palakkad local

കൈവല്യ, സ്വവലംബന്‍ പദ്ധതി അവതാളത്തില്‍; പ്രതിഷേധവുമായി ഇന്‍ഡാക്

പാലക്കാട്: ഭിന്നശേഷികാര്‍ക്ക് ലഭിക്കേണ്ട പദ്ധതികള്‍ അട്ടിമറിക്കുന്ന സര്‍ക്കാര്‍ നിലപാടില്‍ പ്രതിഷേധിച്ച് ഇന്ത്യന്‍ നാഷനല്‍ ഡിഫറന്റ്‌ലി എബ്ള്‍ഡ് പീപ്പിള്‍ കോണ്‍ഗ്രസ് (ഇന്‍ഡാക്) 29ന് രാവിലെ 10.30 മുതല്‍ ഹെഡ്‌പോസ്റ്റ് ഓഫിസിന് മുന്നില്‍ ഏകദിന ഉപവാസം സംഘടിപ്പിക്കുമെന്ന് ഭാരവാഹികള്‍ അറിയിച്ചു.
വി ടി ബല്‍റാം എംഎല്‍എ ഉദ്ഘാടനം ചെയ്യും. ഇന്‍ഡാക് രക്ഷാധികാരി അഡ്വ.സുമേഷ് അച്യുതന്‍ ഉപവസിക്കും. ഭിന്നശേഷിക്കാര്‍ക്ക് സ്വയംതൊഴില്‍ വായ്പ നല്‍കുന്ന കൈവല്യ പദ്ധതിയില്‍ അപേക്ഷിച്ച പതിനായിരങ്ങള്‍ക്ക് ഇതുവരെ തുക ലഭിച്ചിട്ടില്ല.
സ്വയംതൊഴില്‍ പരിശീലനം നേടി, ദീര്‍ഘനേരം വരിനിന്ന് വായ്പയക്ക് അപേക്ഷിച്ചവര്‍ക്കാണ് ഈ ദുര്‍ഗതിയുണ്ടായിട്ടുള്ളത്. കൂടാതെ, അംഗപരിമിതര്‍ക്ക് വര്‍ഷംതോറും നല്‍കുന്ന സ്വവലംബന്‍ ആരോഗ്യ ഇന്‍ഷൂറന്‍സ് പദ്ധതിയും അവതളാത്തിലാണ്. അന്ധത, കാഴ്ചക്കുറവ്, കുഷ്ഠരോഗം ചികില്‍സിച്ച് മാറിയവര്‍, കേള്‍വി പ്രശ്‌നമുള്ളവര്‍, ചലനവൈകല്യം, ബുദ്ധിമാന്ദ്യം എന്നിവ അനുഭവിക്കുന്നവര്‍ക്ക് സ്വവലംബന്‍ പരിരക്ഷ ലഭിക്കേണ്ടതാണ്. ഇന്‍ഷൂറന്‍സിന്റെ പ്രീമിയം 90ശതമാനം അടയ്‌ക്കേണ്ടത് കേന്ദ്രസര്‍ക്കാരാണ്.
ഇതില്‍ നിന്നും കേന്ദ്രം പിന്‍വാങ്ങിയതാണ് പദ്ധതിയെ പ്രതിസന്ധിയിലാക്കിയത്.
നിലവില്‍ അംഗപരിമിതരുടെ ക്ഷേമകാര്യങ്ങള്‍ നോക്കുന്നത് സാമുഹികക്ഷേമ വകുപ്പാണ്. വകുപ്പില്‍ മറ്റു നിരവധി ക്ഷേമപദ്ധതികള്‍ നടപ്പാക്കേണ്ടതുള്ളതിനാല്‍ അംഗപരിമിതരുടെ കാര്യം ശ്രദ്ധിക്കുന്നില്ല.
അതുകൊണ്ട് അംഗപരിമിതരുടെ ക്ഷേമപദ്ധതികള്‍ കാര്യക്ഷമമായി നടപ്പാക്കുന്നതിന് പ്രത്യേകം വകുപ്പ് രൂപീകരിക്കണമെന്നും ഇന്‍ഡാക് ആവശ്യപ്പെട്ടു. വാര്‍ത്താ സമ്മേളനത്തില്‍ പ്രസിഡന്റ് വി ജി സജീവ്, രതീഷ് പുതുശ്ശേരി, വി പി കൃഷ്ണദാസ്, രക്ഷാധികാരി സുമേഷ് അച്യുതന്‍ എന്നിവര്‍ പങ്കെടുത്തു.
Next Story

RELATED STORIES

Share it