977 ജനുവരി ഒന്ന് മുമ്പ് കൈവശമുള്ള വന ഭൂമി പതിച്ചു നല്‍കുന്നതിന് 1993ലെ പ്രത്യേക ഭൂമി പതിവ് ചട്ടങ്ങള്‍ അനുസരിച്ചുമാണ് ഭൂമി പതിച്ചുനല്‍കുന്നത്. കൂടാതെ, വ്യാവസായിക ആവശ്യം കര്‍ഷക തൊഴിലാളികളുടെ പുനരധിവാസം, റബര്‍ പ്ലാന്റേഷന്‍, വയനാട് കോളനൈസേഷന്‍ സ്‌കീം, ഏലം, തേയില, കോഫി എന്നീ കൃഷി ആവശ്യങ്ങള്‍ക്കു വേണ്ടിയും പ്രത്യേകം ഭൂമി പതിവ് ചട്ടങ്ങള്‍ നിലവിലുണ്ടെന്നും ഇതുസംബന്ധിച്ച രാജു എബ്രഹാമിന്റെ ശ്രദ്ധക്ഷണിക്കല്‍ പ്രമേയത്തിന് മന്ത്രി മറുപടി നല്‍കി.
1964ലെ ഭൂമി പതിവ് ചട്ടങ്ങള്‍ പ്രകാരം ഭൂമി പതിച്ചു നല്‍കുന്നത് വീടുവയ്ക്കുന്നതിനും കൃഷിക്കും ഗുണപരമായ ഉപയോഗത്തിനും വേണ്ടിയാണ്. കൈവശമുള്ള ഭൂമി പതിച്ചു നല്‍കുന്നതിനും കൈവശം ഇല്ലാത്ത ഭൂമി പതിച്ചു നല്‍കുന്നതിനും പ്രത്യേക വ്യവസ്ഥകളാണുള്ളത്. എന്നാല്‍, 2017 ആഗസ്ത് 17ലെ ഉത്തരവ് പ്രകാരം ഭേദഗതി ചട്ടങ്ങള്‍ പുറപ്പെടുവിച്ചിട്ടുണ്ട്. നിലവില്‍ കൈവശമുള്ള ഭൂമി പതിച്ചു നല്‍കുന്ന കേസുകളില്‍ ഭൂമി എപ്പോള്‍ വേണമെങ്കിലും കൈമാറ്റം ചെയ്യാവുന്നതാണ്. കൈവശത്തിലിരിക്കുന്ന ഭൂമി പതിച്ചു നല്‍കുന്നതിനുണ്ടായിരുന്ന വരുമാന പരിധി എടുത്തു കളഞ്ഞതായും മന്ത്രി അറിയിച്ചു.
Next Story

RELATED STORIES

Share it